ഓണാഘോഷം ഉജ്വലമാക്കാൻ 'ആരവ'വുമായി സെന്‍റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയം
Mail This Article
ഹൂസ്റ്റൺ ∙ സൺഡേ സ്കൂൾ കെട്ടിടം പണിയുക എന്ന ദൗത്യത്തോടെയാണ് സെന്‍റ് മേരീസ് മലങ്കര ഓർത്തഡോക്സ് ഇടവകാംഗങ്ങൾ ഓണാഘോഷങ്ങളുടെ ഭാഗമായി ആരവം എന്ന പരിപാടിയുമായി രംഗത്തെത്തിയിരിക്കുന്നത്. രമേശ് പിഷാരടിയാണ് ആരവത്തിന് നേതൃത്വം നൽകുന്നത്.
ഗായിക മഞ്ജരി, വിവേകാനന്ദൻ, പ്രദീപ് ബാബു, സുമി അരവിന്ദ് എന്നിവരും മറ്റ് നിരവധി സ്റ്റേജ് കലാകാരന്മാരും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന വലിയ സംഘമാണ് ആരവത്തിന് പിന്നിലുള്ളത്. സെപ്റ്റംബർ 13ന് സ്റ്റാഫോർഡിലെ ഇമ്മാനുവേൽ സെന്‍ററിലാണ് പരിപാടി അരങ്ങേറുക.
പരിപാടിക്ക് മുന്നോടിയായി നടക്കുന്ന സമ്മേളനത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി മുഖ്യാതിഥിയായിരിക്കും. കൂടാതെ, ഫോട്ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജ്, ടെക്സസ് ഡിസ്ട്രക്ട് 76 ഹൗസ് ഓഫ് റെപ്രെസെന്‍ററ്റീവ് ഡോ. സുലൈമാൻ ലലാനി, സ്റ്റാഫോർഡ് മേയർ കെൻ മാത്യു, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, ജഡ്ജ് ജൂലി മാത്യു, ഫോമാ പ്രസിഡന്‍റ് ബേബി മണക്കുന്നേൽ എന്നിവരും അതിഥികളായിരിക്കും.
പള്ളി വികാരി റവ. ഫാദർ ജോൺസൻ പുഞ്ചക്കോണം, ട്രസ്റ്റീ എറിക് മാത്യു, സെക്രട്ടറി സുബിൻ ജോൺ, ജനറൽ കൺവീനർ ജിക്‌സിൽ ജോൺസൻ, ജോയിന്‍റ് കൺവീനർ ജോസഫ് ചെറിയാൻ എന്നിവരാണ് ഈ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.