അമേരിക്കയിലെ വോളിബോൾ മൈതാനത്ത് പ്രതിരോധ കോട്ട കെട്ടി മലയാളി; അഭിമാനമായി കയ്ൽ ആന്റണി
Mail This Article
ഒന്റാരിയോ ∙ വോളിബോളിൽ കേരളത്തിന്‍റെ അടയാളം അമേരിക്കയിലും പതിപ്പിച്ച് യുവതാരം കയ്ൽ ആന്റണി തെക്കേക്ക്. നടനും എഴുത്തുകാരനുമായ തമ്പി ആന്റണിയുടെ മകനായ കയ്ൽ പിതാവിനെ പോലെ ഒൻപതാം നമ്പർ ജേഴ്സിയുമായാണ് കളത്തിൽ ആവേശം തീർത്തത്. വോളിബോള്‍ മൈതാനത്ത് എതിർടീമിന് മുന്നിൽ പ്രതിരോധ കോട്ട കെട്ടിയ ഈ യുവതാരത്തെ ലൂക്കാച്ചൻ മെമ്മോറിയൽ യുഎസ്എ നാഷനൽ വോളിബോൾ ചാംപ്യൻഷിപ്പിൽ മികച്ച സെറ്ററായും മത്സരത്തിലെ മികച്ച പ്രതിരോധ താരമായും തിരഞ്ഞെടുത്തു.
അതിവേഗം ആകാശത്തേക്ക് ഉയർന്ന് ചാടി എതിർടീമിന്‍റെ സ്മാഷുകളെ തകർത്താണ് കലിഫോർണിയ ബ്ലാസ്റ്റേഴ്സിന്റെ നായകനായ ഈ മലയാളി താരം ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ജംപിങ് സെർവുകളും സ്മാഷുകളുടെ വശ്യതയുമല്ലാം ഈ യുവതാരത്തിന്‍റെ മികവ് പ്രകടമാക്കുന്നു. വായുവിൽ ഉയർന്ന് നിന്ന് എതിർ ടീമിന് തടുക്കാൻ കഴിയാത്ത ശക്തിയിൽ ചടുലമായ സ്മാഷുകൾ കൊണ്ടാണ് കയ്ൽ വോളിബോളിൽ അമേരിക്കകയുടെ ഭാവി പ്രതീക്ഷയായി മാറുന്നത്.
കേരളത്തിൽ എൻജിനീയറിങ് വിദ്യാർഥിയായിരുന്നപ്പോൾ തമ്പി ആന്റണി ധരിച്ചിരുന്ന 9-ാം നമ്പർ ജേഴ്സിയാണ് കയ്ൽ ആന്റണിയും തിരഞ്ഞെടുത്തത്. തമ്പി ആന്റണിയുടെ ജ്യേഷ്ഠൻ ജോസഫ് ആന്റണി കേരള സ്റ്റേറ്റ് വോളിബോൾ ടീമിനായി കളിച്ചിട്ടുണ്ട്. നടനും തമ്പി ആന്റണിയുടെ ഇളയ സഹോദരനുമായ ബാബു ആന്റണി പൂനെ യൂണിവേഴ്സിറ്റി വോളിബോൾ ടീമിന്റെയും സ്പോർട്സ് ടീമിന്റെയും ക്യാപ്റ്റനായിരുന്നു.
ലൂക്കാച്ചൻ മെമ്മോറിയൽ യുഎസ്എ നാഷനൽ വോളിബോൾ ചാംപ്യൻഷിപ്പിൽ കലിഫോർണിയ ബ്ലാസ്റ്റേഴ്സ് ടീമിലെ ബ്രാൻഡൻ കൈതത്തറ മികച്ച ഹിറ്റർ അവാർഡ് നേടി. യുഎസിലും കാനഡയിലും എല്ലാ വർഷവും രണ്ട് പ്രധാന നാഷനൽ വോളിബോൾ ടൂർണമെന്റുകളാണ് നടക്കാറുള്ളത്. ജിമ്മി ജോർജ് മെമ്മോറിയൽ ടൂർണമെന്റും ലൂക്കാച്ചൻ മെമ്മോറിയൽ ടൂർണമെന്റും. കാനഡയിലെ നയാഗ്രയിലാണ് എൻ കെ ലൂക്കോസ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് നടക്കുന്നത്. ശനിയാഴ്ച നടന്ന ടൂർണമെന്റിൽ ഫിലഡൽഫിയയാണ് ജേതാക്കൾ. അതേസമയം മികച്ച കളിക്കാർക്കുള്ള അവാർഡുകൾ നേടിയത് റണ്ണർ അപ്പായ കലിഫോർണിയ ബ്ലാസ്റ്റേഴ്സാണ്.
2022ലും കയ്‌ലിന്റെ ക്യാപ്റ്റൻസിയിൽ കലിഫോർണിയ ബ്ലാസ്റ്റേഴ്സായിരുന്നു ചാംപ്യന്മാർ. ടോമി പഴേമ്പള്ളിൽ (മാനേജർ), പ്രിൻസ് ഗോത്ര (വൈസ് ക്യാപ്റ്റൻ), അഭിലാഷ് പഴേമ്പള്ളിൽ, ജെഫ്രി ജോൺ, നീൽ ചിറ്റാട്ട്, അഫ്സൽ പീർമുഹമ്മദ്, ജോർജ് മാത്തൻ, ടോമി മാത്തൻ, സൈമൺ തോമസ് എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങൾ.