ADVERTISEMENT

ടൊറോന്‍റോ ∙ 11 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ടൊറോന്‍റോ രാജ്യാന്തര ചലച്ചിതോത്സവം - 2024 സെപ്റ്റംബര്‍ അഞ്ചിന്‌ ആരംഭിക്കുകയായി. ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ചലച്ചിത്രപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും പ്രേക്ഷകരും എത്തിത്തുടങ്ങി. 25 പ്രദര്‍ശനശാലകളാണ്‌ ഇതിനായി തയ്യാറെടുത്തു നില്‍ക്കുന്നത്. 84 രാജ്യങ്ങളുടെ പ്രാതിനിധ്യങ്ങളോടെ 236 മികച്ച മുഴുനീളചലച്ചിത്രങ്ങള്‍ക്കൊപ്പം രണ്ടു ഡസന്‍ ഹ്രസ്വചിത്രങ്ങളും പ്രദര്‍ശനപട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഇവിടെനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മിക്ക ചിത്രങ്ങളും അടുത്തവര്‍ഷത്തെ ഓസ്ക്കര്‍ നോമിനേഷനുകളില്‍ എത്താറുണ്ടെന്നുള്ളത് ടൊറോന്‍റോ മേളയുടെ ഖ്യാതി വര്‍ദ്ധിപ്പിക്കുന്നുണ്ട്. പ്രശസ്ത സം‌വിധായകരും അഭിനേതാക്കളും സാങ്കേതികപ്രവര്‍ത്തകരും ഉള്‍പ്പെടുന്ന അഭിമുഖങ്ങളും, നിര്‍മ്മാണ വിതരണ ശൃംഖല ശക്തിപ്പെടുത്താനുപകരിക്കുന്ന ചലച്ചിത്രവിപണിയും ഈ മേളയുടെ പ്രധാന ആകര്‍ഷണങ്ങളില്‍‌പ്പെടുന്നു.

ഇന്ത്യന്‍ പ്രാതിനിധ്യമുള്ള ഏഴ് ചിത്രങ്ങളാണ്‌ ഇവിടെ പ്രദര്‍ശിപ്പിക്കപ്പെടുന്നത്. അതിലെ പ്രധാന നാലുചിത്രങ്ങളും സം‌വിധാനം ചെയ്തിരിക്കുന്നത് വനിതകളാണെന്നുള്ളത് ശ്രദ്ധേയമാണ്‌. കാന്‍ ഫെസ്റ്റിവലില്‍ ഗ്രാന്‍റ് പ്രീ നേടിയ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' (സം‌വിധായിക : പായല്‍ കപാഡിയ), 'സൂപ്പര്‍ ബോയ്‌സ് ഒഫ് മലേഗാവ്' (സംവിധായിക: റീമ കാഗ്‌തി), 'ബൂങ്' (സം‌വിധായിക : ലക്ഷ്മിപ്രിയ ദേവി), 'സന്തോഷ്' (സം‌വിധായിക : സന്ധ്യ സൂരി), ഷുക്ക് (സം‌വിധായകന്‍ : അമര്‍ വാല) എന്നീ ചിത്രങ്ങളോടൊപ്പം ശ്രീനിവാസ് കൃഷ്‌ണന്‍റെ 1991 ലെ ചിത്രമായ 'മസാല' (കനേഡിയന്‍ ക്ലാസ്സിക്ക്) യും, രാജ് കപൂറിന്‍റെ 1951 ലെ 'ആവാരാ' (TIFF Classic) യും ആണ്‌ അവ.

 All We Imagine As Light തിരക്കുപിടിച്ച നഗരജീവിതങ്ങളാണ്‌ പ്രമേയമാക്കിയിരിക്കുന്നത്. മുംബൈ നഗരത്തില്‍ ജീവിക്കുന്ന രണ്ടു മലയാളി നഴ്‌സുമാരുടെ ജീവിതം പറയുന്ന കഥയില്‍ മഹാരാഷ്ട്രയിലെ രത്‌നഗിരി കൂടി പശ്ചാത്തലമായി വരുന്നുണ്ട്. വ്യക്തിജീവിതത്തിലെ വിഷമതകളോടൊപ്പം അവര്‍ക്ക് നേരിടേണ്ടിവരുന്നത് ആണധികാരത്തിന്‍റെ പിന്തുടര്‍ച്ചയിലുള്ള നാട്ടിലെ പ്രശ്നങ്ങള്‍ കൂടിയാണ്‌. 

