ഓണാശംസകൾ നേർന്നും ബിജെപിയെ വിമർശിച്ചും രാഹുൽ ഗാന്ധി ഡാലസിൽ

Mail This Article
ഡാലസ് ∙ ഇന്ത്യയിൽ ബിജെപി സർക്കാർ തുടർച്ചയായി നടത്തുന്ന ഭരണഘടന ലംഘനം അനുവദിച്ചു കൊടുക്കുവാൻ കഴിയില്ലെന്നും ഇന്ത്യൻ ഭരണഘടനയുടെ അഖണ്ഡത സംരക്ഷികുവാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡാലസ് ഇർവിങ് ടൊയോട്ട മ്യൂസിക് ഫാക്ടറിയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

ഓണം, ഗണേഷ് ചതുർഥി ആശംസകൾ നേർന്നുകൊണ്ടാണ് രാഹുൽ പ്രസംഗം ആരംഭിച്ചത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പോടെ ബിജെപിയെ കുറിച്ചുള്ള ഭയം ജനങ്ങളിൽ നിന്നും അപ്രത്യക്ഷമായിരിക്കുന്നു. സ്നേഹം, ബഹുമാനം താഴ്മ എന്ന സദ്ഗുണങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്നും അന്യമായികൊണ്ടിരിക്കുന്നു . മറ്റുള്ളവരെ സ്നേഹിക്കുന്നതിനും ബഹുമാനിക്കുന്നതിനും, താഴ്മയോടെ പെരുമാറുന്നതിനും നാം ശ്രമിക്കണമെന്നും രാഹുൽ പറഞ്ഞു.

രാഹുൽ ഗാന്ധിയെ കാണുന്നതിന് ആയിര കണക്കിന് ആളുകളാണ് ഡാലസിലേക്ക് എത്തിച്ചേർന്നത്. രാഹുലിന്‍റെ പ്രസംഗത്തിനിടിയിൽ പലപ്പോഴും പതാകകൾ വീശിയും പ്ലക്കാർഡുകൾ ഉയർത്തിയും മുദ്രാവാക്യം വിളിച്ചും കോൺഗ്രസ് പ്രവർത്തകരുടെ ആവേശം പ്രകടമാക്കി.
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായതിന് ശേഷം രാഹുൽ ഗാന്ധിയുടെ ആദ്യ യുഎസ് സന്ദർശനത്തിന്‍റെ വിശദാംശങ്ങൾ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിത്രോഡ വിശദീകരിച്ചു. സ്വീകരണ സമ്മേളനത്തിൽ എഐസിസി ജനറൽ സെക്രട്ടറി ആരതീ കൃഷ്ണൻ, കോൺഗ്രസ് നേതാക്കളായ മൊഹിന്ദർ സിങ്, ജോർജ് എബ്രഹാം ഉൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കൾ പ്രസംഗിച്ചു.