കാണാതായ ഹന്ന മെക്സിക്കോയിലേക്ക് പലായനം ചെയ്തതായി ലൊസാഞ്ചലസ് പൊലീസ്; ‘ആത്മീയ ഉണർവ്’ ലഭിച്ചതായി യുവതി
Mail This Article
ലൊസാഞ്ചലസ്∙ ഹവായി സ്വദേശിനിയായ ഹന്ന കൊബയാഷി (30) മെക്സിക്കോയിലേക്ക് പലായനം ചെയ്തതായി ലൊസാഞ്ചലസ് പൊലീസ് ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു. നവംബർ 8ന് മൗയിയിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള യാത്രയ്ക്കിടെ, ലൊസാഞ്ചലസിലെ കണക്റ്റിങ് ഫ്ലൈറ്റ് നഷ്ടമായതിനെ തുടർന്ന് ഹന്ന കൊബയാഷിയെ കാണാതായിരുന്നു.
ലൊസാഞ്ചലസ് വിമാനത്താവളത്തിൽ നിന്ന് 145 മൈൽ അകലെയുള്ള ടിജുവാനയ്ക്ക് സമീപമുള്ള അതിർത്തിയിൽ നിന്നുള്ള സുരക്ഷാ ഫൂട്ടേജുകൾ പ്രകാരം, നവംബർ 12നും 13നും ഇടയിൽ കൊബയാഷി മെക്സിക്കോയിലേക്ക് കടന്നതായി കണ്ടെത്തി.
ഹന്ന കൊബയാഷി മനപ്പൂർവ്വം വിമാനത്തിൽ കയറിയില്ലെന്നും ആധുനിക സാങ്കേതികവിദ്യകളിൽ നിന്ന് മാറിനിൽക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായും പൊലീസ് പറയുന്നു. മനുഷ്യക്കടത്തിനോ മറ്റ് ദുരുപയോഗത്തിനോ തെളിവുകളൊന്നുമില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.
എന്നാൽ, കൊബയാഷി മനപ്പൂർവ്വം വിമാനം കയറിയില്ലെന്ന പൊലീസ് വാദത്തെ കുടുംബം തള്ളികളഞ്ഞു. ഹന്ന കൊബയാഷി അപകടത്തിൽപ്പെട്ടിരിക്കാമെന്നാണ് കുടുംബം ആരോപിക്കുന്നത്. മകളെ അന്വേഷിച്ചിട്ട് കണ്ടെത്താൻ സാധിക്കാതെ വന്നതോടെയാണ് ഹന്നയുടെ പിതാവ് റയാൻ നവംബർ 24ന് ആത്മഹത്യ ചെയ്തത്.
ഹന്ന തിരോധാനത്തിന് മുൻപ് സുഹൃത്തുക്കൾക്ക് അയച്ച സന്ദേശങ്ങളിൽ തനിക്ക് "ആത്മീയ ഉണർവ്" ലഭിച്ചതായി അവകാശപ്പെട്ടിരുന്നു. ഇതിനു പുറമെ ഹന്ന കൊബയാഷി തിരോധാനത്തിന് മുൻപ് മറ്റ് വിചിത്രമായ സന്ദേശങ്ങളും അയച്ചിരുന്നതായും കുടുംബം വെളിപ്പെടുത്തി. ‘‘ ഹാക്കർമാർ എന്‍റെ ഐഡന്‍റിറ്റി മോഷ്ടിച്ചു, എന്‍റെ എല്ലാ ഫണ്ടുകളും മോഷ്ടിച്ചു," എന്നിങ്ങനെയായിരുന്നു സന്ദേശങ്ങളുടെ ഉള്ളടക്കം. ഈ സന്ദേശങ്ങൾ ഹന്ന കൊബയാഷിയുടെ സ്വഭാവത്തിന് വിപീരതമാണെന്ന് കുടുംബം പറയുന്നു.
ഹന്ന കൊബയാഷിയുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും സുരക്ഷ ഉറപ്പാക്കാൻ സേന പ്രതിജ്ഞാബദ്ധരാണെന്നും ലൊസാഞ്ചലസ് പൊലീസ് അറിയിച്ചു. ഹന്ന കൊബയാഷിയെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ ഉള്ളവർ പൊലീസുമായി ബന്ധപ്പെടണമെന്ന് അവർ അഭ്യർഥിച്ചു.