നമ്മുടെ തീവ്രമായ ആഗ്രഹങ്ങള്‍ക്കൊപ്പം നല്ല സുഹൃത്തുക്കള്‍ കൂടിയുണ്ടെങ്കില്‍ ഈ ലോകം മുഴുവന്‍ നമ്മുടെ കൂടെയുണ്ടാവും എന്ന പറച്ചിലിന്‍റെ സഫലീകരണം കൂടിയാണ്‌, റീമ കാഗ്‌തിയുടെ 'സൂപ്പര്‍ ബോയ്‌സ് ഒഫ് മലേഗാവ്' എന്ന ചിത്രം തെളിയിക്കുന്നത്.  മഹാരാഷ്ട്രയിലെ മലേഗാവില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവമാണ്‌ ചിത്രത്തിന്‍റെ കഥയ്ക്ക് ആധാരമായിട്ടുള്ളത്.   ചിത്രത്തിന്‍റെ തിരക്കഥയെഴുതുന്നതില്‍ സം‌വിധായികയ്‌ക്കൊപ്പം ചേന്നിരിക്കുന്നത് വരുണ്‍ ഗ്രോവര്‍ ആണ്‌. ആദര്‍ശ് ഗൗരവ്, ശശാങ്ക് അറോറ, വിനീത് കുമാര്‍ എന്നിവര്‍   പ്രധാന വേഷങ്ങളിടുന്നു ഈ ചിത്രത്തില്‍.

അസമിലെ തിന്‍സുഖിയ ജില്ലക്കാരിയായ റീമ കാഗ്‌തി  മീര നയ്യാര്‍, ഫര്‍ഹാന്‍ അക്‌തര്‍, അശുതോഷ് ഗൊവാരികര്‍ എന്നിവരുടെ മുന്‍‌ചിത്രങ്ങളിലെ സഹസം‌വിധായികയായിരുന്നു. റീമ, സോയ അക്‌തറുമായി ചേര്‍ന്നുള്ള സം‌രംഭമായ ടൈഗര്‍ ബേബി ഫിലിംസ് ആണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നവാഗതയായ മണിപ്പുരി സം‌വിധായികയായ ലക്ഷ്മിപ്രിയ ദേവിയുടെ ചിത്രമാണ്‌ 'ബൂങ്' (Boong). ജീവിതത്തിലെ പ്രത്യക്ഷവും പരോക്ഷവുമായ നിരവധി പ്രതിബന്ധങ്ങളെ തരണം ചെയ്ത്, സ്വന്തം പിതാവിനെത്തേടി അതിര്‍ത്തികള്‍ കടന്നു യാത്ര ചെയ്യുന്ന ബൂങ് എന്ന ആണ്‍‌കുട്ടിയുടെ കഥയാണിത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ നേരിടുന്ന ചരിത്രപരമായ ഒട്ടേറെ പ്രശ്നങ്ങളും ഈ ചിത്രത്തില്‍ കടന്നുവരുന്നുണ്ട്.

മരിച്ചുപൊയെന്ന് കരുതിയിരുന്ന ജോയ് കുമാര്‍ എന്ന അച്ഛനെത്തേടിയാണ്‌ ബൂങും അവന്‍റെ രാജസ്ഥാനി കൂട്ടുകാരനായ രാജുവും യാത്ര ചെയ്യുന്നത്. അവസാനം, അമ്മ മന്ദാകിനിയുടെ മുമ്പിലേയ്ക്ക് അച്ഛനെ എത്തിച്ച് അത്ഭുതപ്പെടുത്തുന്ന കഥയില്‍ പ്രധാന വേഷങ്ങളിടുന്നത് ബാല ഹിജാം, ഗുഗുന്‍ കിപ്‌ഗെന്‍, ആന്‍‌ഗോം സനമാതും എന്നിവരാണ്‌. ഫര്‍ഹാന്‍ അക്‌തറിന്‍റേയും, രാജ്‌കുമാര്‍ ഹിരാനിയുടേയും സഹസം‌വിധായികയായി പ്രവര്‍ത്തിച്ചിട്ടുള്ള ലക്ഷ്‌മിപ്രിയ ദേവിയുടെ ചിത്രത്തിന്‍റെ ആഗോള പ്രദര്‍ശനോദ്‌ഘാടനമാണ്‌ ടൊറോന്‍റോയില്‍ നടക്കുന്നത്.

