രാഹുൽ ഗാന്ധി സെപ്റ്റംബർ 8 മുതൽ10 വരെ യുഎസ് സന്ദർശിക്കും
Mail This Article
വാഷിങ്ടൻ ഡിസി ∙ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സെപ്റ്റംബർ 8 മുതൽ സെപ്റ്റംബർ 10 വരെ യുഎസ് സന്ദർശിക്കും. വാഷിങ്ടൻ ഡിസി, ഡാലസ്, ടെക്സസ് സർവകലാശാല തുടങ്ങിയ സ്ഥലങ്ങളിലെ പൊതുസമ്മേളനങ്ങളിലും പങ്കെടുക്കും.
ലോക്‌സഭ പ്രതിപക്ഷ നേതാവായതിന് ശേഷം രാഹുൽ ഗാന്ധിയുടെ ആദ്യ യുഎസ് സന്ദർശനത്തിൻ്റെ വിശദാംശങ്ങൾ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിട്രോഡ ശനിയാഴ്ച പങ്കുവച്ചു. സെപ്റ്റംബർ എട്ട് മുതൽ പത്ത് വരെ ഹ്രസ്വമായ സന്ദർശനത്തിനായാണ് കോൺഗ്രസ് നേതാവ് യുഎസിലേക്കെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബർ എട്ടിന് ഡാലസിലും സെപ്റ്റംബർ 9, 10 തീയതികളിൽ വാഷിങ്ടൻ ഡിസിയിലും ഉണ്ടാകും. ടെക്സസ് യൂണിവേഴ്സിറ്റി വിദ്യാർഥികളായും അക്കാദമിക് വിദഗ്ധരുമായും അദ്ദേഹം ആശയവിനിമയം നടത്തുമെന്നും സാം പിട്രോഡ അറിയിച്ചു.
തിങ്ക് ടാങ്കുകൾ, നാഷനൽ പ്രസ് ക്ലബ് എന്നിവയുൾപ്പെടെ വിവിധ ആളുകളുമായി സമാനമായ ആശയവിനിമയം നടത്താൻ പദ്ധതിയിട്ടിരിക്കുന്നതായും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മേധാവി പറഞ്ഞു.