ADVERTISEMENT

ഹൂസ്റ്റണ്‍ ∙ അയല്‍ക്കാർ ആണെന്നത് ശരിതന്നെ. പക്ഷേ അയല്‍വാസി ദരിദ്രവാസി ആണെങ്കില്‍, അവര്‍ സ്ഥിരം ശല്യക്കാര്‍ ആണെങ്കില്‍ അവരെ ചുമക്കേണ്ട ബാധ്യതയുണ്ടോ? ഇല്ലെന്നാണ് നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പക്ഷം. അയല്‍രാജ്യങ്ങളായ കാനഡയ്ക്കും മെക്സിക്കോയ്ക്കും യഥാക്രമം 100 ബില്യണ്‍ ഡോളറും 300 ബില്യണ്‍  ഡോളറും യുഎസ് സബ്സിഡി നല്‍കുന്നതാണ് ട്രംപിനെ ചൊടിപ്പിച്ചിരിക്കുന്നത്. 

ഇത്രയും സഹായം നല്‍കാനാണെങ്കില്‍ ഈ രണ്ട് രാജ്യങ്ങളെയും അമേരിക്കയുടെ ഭാഗമാക്കുന്നതാണ് നല്ലതെന്നാണ് ട്രംപിന്റെ പക്ഷം. തങ്ങളുടെ പ്രദേശങ്ങളിലൂടെ യുഎസിലേക്കുള്ള അനധികൃത കുടിയേറ്റക്കാരുടെ ഒഴുക്ക് തടഞ്ഞില്ലെങ്കില്‍ കാനഡയ്ക്കും മെക്‌സിക്കോയ്ക്കും കനത്ത താരിഫ് ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. 

''ഞങ്ങള്‍ കാനഡയ്ക്ക് പ്രതിവര്‍ഷം 100 ബില്യണ്‍ ഡോളര്‍ സബ്സിഡി നല്‍കുന്നു. മെക്‌സിക്കോയ്ക്ക് ഏകദേശം 300 ബില്യണ്‍ യുഎസ് ഡോളറും. നമ്മള്‍ സബ്സിഡി കൊടുക്കാന്‍ പാടില്ല. എന്തുകൊണ്ടാണ് ഞങ്ങള്‍ ഈ രാജ്യങ്ങള്‍ക്ക് സബ്സിഡി നല്‍കുന്നത്? ഞങ്ങള്‍ അവര്‍ക്ക് സബ്സിഡി നല്‍കാന്‍ പോകുകയാണെങ്കില്‍, അവര്‍ യുഎസിന്റെ ഒരു സംസ്ഥാനമായി മാറട്ടെ,''  ട്രംപ് എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നവംബര്‍ 5 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം ആദ്യമായി പങ്കെടുത്ത ടോക് ഷോയില്‍ തന്നെയായിരുന്നു ട്രംപിന്റെ പുതിയ  ഭീഷണി. 

താരിഫുകള്‍ യുഎസിന് ചിലവുണ്ടാക്കുകയും സാധാരണ ചരക്കുകളുടെ വില വര്‍ധിപ്പിക്കുകയും ചെയ്യും. അതുവഴി സാധാരണക്കാരെ ബുദ്ധിമുട്ടിക്കുമെന്നുമുള്ള ചില അമേരിക്കന്‍ സിഇഒമാരുടെ നിരീക്ഷണങ്ങളെ ട്രംപ് തള്ളിക്കളഞ്ഞു. അത്തരം ഭീതിയുടെ ആവശ്യമില്ലെന്നു തന്നെയാണ് നിയുക്ത പ്രസിഡന്റിന്റെ പക്ഷം. എന്നാല്‍ താന്‍ ഒരു ഭ്രാന്തനെ പോലെ താരിഫുകള്‍ എടുത്ത് പ്രയോഗിക്കില്ലെന്നും ട്രംപ് ഉറപ്പു നല്‍കുന്നു. താരിഫുകള്‍ മൂലം രാജ്യത്തിന് ഒരു ചുക്കും സംഭവിക്കില്ല. മറിച്ച് അവ സമ്പത്ത് കൊണ്ടുവരുമെന്നും ട്രംപ് ന്യായീകരിക്കുന്നു. അവസാന ഭാഗത്ത് കോവിഡിനെതിരെ പോരാടേണ്ടി വന്നതിനാല്‍ തനിക്ക് ഇക്കാര്യത്തില്‍ മുഴുവനായും ചെയ്യാന്‍ സാധിച്ചില്ലെന്നും ട്രംപ് പരിതപിക്കുന്നു. എന്നിട്ടും താന്‍ വിജയകരമായി ഇതു നടപ്പാക്കി. അധികാരം ബൈഡന് കൈമാറിയപ്പോള്‍, സ്റ്റോക്ക് മാര്‍ക്കറ്റ് കോവിഡ് കാലത്തിന് മുൻപുള്ളതിനേക്കാള്‍ ഉയര്‍ന്ന നിലയിലായിരുന്നു എന്നും ട്രംപ് ചൂണ്ടിക്കാട്ടുന്നു. 

ശരിയായി ഉപയോഗിച്ചാൽ, സാമ്പത്തികമായി മാത്രമല്ല, സാമ്പത്തിക ശാസ്ത്രത്തിന് പുറത്തുള്ള മറ്റ് കാര്യങ്ങള്‍ നേടുന്നതിനും വളരെ ശക്തമായ ഉപകരണമാണ് താരിഫ് എന്നും ട്രംപ് പറയുന്നു. കാനഡയ്ക്കൊപ്പം, പ്രത്യേകിച്ച് മെക്സിക്കോയില്‍ നിന്ന് ദശലക്ഷക്കണക്കിന് ആളുകള്‍ നമ്മുടെ രാജ്യത്തേക്ക് ഒഴുകുന്നു. ഇരു നേതാക്കളുമായി ചർച്ച നടത്തിയെന്നും ട്രംപ് പറ‍ഞ്ഞു. ജസ്റ്റിന്‍ ട്രൂഡോയുമായി സംസാരിച്ചു. കോള്‍-ഇന്‍ കഴിഞ്ഞ് ഏകദേശം 15 സെക്കന്‍ഡിനുള്ളില്‍ അദ്ദേഹം മാര്‍-എ-ലാഗോയിലേക്ക് വന്നു. ഞങ്ങള്‍ ഒരുമിച്ച് അത്താഴം കഴിച്ച് അതിനെക്കുറിച്ച് സംസാരിച്ചുവെന്നും ട്രംപ് പറഞ്ഞു. ''ഞാന്‍ മെക്സിക്കോയുടെ പ്രസിഡന്റിനോടും ജസ്റ്റിന്‍ ട്രൂഡോയോടും പറഞ്ഞു, ഇത് അവസാനിച്ചില്ലെങ്കില്‍, നിങ്ങളുടെ രാജ്യത്തിന് ഏകദേശം 25 ശതമാനം തീരുവ ചുമത്താന്‍ പോകുകയാണ്,'' ട്രംപ് വെളിപ്പെടുത്തുന്നു. അതായത് താരിഫ് തീരുമാനത്തില്‍ നിന്് ട്രംപ് പിന്നോട്ടില്ലെന്നതിന്റെ സൂചനയാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. 

English Summary:

Trump Tariff Threat puts a Strain on Canada-Mexico Ties

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com