ബ്രിട്ടീഷ്-ഇന്ത്യന്‍ എഴുത്തുകാരിയും സം‌വിധായികയുമായ സന്ധ്യ സൂരിയുടെ ഹിന്ദിചിത്രമായ 'സന്തോഷ്' ടൊറോന്‍റോ മേളയിലെ വേറൊരു ഇന്ത്യന്‍ സാന്നിദ്ധ്യമാണ്‌. ആണധികാരകേന്ദ്രീകൃതമായ പൊലീസ് സേനയിലേയ്ക്ക് കടന്നുവരുന്ന സന്തോഷ് എന്നു പേരുള്ള വനിതയുടെ വിജയങ്ങളുടെ കഥയാണിത്. ഷഹാന ഗോസ്വാമിയും സുനിത് രാജ്‌വറുമാണ്‌ പ്രധാന അഭിനേതാക്കള്‍. നിലവിലുള്ള അധാര്‍മ്മികതകളെ വെല്ലുവിളിച്ചുകൊണ്ടു മുന്നേറുന്ന രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ വേഷങ്ങളിലാണിവര്‍ ചിത്രങ്ങളില്‍ വരുന്നത്.

ഇംഗ്ലണ്ടിലെ നാഷനല്‍ ഫിലിം ആന്‍റ് ടെലിവിഷന്‍ സ്കൂളില്‍ നിന്നു പരിശീലനം നേടിയ സന്ധ്യ സൂരി ടൊറോന്‍റോക്കാര്‍ക്ക് ഒട്ടും അപരിചിതയല്ല. 2018 ലെ ചലച്ചിത്രമേളയില്‍ മികച്ച ഹ്രസ്വചിത്രമായി തിരഞ്ഞെടുക്കപ്പെട്ട 'ദ ഫീല്‍‌ഡ്' സന്ധ്യയാണ്‌ സം‌വിധാനം ചെയ്‌തിരുന്നത്. ഈ ചിത്രത്തിന്‍റെ സാങ്കേതിക വിദഗ്‌ധരില്‍ ഏറിയ പങ്കും വിദേശീയരാണ്‌.

