ഷിക്കാഗോയിൽ ട്രെയിനിൽ വെടിയേറ്റ് നാല് പേർ മരിച്ചു; അക്രമിയെന്ന് സംശയിക്കുന്നയാള്‍ അറസ്റ്റിൽ
Mail This Article
ഷിക്കാഗോ ∙ യുഎസ് തൊഴിലാളി ദിനമായ ഇന്നലെ ഷിക്കാഗോയ്ക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഫോറസ്റ്റ് പാർക്കിലെ ട്രെയിൻ സ്റ്റേഷനിൽ നാലു പേർ വെടിയേറ്റ് മരിച്ചു. മൂന്ന് പേർക്ക് വെടിയേറ്റു എന്നറിയിച്ച് പുലർച്ചെ 5.30 ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. മൂന്ന് പേർ സംഭവ സ്ഥലത്തുവച്ചു മരിച്ചു. ഒരാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി.
അക്രമിയെന്ന് സംശയിക്കുന്നയാൾ രക്ഷപ്പെട്ടെങ്കിലും പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇയാളെ കസ്റ്റഡിയിലെടുത്തു. കൈവശം ഉണ്ടായിരുന്ന തോക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് ഫോറസ്റ്റ് പാർക്ക് പൊലീസ് ഡപ്യൂട്ടി ചീഫ് ക്രിസ്റ്റഫർ ചിൻ പറഞ്ഞു. പൊതുഗതാഗത സംവിധാനത്തിൽ വച്ചുള്ള ആക്രമണമായതിനാല്‍ ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വെടിവയ്പ്പുമായി ബന്ധപ്പെട്ട് ഫോറസ്റ്റ് പാർക്ക് പൊലീസ്, ഷിക്കാഗോ പൊലീസ്, വെസ്റ്റ് സബർബൻ മേജർ ക്രൈംസ് ടാസ്‌ക് ഫോഴ്‌സ്, ഷിക്കാഗോ ട്രാൻസിറ്റ് അതോറിറ്റി എന്നിവർ സംയുക്തമായി അന്വേഷണം നടത്തുന്നുണ്ട്.