ജീവനുള്ള എലിയെ കണ്ടെത്തി: റസ്റ്ററന്റ് പൂട്ടിച്ച് അധികൃതർ

Mail This Article
പ്ലാനോ (ഡാലസ്) ∙ ഭക്ഷണശാലയിലെ ഡ്രൈ സ്റ്റോറേജ് ഏരിയയിൽ ജീവനുള്ള എലിയേയും എലിയുടെ കാഷ്ഠവും കണ്ടെത്തിയതിനെ തുടർന്ന് റസ്റ്ററന്റ് താൽക്കാലികമായി അടപ്പിച്ചു. 1900 ഡാലസ് പാർക്ക്‌വേയിലെ ഹോണ്ടഡ് കാസിൽ കഫേ സ്ഥാപനമാണ് അധികൃതർ അടച്ചുപൂട്ടിയത്.
പ്ലാനോ സിറ്റി ഹെൽത്ത് ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിലാണ് നടപടി. റസ്റ്ററന്റിലെ ഡൈനിങ്, ബാർ ഏരിയകളിൽ ഉൾപ്പെടെ ഒന്നിലധികം നിയമലംഘനങ്ങൾ അധികൃതർ കണ്ടെത്തിയിട്ടുണ്ട്.
എലികാഷ്ഠം കണ്ടെത്തിയതിനെ തുടർന്ന് 4152 ഡബ്ള്യു സ്പ്രിങ് ക്രീക്ക് പാർക്ക്വോ സ്യൂട്ട് 144 ലെ സോസി തായ് ആൻഡ് ഫോ റസ്റ്ററന്റും അധികൃതർ നേരത്തെ അടപ്പിച്ചിരുന്നു. റസ്റ്ററന്റ് മാനേജ്മെന്റ് എലികളെ തുരത്താനുള്ള നടപടികൾ സ്വീകരിക്കുകയും ഉൾ ഭാഗം പൂർണമായും വൃത്തിയാക്കുകയും ചെയ്തതിനെ തുടർന്ന് പിന്നീട് തുറന്നു പ്രവർത്തിക്കാനും അനുമതി നൽകി.
പ്ലാനോ പരിശോധന ഡാറ്റ 100-പോയിന്റ് സിസ്റ്റത്തിലാണ്. 100 സ്കോർ ലഭിക്കുന്നത് മികച്ചതായും 70 മോശമായുമാണ് കണക്കാക്കുന്നത്. എല്ലാ റസ്റ്ററന്റുകളിലും പ്രതിവർഷം ഒന്നോ നാലോ പതിവ് പരിശോധനകളാണ് നടത്തുന്നത്. നവംബർ 10 നും 30 നും ഇടയിൽ 143 പരിശോധനകളാണ് അധികൃതർ നടത്തിയത്.