യുഎസ് തിരഞ്ഞെടുപ്പ്; പോളിങ് ശതമാനം വർധിപ്പിക്കാൻ പാർട്ടികൾ
Mail This Article
ടെക്സസ്∙ കഴിഞ്ഞ മേയിൽ നടന്ന പ്രൈമറികളിൽ ടെക്സസിൽ കേവലം 18 ശതമാനം വോട്ടർമാർ മാത്രമാണ് വോട്ട് ചെയ്തത്. സതേൺ ഡാലസിലെ സ്കൂൾ ബോർഡ് തിരഞ്ഞെടുപ്പിൽ വെറും രണ്ടു ശതമാനം ആണ് ഡാലസ് ഐഎസ്ഡി ഡിസ്ട്രിക്ട് നാലിലെ പോളിങ്.
ഇക്കുറി വോട്ടർ റജിസ്ട്രേഷൻ റെക്കോർഡ് സൃഷ്ടിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതേസമയം ടെക്സസിലെ സാമൂഹ്യ സംഘടനയായ ടെക്സസ് ഓർഗനൈസിങ് പ്രോജക്ട് വോട്ടർമാരുമായി ബന്ധപ്പെടാൻ ശ്രമിക്കുകയാണ്.
2022 ലെ തിരഞ്ഞെടുപ്പിൽ 19.5 മില്യൻ ആളുകൾക്കാണ് ടെക്സസിൽ വോട്ട് രേഖപ്പെടുത്താൻ അർഹത ഉണ്ടായിരുന്നത്. ഇവരിൽ 42 ശതമാനം മാത്രമാണ് വോട്ടു ചെയ്തത്. നോർത്ത് ടെക്സസിലും ഹൂസ്റ്റണിലും ആയിരുന്നു ഏറ്റവും കുറഞ്ഞ പോളിങ് നിരക്ക്. 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അഞ്ച് ലക്ഷം വോട്ടർമാർ വോട്ടു രേഖപ്പെടുത്തിയിട്ടില്ലെന്ന് ഡാലസ് കൗണ്ടി ഇലക്ഷൻ ഡിപ്പാർട്ട്മെന്റ് പറയുന്നു. ഇത്തവണ വോട്ടവകാശമുള്ളവരിൽ 82 ശതമാനം ആളുകളും പേര് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം വോട്ടു ചെയ്യുമെന്ന് ഉറപ്പുള്ളവരെ കേന്ദ്രീകരിച്ചാണ് സ്ഥാനാർഥികളും പാർട്ടികളും പ്രവർത്തിക്കുന്നത്. ഡെമോക്രറ്റുകൾ പുതിയ വോട്ടർമാരെ കണ്ടെത്തുവാൻ ശ്രമിക്കുന്നു. അമേരിക്കൻസ് ഫോർ പ്രോസ്പെരിറ്റി എന്ന സംഘടന കുറഞ്ഞ വോട്ടർ പങ്കാളിത്തമുള്ള മേഖലകളിൽ നിന്നുള്ളവരെ വോട്ട് രേഖപ്പെടുത്താൻ പ്രേരിപ്പിക്കുന്നു. നെക്സ്ട് ജൻ അമേരിക്ക യുവജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്നു.