നനൈമോ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഗംഭീരമായി
Mail This Article
നനൈമോ ∙ നനൈമോ മലയാളി അസോസിയേഷന്റെ (നന്മ) നേതൃത്വത്തിൽ ഓണം വാൻകൂവർ ഐലൻഡിൽ ആഘോഷിച്ചു. സെപ്റ്റംബർ 15 ഞായറാഴ്ച രാവിലെ 11–ന് മാവേലിക്കഥയിലേക്ക് ഒരെത്തിനോട്ടം എന്ന കൗതുകകരവും വിജ്ഞാനപ്രദവുമായ കഥാവിഷ്കാരത്തോടു കൂടിയാണ് ചടങ്ങുകൾ തുടങ്ങിയത്. തുടർന്ന് വാൻകൂവർ റോക്ക് ടെയിലിന്റെ ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ മാവേലിയെ വേദിയിലേക്ക് ആനയിച്ചു. നിലവിളക്ക് കൊളുത്തിയതിനു ശേഷം തിരുവാതിര കളിയോടെ ആഘോഷ പരിപാടികൾ ആരംഭിച്ചു. കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച കലാപരിപാടികൾ പ്രേക്ഷക മനം കവർന്നു. അതോടൊപ്പം നടത്തിയ കായിക പരിപാടികളായ കസേരകളി, വടംവലി എന്നിവയ്ക്ക് ആവേശപൂർവ്വമായ സ്വീകരണമാണ് കാണികളിൽ നിന്നും ലഭിച്ചത്. സോക്കർ, ബാഡ്മിന്റൺ, ടെന്നീസ്, ക്രിക്കറ്റ് മത്സരങ്ങൾ മുൻകൂറായി നടത്തി അതിൻറെ വിജയികൾക്ക് സമ്മാനങ്ങൾ ഓണവേദിയിൽ വിതരണം ചെയ്തു.
ഓണവേദിയേയും, കാണികളേയും, ഇളക്കിമറിച്ചു കൊണ്ടുള്ള വാൻകൂവർ റോക്ക് ടെയിലിന്റെ ഫ്യൂഷൻ വിത്ത് ശിങ്കാരിമേളത്തോടെയാണ് ഓണാഘോഷത്തിന് പരിസമാപ്തിയായത്. അരുൺ, കലേഷ്, ജിയോ, അമല, നിമിൽ, ബിൻസി, ബിന്ദ്യ, ജോസഫ്, ദീപക് പൈക്കട, വിപിൻ, ജിൽസ്, ജെയിൻഷാ, അക്ഷര, പ്രതീഷ് തോമസ്, പ്രതീഷ്, പ്രദീപ്, ബേസിൽ, ഗണേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ആഘോഷ പരിപാടികൾ നടത്തിയത്. വിവിധ തരം വിഭവങ്ങളോടു കൂടിയ ഓണസദ്യ ഈ ഓണാഘോഷത്തിന് പൊലിപ്പേകി. മധ്യവാൻകൂവർ ഐലൻഡിൽ ആദ്യമായാണ് ഇത്ര വിപുലമായ രീതിയിൽ ഓണം ആഘോഷിക്കുന്നത്. 400 മലയാളികൾ പങ്കെടുത്തു. കേരളത്തോട് വളരെയേറെ രൂപ സാദൃശ്യമുള്ള മനോഹരമായ പ്രദേശമാണിത്. എങ്കിലും കാനഡയിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് മലയാളി ജനസംഖ്യ കുറവാണ്. കാനഡയിലെ രണ്ടാമത്തെ വലിയ നഗരമായ വാൻകൂവറിൽ നിന്ന് ഏകദേശം ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഫെറി കടന്നു വേണം തെക്കേ അറ്റത്തായി പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഐലൻഡിൽ എത്തിച്ചേരുവാൻ, വിമാനത്തിലും വരാം. ബ്രിട്ടിഷ് കൊളംബിയ പ്രൊവിൻസിന്റെ തലസ്ഥാനമായ വിക്ടോറിയ ഈ ഐലൻഡിലാണ്.