തന്‍റെ ആദ്യനോവല്‍ വില്‍ക്കാനുള്ള തത്രപ്പാടുകള്‍ക്കിടയില്‍, വേര്‍പിരിഞ്ഞ് താമസിക്കുന്ന അച്ഛന്‍റെ പാര്‍ക്കിന്‍സന്‍ രോഗം ഉണ്ടാക്കുന്ന വിഷമതകളാണ്‌, മുംബൈയില്‍ ജനിച്ച് ഇപ്പൊള്‍ ടൊറോന്‍റോ നിവാസിയായ അമര്‍ വാലയുടെ 'ഷുക്ക്' (Shook) എന്ന ചിത്രം പറയുന്നത്. ഇത് അദ്ദേഹത്തിന്‍റെ ആദ്യ കഥാചിത്രമാണ്‌. കാരെന്‍ ഹാര്‍നിഷിനൊപ്പം ചേര്‍ന്ന് അമര്‍ വാല തന്നെ നിര്‍മ്മിച്ച ഈ ചിത്രം സ്കാര്‍ബറോ പിക്‌ചേര്‍‌സ് ആണ്‌ പുറത്തിറക്കുന്നത്. സാമെര്‍ ഉസ്‌മാനിയും ആമി ഫോര്‍സിത്തുമാണ്‌ പ്രധാനവേഷങ്ങളില്‍ വരുന്നത്. 'ദ സീക്രറ്റ് ട്രയല്‍' എന്ന വാര്‍ത്താചിത്രത്തിന്‌ മുമ്പ്  അമറിനു പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ശ്രീനിവാസ് കൃഷ്‌ണയുടെ  1991 ലെ ചിത്രമായ 'മസാല' കനേഡിയന്‍ ക്ലാസ്സിക് ചിത്രങ്ങളുടെ പട്ടികയില്‍ ഇത്തവണ ടൊടോന്‍റോയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. തെക്കനേഷ്യന്‍ ജനതയുള്‍പ്പെടുന്ന സാംസ്ക്കാരികവൈവിധ്യം കഥാതന്തുവാകുന്ന ആദ്യകാല കനേഡിയന്‍ ചിത്രമാണ്‌ 'മസാല'. കഥാനായകനായ കൃഷ്‌ണയുടെ വേഷം സം‌വിധായകന്‍ തന്നെയാണ്‌ ചെയ്തിരിക്കുന്നത്. കൃഷ്‌ണയുടെ മാതാപിതാക്കള്‍ 1985 ലെ എയര്‍ ഇന്ത്യ ബോംബ് സ്ഫോടനത്തില്‍ മരിക്കുന്നതോടെ അയാള്‍ വിഷാദരോഗത്തിനും ലഹരിമരുന്നുകള്‍ക്കും അടിപ്പെടുന്നു. ബന്ധുമിത്രാദികള്‍ക്കിടയില്‍ താളം തെറ്റിയ ജീവിതവുമായി പൊരുത്തപ്പെടാനാവാതെ ജീവിക്കേണ്ടിവരുന്ന നായകന്‍റെ ഭ്രമാത്മകകഥ ബോളിവുഡ് നിറപ്പകിട്ടോടെയാണ്‌ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഈ ചിത്രത്തില്‍ സം‌വിധായകനൊപ്പം അഭിനയിച്ചിരിക്കുന്നത് പ്രശസ്ത അഭിനേതാക്കളായ സയ്യദ് ജാഫ്രി, സക്കീന ജാഫ്രി, സൊഹ്‌റ സെഹ്‌ഗല്‍ എന്നിവരാണ്‌.

രാജ് കപൂറിന്‍റെ 1951 ലെ പ്രശസ്ത ചിത്രം 'ആവാരാ' TIFF Classic Category യില്‍ ഇക്കുറി പ്രദര്‍ശിപ്പിക്കുന്നത് മഹാനായ ആ ഇന്ത്യന്‍ ചലച്ചിത്രകാരന്‍റെ ജന്മശതാബ്ദിക്കൊരു തിലകക്കുറി ആയിട്ടാണ്‌. ഇന്ത്യന്‍ സിനിമയിലെ ഈ അതികായന്‍റെ  ലോകപ്രശസ്തിയാര്‍ജ്ജിച്ച ചിത്രമാണ്‌ 'ആവാരാ'. 4K യില്‍ വീണ്ടെടുത്ത ചിത്രമാണിത്. 1953 ല്‍ ഈ ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം നേടിയിരുന്നു.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള   അഞ്ചുലക്ഷത്തോളം പ്രേക്ഷകരാണ്‌ കഴിഞ്ഞ മേളയില്‍ പങ്കെടുത്തത്. ചലച്ചിത്രപ്രദര്‍ശനങ്ങള്‍ക്കൊപ്പം ചലച്ചിത്രവിദ്യാര്‍ത്ഥികള്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഉപകാരപ്പെടുന്ന വിവിധ ചലച്ചിത്രപ്രവര്‍ത്തനങ്ങള്‍ നടക്കുന്നൊരിടം കൂടിയാണ്‌ ടൊറോന്‍റോ. അതുകൊണ്ടുതന്നെ രാജ്യാന്തരചലച്ചിത്രമേളക്കാലം (സെപ്റ്റംബര്‍ 5 മുതല്‍ 15 വരെ)  നഗരകേന്ദ്രം ആഘോഷത്തിമിര്‍പ്പിലാണ്‌.
(വാർത്ത ∙ സുരേഷ് നെല്ലിക്കോട്)

English Summary:

49th Toronto International Film Festival with seven Indian films

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com