പ്രചാരണത്തിന് വൻ തുക ചെലവഴിച്ച് സ്ഥാനാർഥികൾ
Mail This Article
വാഷിങ്‌ടൻ ∙ യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഡെമോക്രാറ്റിക് സ്ഥാനാർഥി വൈസ് പ്രസിഡന്‍റ് കമല ഹാരിസും റിപ്പബ്ലിക്കൻ സ്ഥാനാർഥി മുൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപും മില്യൻ കണക്കിന് ഡോളറുകൾ ചെലവഴിക്കുന്നതായി റിപ്പോർട്ട്. ഓരോ ദിവസവും ധനാഭ്യർഥനകൾ വർധിക്കുകയാണ്.
കമല ഹാരിസിന് 'മാറിമറിയൽ' പതിവുള്ള (സ്വിങ്) 7 സംസ്ഥാനങ്ങളിൽ മാത്രം 300 കോർഡിനേറ്റഡ് ഓഫിസുകളും 2000 ജീവനക്കാരുമുണ്ട് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ട്രംപിന്‍റെ പ്രചാരണ വിഭാഗത്തിന്‍റെ പൊളിറ്റിക്കൽ ഡയറക്ടർ ബ്ലൈർ ഇത് അംഗീകരിക്കുന്നില്ല. ഇത്രയും വലിയ നെറ്റ്‌വർക്ക് എതിരാളികൾക്കു ഉണ്ടാവാൻ സാധ്യത ഇല്ല എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ട്രംപിന്‍റെ പ്രചാരണ വിഭാഗം വ്യവസായ ഭീമൻ ഇലോൺ മസ്കിന്‍റെ പിന്തുണ ഉയർത്തികാട്ടി തങ്ങളും മോശക്കാരല്ല എന്ന് പറയുന്നു.
പ്രധാനപ്പെട്ട സംസ്ഥാനങ്ങളിൽ തങ്ങൾക്കു 100 ഓഫിസുകളുണ്ട്, റിപ്പബ്ലിക്കൻ പാർട്ടിയുടെ നിലവിലുള്ള 200 ഓഫിസുകൾ ഈ തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ സ്ഥാനാർഥികളുടെ വിജയത്തിന് വേണ്ടി പ്രവർത്തിക്കും എന്നും പറഞ്ഞു.
പണം ഒഴുക്കി പ്രചാരണം നടത്തുന്ന കാര്യത്തിലും ഇരുവരും ഒപ്പത്തിനൊപ്പം നിൽക്കുന്നു. എതിരാളിയെക്കാൾ കൂടുതൽ പണം മുടക്കാൻ യാതൊരു മടിയും ഇല്ല എന്ന ധാരണയാണ് പരത്തുന്നത്. ഹാരിസിന്‍റെ പ്രചാരണത്തിന് അവരുടെ സ്വന്തം ടീമും ഒരു സൂപ്പർ പിഎസിയും ഉണ്ട്. ടെലിവിഷൻ, റേഡിയോ പരസ്യങ്ങൾക്ക് മാത്രം ചൊവ്വാഴ്ച മുതൽ തിരഞ്ഞെടുപ്പ് തീയതി വരെ 280 മില്യൻ ഡോളർ മാറ്റി വച്ചിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം. ഈ വിവരങ്ങൾ ആഡ് ഇംപാക്ട് എന്ന സ്ഥാപനം ശേഖരിച്ചതാണ്. ഇതിനെ നേരിടുന്നതിനായി ട്രംപ് ക്യാംപ് മാറ്റി വച്ചിരിക്കുന്നത് 133 മില്യനാണ്.
പെൻസിൽവേനിയയിൽ രണ്ടു സ്ഥാനാർഥികളും ഏതാണ്ട് സമാനമായ രീതിയിലാണ് പണം ചെലവഴിക്കുന്നത്. ഇനിയുള്ള ദിനങ്ങളിൽ (തിരഞ്ഞെടുപ്പ് ദിനം വരെ) ആഡ് ഇംപാക്ട് പറയുന്നത് 146 മില്യൻ ഡോളർ ചെലവഴിക്കുംമെന്നാണ്. മറ്റു സംസ്ഥാനങ്ങളിൽ ചെലവഴിക്കുന്നത് ഇതിൽ കുറവാണെന്നും കൂട്ടിച്ചേർത്തു. ഉദാഹരണത്തിന് ജോർജിയയിൽ ഏതാണ്ട് 80 മില്യൻ ഡോളറാണ് ശേഷിക്കുന്ന എട്ട് ആഴ്ചകളിൽ ചെലവഴിക്കുക.
ട്രംപും ട്രംപിനെ സഹായിക്കുന്ന സൂപ്പർ പിഎസിയും മിഷിഗൻ, അരിസോന, വിസ്‌കോൻസെൻ, നോർത്ത് കാരോലൈന, നെവാഡ എന്നീ സ്റ്റേറ്റുകളിൽ ഇതിൽ വളരെ കുറച്ചു മാത്രമേ പരസ്യങ്ങൾക്കായി ചെലവഴിക്കുന്നുള്ളു.
കമല ഹാരിസിന്‍റെ സ്ഥാനാർഥിത്വം ചരിത്ര പ്രാധാന്യം ഉള്ളതാണ്. തിരഞ്ഞെടുക്കപ്പെട്ടാൽ അവർ ആദ്യത്തെ സ്ത്രീ, ആഫ്രിക്കൻ അമേരിക്കൻ, ഏഷ്യൻ വംശജ ആയ പ്രസിഡന്‍റ് ആയിരിക്കും എന്ന് ഡെമോക്രാറ്റിക് നയതന്ത്രജ്ഞൻ ജെയിംസ് കാർവിൽ പറഞ്ഞു.