ADVERTISEMENT

ഹൂസ്റ്റണ്‍∙ നിയുക്ത യുഎസ് പ്രസിഡന്‍റ്  ഡോണൾഡ് ട്രംപ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) അടുത്ത ഡയറക്ടറായി കാഷ് പട്ടേലിനെ നാമനിർദേശം ചെയ്തതോടെ ലോകമെമ്പാടും ഈ ഇന്ത്യന്‍ വംശജനെക്കുറിച്ച് അറിയുന്നതിനുള്ള ആകാംക്ഷ വര്‍ധിച്ചു. നിലവിലെ എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ വ്രെയ്ക്കു പകരമാണ് പുതിയ നിയമനം. 2017ല്‍ ട്രംപാണ് 10 വര്‍ഷത്തേക്ക് ക്രിസ്റ്റഫര്‍ വ്രെയെ എഫ്ബിഐ ഡയറക്ടറായി നിയമിച്ചത്.  പട്ടേലിനെയും സെനറ്റ് സ്ഥിരീകരിക്കേണ്ടതുണ്ട്.. അതുകൊണ്ടുതന്നെ ചില എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നേക്കാമെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നത്. 

അമേരിക്കയിൽ കുടിയേറിയ ഗുജറാത്തിൽ നിന്നുള്ള മാതാപിതാക്കളുടെ മകനായി ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡിലായിരുന്നു കശ്യപ് പ്രമോദ് പട്ടേൽ അഥവാ കാഷ് പട്ടേൽ ജനിച്ചത്. ഹിന്ദുമത വിശ്വാസിയായ അദ്ദേഹം ഇന്ത്യയുമായുള്ള 'വളരെ ആഴത്തിലുള്ള ബന്ധം' വിവരിച്ചിട്ടുണ്ട്. റിച്ച്മണ്ട് യൂണിവേഴ്സിറ്റിയിൽ നിന്ന് ക്രിമിനൽ ജസ്റ്റിസിൽ ബിരുദവും പേസ് യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമ ബിരുദവും നേടിയ കാഷ് പട്ടേൽ യൂണിവേഴ്സിറ്റി കോളജിൽ നിന്ന് രാജ്യാന്തര നിയമത്തിൽ സർട്ടിഫിക്കറ്റും നേടിയിട്ടുണ്ട്.

2005നും 2013നും ഇടയിൽ  ഫ്ലോറിഡയിൽ കൗണ്ടി, ഫെഡറൽ പബ്ലിക് ഡിഫൻഡറായി പ്രവർത്തിച്ചു. 2014ൽ  നീതിന്യായ വകുപ്പിൽ ട്രയൽ അറ്റോർണിയായി ചേർന്നു, ഒപ്പം ജോയിന്‍റ് സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡിന്‍റെ നിയമപരമായ ലെയിസണ്‍ ആയും ഒരേസമയം സേവനമനുഷ്ഠിച്ചു.  

ട്രംപ് മുൻപ്  പ്രസിഡന്‍റായിരുന്ന കാലത്ത്  പട്ടേല്‍ ദേശീയ ഇന്‍റലിജന്‍സ് ഡയറക്ടര്‍ക്കും പ്രതിരോധ സെക്രട്ടറിക്കും ഉപദേശം നല്‍കിയിരുന്നു.  2018ല്‍ പട്ടേല്‍ അക്കാലത്ത് ഹൗസ് ഇന്‍റലിജന്‍സ് കമ്മിറ്റിയുടെ തലവനായ പ്രതിനിധി ഡെവിന്‍ നൂണ്‍സിന്‍റെ സഹായിയായി സേവനമനുഷ്ഠിച്ചു.

ന്യൂയോര്‍ക്ക് കോടതിയില്‍ നടന്ന വിചാരണയില്‍ ട്രംപിനൊപ്പം പട്ടേലും എത്തിയിരുന്നു. ട്രംപ് 'ഭരണഘടനാവിരുദ്ധ സര്‍ക്കസിന്‍റെ' ഇരയാണെന്ന് മാധ്യമപ്രവര്‍ത്തകരോട് വാദിക്കുന്നതില്‍ പ്രധാനിയായിരുന്നു അദ്ദേഹം. രഹസ്യരേഖ കേസ് അന്വേഷിക്കുന്ന വാഷിങ്‌ടൻ ഗ്രാന്‍ഡ് ജൂറിക്ക് മുമ്പാകെ 2022ല്‍ പട്ടേല്‍ ട്രംപിനെ പിന്തുണച്ച് സാക്ഷ്യപ്പെടുത്തി. 

2021 ജനുവരി 6ന് യുഎസ് ക്യാപ്പിറ്റൾ ആക്രമണത്തിലേക്ക് നയിച്ച 2020ലെ പ്രസിഡന്‍റ്  തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള ട്രംപിന്‍റെ ശ്രമങ്ങളെക്കുറിച്ചുള്ള കേസിൽ കൊളറാഡോ കോടതിയില്‍ അദ്ദേഹം ഹാജരായി. ഈ വിഷയത്തില്‍ പട്ടേല്‍ 'വിശ്വസനീയമായ സാക്ഷിയല്ല' എന്ന് കോടതി പിന്നീട് കണ്ടെത്തി.

ട്രംപുമായുള്ള പട്ടേലിന്‍റെ അടുപ്പം അദ്ദേഹത്തിന്‍റെ മുന്‍ഗാമികളായ ജെയിംസ് കോമി അല്ലെങ്കില്‍ ക്രിസ്റ്റഫര്‍ വ്രെ എന്നിവരില്‍ നിന്ന് വ്യത്യസ്തമാണ്. 

നിയമിതനായാല്‍, എഫ്ബിഐയെ സമൂലമായി മാറ്റുക എന്ന തന്‍റെ പ്രഖ്യാപിത ഉദ്ദേശ്യത്തോടെ പട്ടേല്‍ പ്രവര്‍ത്തിക്കും എന്ന് പ്രതീക്ഷിക്കുന്നു. ''ഗവണ്‍മെന്‍റ്  ഗ്യാങ്‌സ്റ്റേഴ്‌സ്' എന്ന പുസ്തകത്തില്‍, എഫ്ബിഐ ആസ്ഥാനം വാഷിങ്‌ടനില്‍ നിന്ന് മാറ്റുന്നതും എഫ്ബിഐക്കുള്ളിലെ ജനറല്‍ കൗണ്‍സിലിന്‍റെ ഓഫിസിലെ അംഗസംഖ്യ കുറയ്ക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന സൂചന പട്ടേല്‍ നല്‍കിയിട്ടുണ്ട്.

English Summary:

Kash Patel to become FBI chief

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com