ഡിഎൻസി കൺവൻഷനിൽ അടുത്ത വ്യാഴാഴ്ച കമല ഹാരിസ് നോമിനേഷൻ സ്വീകരിക്കും
Mail This Article
ഷിക്കാഗോ ∙ അടുത്ത തിങ്കളാഴ്ച ആരംഭിക്കുന്ന ഡെമോക്രാറ്റിക് നാഷണൽ കൺവൻഷൻ നാലു ദിവസം നീണ്ടു നില്കും. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും ഇവർ നോമിനേഷനുകൾ സ്വീകരിച്ചു സംസാരിക്കുകയും ചെയ്യും.
പരമ്പരാഗതമായി നടക്കുന്ന ഈ ചടങ്ങുകൾക്കു ഉദ്‌വേഗത വർധിപ്പിച്ചതു പ്രസിഡന്റ് ജോ ബൈഡന്റെ നിലപാടുകളാണ്. മത്സരരംഗത്തു നിന്ന് പിന്മാറില്ല എന്ന പ്രഖ്യാപനങ്ങൾ ഏതാനും മാസങ്ങളിൽ അനിശ്ചിതത്വം സൃഷ്ടിച്ചു. ഇപ്പോഴും പാർട്ടിയിലെ മുതിർന്ന നേതാക്കൾ പറയുന്നത് തങ്ങൾക്കു ദേശീയ കൺവൻഷന്റെ ഷെഡ്യൂളുകൾ പുന:ക്രമീകരണം നടത്തേണ്ടി വന്നു എന്നാണ്. ഇതിനിടയിൽ മുൻ പ്രസിഡന്റ് ബാരാക് ഒബാമ പാർട്ടിയിൽ ഒരു അതികായനായി ഉയർന്നു. താനാണ് പാർട്ടി എന്ന് പറഞ്ഞിരുന്ന ബൈഡനു താൻ പാർട്ടിയിൽ ആരാണ് എന്ന് തിരിച്ചറിയുവാനുള്ള അവസരവും ഉണ്ടായി. നിലവിൽ ഇപ്രകാരം ആണ് കൺവൻഷനിൽ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നതെന്നു അറിയുന്നു.
ഓഗസ്റ്റ് 19 തിങ്കളാഴ്ചയാണ് കൺവൻഷൻ തുടങ്ങുന്നത്. ഷിക്കാഗോ, ഇല്ലിനോയിലെ മക്കോർമിക് പ്ലേസിലും യുണൈറ്റഡ് സെന്ററിലും ആണ് കൺവൻഷൻ നടക്കുക. 50 സംസ്ഥാനങ്ങളിലും ഡി സിയിലും നിന്നെത്തിയ പ്രതിനിധികൾ പാർട്ടിയുടെ വിജയത്തിന് വേണ്ടി വർധിത വീര്യത്തോടെ പ്രവർത്തിക്കുവാൻ ആഹ്വാനം ഉണ്ടാകും. ആദ്യ രാത്രിയിൽ തന്നെ പ്രസിഡന്റ് ബൈഡൻ കോൺവൻഷനെ അഭിസംബോധന ചെയ്തു സംസാരിക്കും. മിക്കവാറും പാർട്ടിയോട് ബൈഡൻ നടത്തുന്ന അവസാനത്തെ പ്രസംഗമായും ഇതിനെ വിശേഷിപ്പിക്കാം. ഇതിനു മുൻപ് ഡെലിഗേറ്ററുകൾ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യേണ്ട വ്യക്തികൾക്ക് വോട്ടു ചെയ്യും.
രണ്ടാം ദിവസം, ഓഗസ്റ്റ് 20 നു മുൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റണും ബാരാക് ഒബാമയും പ്രസംഗിക്കും. മൂന്നാം ദിവസം വൈസ് പ്രസിഡന്റ് സ്ഥാനാർഥി ടിം വാൽസിന്റെ പ്രസംഗം ഉണ്ടാവും. വൈസ് പ്രസിഡന്റ് കമല ഹാരിസ് പ്രസിഡന്റ് സ്ഥാനാർത്ഥിത്വം സ്വീകരിച്ചു കൊണ്ട് പ്രസംഗിക്കുക നാലാം ദിവസമായ വ്യാഴാഴ്ചയാണ്. അന്നേ ദിവസത്തെ പ്രസംഗകരിൽ മുൻ പ്രഥമ വനിത ഹിലരി ക്ലിന്റണും മുൻ പ്രസിഡന്റ് ജിമ്മി കാർട്ടറിന്റെ കൊച്ചു മകൻ ജേസൺ കാർട്ടറും അന്നേ ദിവസം പ്രസംഗിക്കുമെന്നാണ് കരുതുന്നത്. ഇതിനിടയിൽ മറ്റു പ്രമുഖരായ ഡെമോക്രാറ്റ് നേതാക്കളും വേദിയിലെത്തും എന്ന് കരുതുന്നു.
എ ബി സി യും സി ബി എസും ഓരോ മണിക്കൂർ ദിനം പ്രതി പരിപാടികൾ സംപ്രേഷണം ചെയ്യും. സി സ്പാന് പരിപാടികൾ തുടർച്ചയായി പ്രക്ഷേപണം ചെയ്യും. ഇവക്കു പുറമെ, സി എൻ എൻ ഫോക്സ്, എൻ ബി സി, പി ബി എസ് എന്നീ ചാനലുകളും കവറേജുകൾ നൽകും.