ADVERTISEMENT

ഫിലഡല്‍ഫിയ ∙ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രവും മൈനര്‍ ബസിലിക്കയുമായ ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈനിലേക്ക് എട്ടുനോമ്പിനോടനുബന്ധിച്ച് ആണ്ടുതോറും നടത്തിവരുന്ന  പ്രാര്‍ഥനാപൂര്‍ണമായ മരിയന്‍തീര്‍ത്ഥാടനവും വേളാങ്കണ്ണിമാതാവിന്റെ തിരുനാളും  സെപ്റ്റംബര്‍ 7ന് നടക്കും.

feast-of-mother-velankanni-at-philadelphia-germantown-1

ജര്‍മ്മന്‍ടൗണിനു തിലകമായി നിലകൊള്ളുന്ന മിറാക്കുലസ് മെഡല്‍ തീര്‍ഥാടനകേന്ദ്രത്തില്‍ തുടര്‍ച്ചയായി  പതിമൂന്നാം വര്‍ഷമാണു വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിക്കപ്പെടുന്നത്. വിവിധ ഇന്‍ഡ്യന്‍ ക്രൈസ്തവസമൂഹങ്ങളുടെയും ഫിലാഡല്‍ഫിയാ സിറോമലബാര്‍ ഫൊറോനാപള്ളിയുടെയും സഹകരണത്തോടെ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രമാണു തിരുനാളിനു നേതൃത്വം നല്‍കുന്നത്. 

സെപ്റ്റംബര്‍ 7ന് വൈകുന്നേരം 4 മുതല്‍ ആരംഭിക്കുന്ന തിരുനാള്‍ കര്‍മ്മങ്ങളിലേക്ക് എല്ലാ മരിയഭക്തരെയും വിശ്വാസികളെയും സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് മിറാക്കുലസ് മെഡല്‍ ഷ്രൈന്‍ റെക്ടര്‍ ഫാ. തിമോത്തി ലയണ്‍സ്, സീറോമലബാര്‍പള്ളി വികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍, കൈക്കാരന്മാര്‍ എന്നിവര്‍ സംയുക്തമായി ക്ഷണിക്കുന്നു.

കിഴക്കിന്റെ ലൂര്‍ദ് എന്നറിയപ്പെടുന്ന വേളാങ്കണ്ണിയിലെ ആരോഗ്യമാതാവിന്റെ (Our Lady of Good Health) തിരുസ്വരൂപം 2012 സെപ്റ്റംബര്‍ എട്ടിനാണു ഫിലഡല്‍ഫിയാ ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈനില്‍ ആശീര്‍വദിച്ചു പ്രതിഷ്ഠിക്കപ്പെട്ടത്. അന്നുമുതല്‍ ഒരു വ്യാഴവട്ടക്കാലമായി മുടക്കം വരാതെ എല്ലാ വര്‍ഷങ്ങളിലും ഈ തിരുനാള്‍ ആഘോഷമായി നടത്തിവരുന്നു. മൈനര്‍ ബസിലിക്കയായി ഉയര്‍ത്തപ്പെട്ടതിനുശേഷം ഇതു രണ്ടാം തവണയാണു വേളാങ്കണ്ണിമാതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്നത്.

എല്ലാ തിങ്കളാഴ്ച്ചയും ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈനില്‍ രാവിലെ മുതല്‍ വൈകിട്ട് വരെ വിവിധ സമയങ്ങളില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയിലും നൊവേനയിലും മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകൾ പങ്കെടുക്കാറുണ്ട്. 

മിറാക്കുലസ് മെഡല്‍ നൊവേന, ആഘോഷമായ തിരുനാള്‍ കുര്‍ബാന, വേളാങ്കണ്ണി മാതാവിന്റെ നൊവേന, വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം, വിവിധ ഇന്‍ഡ്യന്‍ ഭാഷകളിലുള്ള ജപമാലപ്രാര്‍ത്ഥന, തിരുസ്വരൂപം വണങ്ങി നേര്‍ച്ചസമര്‍പ്പണം എന്നിവയാണു തിരുനാള്‍ ദിവസത്തെ തിരുക്കര്‍മ്മങ്ങള്‍. 

സിറോമലബാര്‍ പള്ളി വികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍, റവ. ഫാ. സിമ്മി തോമസ് (സെന്റ് ജോര്‍ജ് സിറോമലബാര്‍, പാറ്റേഴ്സണ്‍, ന്യൂജേഴ്സി), റവ. ഫാ. വര്‍ഗീസ് സ്രാംബിക്കല്‍ വി. സി. (ചാപ്ലൈന്‍, കൂപ്പര്‍ ഹോസ്പിറ്റല്‍, കാംഡന്‍, ന്യൂജേഴ്സി), റവ. ജോണ്‍ കെറ്റില്‍ബര്‍ഗര്‍ സി. എം. (സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് മിറാക്കുലസ് മെഡല്‍ ഷ്രൈന്‍) എന്നിവര്‍ തിരുക്കര്‍മ്മങ്ങള്‍ക്കു നേതൃത്വം വഹിക്കും.

സിറോമലബാര്‍ ഇടവകവികാരി റവ. ജോര്‍ജ് ദാനവേലില്‍, കൈക്കാരന്മാരായ കൈക്കാരന്മാരായ സജി സെബാസ്റ്റ്യന്‍, ജോജി ചെറുവേലില്‍, ജോസ് തോമസ് (തിരുനാള്‍ കോര്‍ഡിനേറ്റര്‍), പോളച്ചന്‍ വറീദ്, ജെറി കുരുവിള, സെക്രട്ടറി ടോം പാറ്റാനിയില്‍ എന്നിവരുടെ നേതൃത്വത്തിൽ പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഭക്തസംഘടനകള്‍, മതബോധനസ്കൂള്‍ എന്നിവർ തിരുനാളിന്റെ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു.

English Summary:

Feast of Mother Velankanni at Philadelphia Germantown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com