കലിഫോർണിയയിൽ ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ച് തടവുകാരൻ
Mail This Article
ലൊസാഞ്ചൽസ് ∙ സാക്രമെന്റോയിലെ കലിഫോർണിയ സ്റ്റേറ്റ് ജയിലിൽ തടവിൽ കഴിയുന്ന ഗാംങ് ലീഡർ രണ്ട് ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ചു. ആർക്കും പരുക്കില്ല. ജയിൽ സംഘങ്ങളിലൊന്നായ ആര്യൻ ബ്രദർഹുഡിന്റെ തലവനായ വെള്ളക്കാരൻ റൊണാൾഡ് ഡി യാൻഡെൽ ആണ് കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ രണ്ട് ഉദ്യോഗസ്ഥരെ ജയിലിന്റെ ആരോഗ്യവിഭാഗം കെട്ടിടത്തിൽ വച്ച് ആക്രമിച്ചത്. ആരോഗ്യ വിഭാഗത്തിലെ കൂടിക്കാഴ്ചക്കു ശേഷം ഇയാളെ സെല്ലിലേക്ക് മാറ്റുന്നതിനിടെയാണ് അക്രമണം ഉണ്ടായത്.
കയ്യിൽകിട്ടിയ ആയുധമെടുത്ത് പ്രതി ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ ഉദ്യോഗസ്ഥർ കുരുമുളക് സ്പ്രേ ഉപയോഗിച്ചതോടെയാണ് പ്രതി ആയുധം ഉപേക്ഷിച്ചത്. അക്രമത്തിൽ ഉദ്യോഗസ്ഥർക്ക് പരുക്കില്ല. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി ഓഫിസിന് കൈമാറും. 2004 മുതൽ സ്റ്റേറ്റ് ജയിലിൽ കഴിയുന്ന പ്രതി കൊലപാതകം, നരഹത്യ എന്നീ കുറ്റകൃത്യങ്ങളിൽ പരോളില്ലാത്ത ജീവപര്യന്തം തടവിന് ശിക്ഷ വിധിക്കപ്പെട്ടയാളാണ്.
1960 കളിൽ കലിഫോർണിയ സ്റ്റേറ്റ് ജയിലിനുള്ളിൽ രൂപം കൊണ്ട അക്രമകാരികളായ വെള്ളക്കാരുടെ സംഘമാണ് ആര്യൻ ബ്രദർഹുഡ്. പിന്നീട് ഫെഡറൽ ജയിൽ സംവിധാനത്തിലേക്ക് ഇവർ വ്യാപകമാകുകയും ചെയ്തു. സംഘടനയെ നിർവീര്യമാക്കാൻ വർഷങ്ങളായി അധികൃതർ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല.