കാനഡയിൽ മരം വീണ് ഇന്ത്യൻ വിദ്യാർഥിനി മരിച്ചു

Mail This Article
ബ്രിട്ടിഷ് കൊളംബിയ∙ കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിൽ ജെയിംസ് തടാകത്തിനടുത്ത് തീ കായുന്നതിനിടെ മരം വീണ് പഞ്ചാബ് സ്വദേശിനിയായ ഇന്ത്യൻ വിദ്യാർഥിനി മരിച്ചു. റിതിക രാജ്പുത്(22) ആണ് മരിച്ചത്. കെലോവ്‌നയിൽ താമസിക്കുന്ന റിതിക പ്രാദേശിക കോളജിൽ നിന്ന് ഓൺലൈനായി ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ് കോഴ്‌സ് പഠിക്കുകയായിരുന്നു.
ഡിസംബർ ഏഴിന് രാത്രിയിലാണ് സംഭവം നടന്നത്. സുഹൃത്തുക്കളുടെ കൂടെ തീ കായുന്നതിനിടെയാണ് റിതിക അപകടത്തിൽപ്പെട്ടത്. സംഭവസ്ഥലത്ത് വച്ച് തന്നെ റിതികയുടെ മരണം സംഭവിച്ചു. സംശയാസ്പദമായി ഒന്നുമില്ലെന്നും മരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് അറിയിച്ചു.
‘‘മരം വീഴുന്നത് കണ്ട് തീ കായുകയായിരുന്ന പെൺകുട്ടികൾ ഓടാൻ തുടങ്ങി. പലരും പല വഴിക്ക് ഓടി. നിർഭാഗ്യവശാൽ റിതികയുടെ തലയിലേക്ക് മരം വീഴുകയായിരുന്നു’’ എന്നാണ് ദൃക്ഷ്സാക്ഷികളിൽ ഒരാൾ വെളിപ്പെടുത്തിയിരിക്കുന്നത്. റിതികയുടെ മൃതദേഹം പഞ്ചാബിലേക്ക് കൊണ്ടുപോകുന്നതിനായി ഗോ ഫണ്ട് മീയിൽ ക്യാംപെയ്ൻ ആരംഭിച്ചിട്ടുണ്ട്.