മിഡിൽ ഈസ്റ്റ് വിഷയങ്ങളിൽ ഉപദേഷ്ടാവായി മസാദ് ബൗലോസിനെ തിരഞ്ഞെടുത്ത് ട്രംപ്

Mail This Article
വാഷിങ്ടൻ ∙ മകൾ ടിഫാനിയുടെ ഭർതൃപിതാവ് മസാദ് ബൗലോസിനെ മിഡിൽ ഈസ്റ്റ് വിഷയങ്ങളിലെ മുതിർന്ന ഉപദേഷ്ടാവ് ആയി നിയമിക്കുമെന്ന് പ്രഖ്യാപിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
കോടീശ്വരനും ലബനീസ്– അമേരിക്കൻ വ്യവസായിയുമായ മസാദ് ആയിരിക്കും അറബ്, മിഡിൽ ഈസ്റ്റ് മേഖലയിലെ വിഷയങ്ങളിൽ മുതിർന്ന ഉപദേഷ്ടാവ് ആയി ചുമതലയേൽക്കുക. പ്രശസ്ത അഭിഭാഷകനും ബിസിനസ് ലോകത്തെ ആദരണീയനുമായ മസാദിന് രാജ്യാന്തര തലത്തിൽ സമഗ്രമായ അനുഭവസമ്പത്തുണ്ടെന്നുമായിരുന്നു ട്രംപിന്റെ പരിചയപ്പെടുത്തൽ. ദീർഘനാളായി റിപ്പബ്ലിക്കൻ മൂല്യങ്ങളുടെ വക്താവായി തുടരുന്ന മസാദ് തിരഞ്ഞെടുപ്പ് പ്രചരണത്തിൽ മുതൽകൂട്ടായതിനെക്കുറിച്ചും അറബ് അമേരിക്കൻ സമൂഹവുമായി മികച്ച ബന്ധം നിലനിർത്തുന്നതിലുള്ള മസാദിന്റെ പാടവത്തെക്കുറിച്ചും ട്രംപ് സമൂഹമാധ്യമത്തിലെ പോസ്റ്റിൽ വിശദമാക്കിയിട്ടുണ്ട്.
തന്റെ ഭരണകൂടത്തിലേയ്ക്കും കുടുംബ ബന്ധം വിപുലപ്പെടുത്താനുള്ള ട്രംപിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്. 2022 ലാണ് മസാദിന്റെ മകൻ മിഖായേൽ ബൗലോസിനെ ടിഫാനി ട്രംപ് വിവാഹം കഴിച്ചത്. നേരത്തെ മകൾ ഇവാങ്കയുടെ ഭർതൃ പിതാവ് ചാൾസ് കുഷ്നറെ ഫ്രാൻസിന്റെ അംബാസഡർ ആയി പ്രഖ്യാപിച്ചിന് പിന്നാലെയാണ് മസാദിന്റെ നിയമനം.