ADVERTISEMENT

ന്യൂയോർക്ക് ∙ ഓണവും, ക്രിസ്തുമസ്സ്-ന്യൂഇയറും, ഈസ്റ്ററും വിഷുവും എല്ലാം മലയാളികൾ ധാരാളമായി താമസിക്കുന്ന അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ രൂപം കൊണ്ടിട്ടുള്ള മുഖ്യധാരാ സംഘടനകൾ മത്സരബുദ്ധിയോടെയാണ് എല്ലാ വർഷവും കൊണ്ടാടുന്നത്. പ്രത്യേകിച്ച് കേരളത്തിൽ ഒന്നോ രണ്ടോ ദിവസങ്ങൾ അല്ലെങ്കിൽ ഏറ്റവും കൂടിയാൽ ഒരാഴ്ച മാത്രം ആഘോഷിക്കപ്പെടുന്ന ഓണം അമേരിക്കൻ ഐക്യനാട്ടിലെ പല സംസ്ഥാനങ്ങളിലും ഒന്നോ രണ്ടോ മാസങ്ങളാണ് ആഘോഷിക്കുന്നത്. ഈ വർഷം സെപ്തംബർ 14, 15, 16 തീയതികളിലായിരുന്നു ഓണം എങ്കിലും, ന്യൂയോർക്ക് പ്രദേശങ്ങളിൽ ആഗസ്റ്റ് 24  മുതൽ ഒക്ടോബർ 15 വരെയുള്ള രണ്ട് മാസ കാലാവധിയാണ് പല സംഘടനകളും ഓണാഘോഷത്തിനായി മാറ്റി വച്ചിരിക്കുന്നത്. ഈ കാലയളവിൽ എല്ലാ ശനിയാഴ്ചകളിലും  ഞായറാഴ്ചകളിലും വിവിധ സംഘടനകളും പള്ളികളും അമ്പലങ്ങളും മതസ്ഥാപനങ്ങളും മാറി മാറി ഓണാഘോഷവും ഓണസദ്യയും സംഘടിപ്പിക്കാറുണ്ട്.   

ഇത്തരം സംഘടനകളിൽ പലതിലും അതാത് പ്രദേശത്തെ തലമുതിർന്ന വ്യക്തികളാണ് നേതൃ സ്ഥാനത്തിരിക്കുന്നതും അംഗങ്ങളായിരിക്കുന്നതും. അതിനാൽ തന്നെ പല യുവാക്കളും  ഇത്തരം സംഘടനകളിൽ അംഗങ്ങളാകുവാൻ മടിക്കുന്നു. 

pravasi-malayalis-in-us-conduct-onam-celebrations-1

മുഖ്യധാരാ സംഘടനകളിൽ ഒന്നിലും അംഗങ്ങളല്ലാത്ത ലോങ്ങ് ഐലൻഡിലുള്ള ചില യുവ സുഹൃത്തുക്കൾ ഒത്തൊരുമിച്ച് ഓണം ആഘോഷിക്കാം എന്ന് തീരുമാനിച്ചു. അവരിൽ ചിലർക്കൊക്കെ ചില സംഘടനകളിലെ അംഗങ്ങളുമായോ ഔദ്യോഗിക ഭാരവാഹികളുമായോ വ്യക്തിപരമായ ബന്ധമുള്ളതിനാൽ അവരുടെ ക്ഷണപ്രകാരം ഒന്നോ രണ്ടോ ഓണാഘോഷങ്ങളിൽ പങ്കെടുക്കുവാൻ സാധിച്ചിട്ടുണ്ട്. എന്നാൽ ഭൂരിഭാഗം യുവാക്കൾക്കും ഒരു ഓണാഘോഷത്തിലും പങ്കെടുക്കുവാൻ സാധിച്ചിട്ടില്ല  എന്നതാണ് സത്യാവസ്ഥ. ഇത് ചില യുവാക്കളുടെ ഗ്രൂപ്പിൽ സംസാര വിഷയമായപ്പോൾ അവരിൽ ചിലർ മുൻകൈ എടുത്ത് ഓണാഘോഷം നടത്താമെന്ന്  തീരുമാനിച്ചു. 

അതിൽ ന്യൂഹൈഡ് പാർക്കിൽ താമസിക്കുന്ന മാന്നാർകാരനായ ജെയ്‌സൺ ഗീവർഗ്ഗീസ് ചില അടുത്ത സുഹൃത്തുക്കളുമായി ആലോചിച്ച് തങ്ങളുടെ സുഹൃത്ത് വലയത്തിലുള്ള ഏതാനും യുവാക്കളും കടുംബാംഗങ്ങളുമായി ചേർന്ന് ചുരുങ്ങിയ രീതിയിൽ ഓണാഘോഷം സംഘടിപ്പിക്കാമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. ഏകദേശം പതിനഞ്ചോ ഇരുപതോ സുഹൃത്തുക്കളെയും അവരുടെ കുടുംബാംഗങ്ങളെയും കൂട്ടി തങ്ങളുടെ കുഞ്ഞുങ്ങളുടെ കലാപരിപാടികളും ഓണ സദ്യയുമായി സെപ്‌റ്റംബർ 28 ശനിയാഴ്ച ചെറിയ രീതിയിൽ പരിപാടി സംഘടിപ്പിക്കുവാൻ പദ്ധതിയിട്ടു. പങ്കെടുക്കുന്ന ഒരാൾക്ക് 25 ഡോളർ നിരക്കിൽ പ്രോഗ്രാമിൽ പങ്കെടുക്കാമെന്നും താൽപ്പര്യമുള്ളവർ സെപ്‌റ്റംബർ 15-ന് മുമ്പായി പേരുകൾ മുൻകൂട്ടി റജിസ്റ്റർ ചെയ്യണമെന്നും അഭ്യർത്ഥിച്ച് അത്ര ആകർഷകമല്ലാത്ത ഒരു സാധാരണ ഫ്ളയർ തനിയെ  തയ്യാറാക്കി ജെയ്‌സൺ അടുത്ത സുഹൃത്തുക്കൾക്ക് വാട്സ്ആപ്പ് മെസ്സേജിലൂടെ അയച്ചുകൊടുത്തു. പ്രസ്തുത മെസ്സേജ് ലഭിച്ച സുഹൃത്തുക്കൾ അവരുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഷെയർ ചയ്തു. 

എന്നാൽ ജെയ്‌സണെ അമ്പരിപ്പിച്ചുകൊണ്ട് ഏകദേശം നൂറോളം സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഇതിൽ താൽപ്പര്യം പ്രകടിപ്പിച്ച് പേരുകൾ റജിസ്റ്റർ ചെയ്യുകയും പങ്കെടുക്കുന്ന ഓരോ അംഗങ്ങൾക്കും നിശ്ചയിച്ച തുക അഡ്വാൻസ് ആയി നൽകുകയും ചെയ്തു. പ്രത്യേകിച്ച് ഒരു സംഘടനാ പേരുപോലും നൽകാത്ത ഈ യുവാക്കളുടെ  സൗഹൃദ കുടുംബ കൂട്ടായ്മ  വളരെ ആഘോഷമായി തന്നെ ഇത്തവണ ഓണം ആഘോഷിക്കാമെന്ന് തീരുമാനിച്ച് അതിനുള്ള ക്രമീകരണങ്ങൾ ചെയ്തിരിക്കുകയാണ്.  കുട്ടികളുടെ കലാപരിപാടികളും ഓണപ്പരിപാടികളും ഓണ സദ്യയുമൊക്കെയായി രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് നാല് വരെ വിപുലമായ ആഘോഷം നടത്തുവാനാണ് ഇപ്പോൾ തയാറെടുത്തിരിക്കുന്നത്.

ലെവിടൗണിലുള്ള ഓർത്തഡോക്സ് പള്ളിയുടെ അങ്കണത്തിൽ വച്ചാണ് ഈ സൗഹൃദ കൂട്ടായ്മ ശനിയാഴ്ച രാവിലെ ഒൻപത് മണി മുതൽ കൂടുവാൻ അവർ തീരുമാനിച്ചിരിക്കുന്നത്.

English Summary:

Pravasi Malayalis in US conduct Onam celebrations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com