ട്രംപിനെ പിന്തുണച്ച് മസ്ക്, കമലയെ പിന്തുണച്ച് തൊഴിലാളികൾ
Mail This Article
ഹൂസ്റ്റണ്‍∙ യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് പ്രശസ്ത വ്യവസായി ഇലോൺ മസ്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ കമ്പനികളിലെ ജീവനക്കാര്‍ പക്ഷേ ട്രംപിനെ അത്രകണ്ട് പിന്തുണയ്ക്കുന്നില്ലെന്നാണ് സംഭാവന കണക്കുകള്‍ സൂചിപ്പിക്കുന്നത്. മസ്‌കിന്‍റെ ജീവനക്കാര്‍ പ്രധാനമായും വൈസ് പ്രസിഡന്‍റ് കമലാ ഹാരിസിന് സംഭാവന നല്‍കുന്നു എന്നാണ് കണക്കുകള്‍ പറയുന്നു.
എലോണ്‍ മസ്‌കിന്‍റെ റോക്കറ്റ് കമ്പനിയായ സ്പേസ് എക്സിലെ ജീവനക്കാര്‍ കമല ഹാരിസിന് 34,526 ഡോളറും ഡോണൾഡ് ട്രംപിന് 7,652 ഡോളറുമാണ് സംഭാവനയായി നല്‍കിയിരിക്കുന്നത്. ടെസ്ലയിലെ തൊഴിലാളികള്‍ കമല ഹാരിസിന്‍റെ പ്രസിഡന്‍ഷ്യല്‍ ക്യാംപെയ്ന് 42,824 ഡോളര്‍ നല്‍കിയപ്പോള്‍ ട്രംപിന്‍റെ പ്രചാരണത്തിന് 24,840 ഡോളര്‍ മാത്രമാണ് സംഭാവനയായി നല്‍കിയിട്ടുള്ളതെന്ന് യു.എസ് ക്യാംപെയ്ൻ സംഭാവനകളും ലോബിയിങ് ഡാറ്റയും ട്രാക്കുചെയ്യുന്ന പക്ഷപാതരഹിത ലാഭരഹിത സംഘമായ ഓപ്പണ്‍ സീക്രട്ടസ് പറയുന്നു.
മുമ്പ് ട്വിറ്റര്‍ എന്നറിയപ്പെട്ടിരുന്ന സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ എക്സിലെ ജീവനക്കാര്‍ കമല ഹാരിസിന് 13,213 ഡോളറും ട്രംപിന് 500 ഡോളറില്‍ താഴെയുമാണ് സംഭാവന നല്‍കിയത്. പ്രചാരണ ധനസമാഹരണത്തിന് ഈ കണക്കുകള്‍ താരതമ്യേന ചെറുതാണെങ്കിലും, മസ്‌കിന്‍റെ സ്വന്തം നിലപാടുമായി വിയോജിക്കുന്ന രാഷ്ട്രീയ ചായ്വുകളെ സൂചിപ്പിക്കുന്നതാണ് ഈ കണക്കുകള്‍.
നവംബര്‍ അഞ്ചിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സര്‍ക്കാര്‍ കാര്യക്ഷമത കമ്മീഷനെ നയിക്കാന്‍ മസ്‌കിനെ നിയമിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനി ജീവനക്കാരില്‍ നിന്നും ഉടമകളില്‍ നിന്നും ആ വ്യക്തികളുടെ അടുത്ത കുടുംബാംഗങ്ങളില്‍ നിന്നുമുള്ള സംഭാവനകള്‍ ഓപ്പണ്‍ സീക്രട്ടസ് ഡാറ്റയില്‍ ഉള്‍പ്പെടുന്നു. ക്യാംപെയ്ൻ ഫിനാന്‍സ് നിയമങ്ങള്‍ ഫെഡറല്‍ ക്യാംപെയ്നുകൾ സംഭാവന നല്‍കുന്നതില്‍ നിന്ന് കമ്പനികളെ തന്നെ വിലക്കുന്നു.
മസ്‌കിന്‍റെ പല ജീവനക്കാരും ഡെമോക്രാറ്റിക് ശക്തികേന്ദ്രമായ കലിഫോര്‍ണിയയിലാണ് താമസിക്കുന്നതെന്ന് ടെസ്ല ഷെയര്‍ഹോള്‍ഡറായ ഗെര്‍ബര്‍ കവാസാക്കി വെല്‍ത്ത് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്‍റ് മാനേജ്മെന്‍റ് സിഇഒ റോസ് ഗെര്‍ബര്‍ പറഞ്ഞു. എക്സിലെ നിക്ഷേപകന്‍ കൂടിയാണ് ഗെര്‍ബര്‍.