കലിഫോർണിയയിൽ തിളപ്പിക്കാത്ത പാൽ കുടിക്കുന്നവരിൽ രോഗങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്

Mail This Article
കലിഫോർണിയ ∙ കലിഫോർണിയയിൽ പാൽ തിളപ്പിക്കാതെ കുടിക്കുന്നവരിൽ രോഗങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. പൊതുജനാരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് കലിഫോർണിയയിൽ റിപ്പോർട്ട് ചെയ്യുന്ന രോഗങ്ങളിൽ മിക്കവയും പച്ചപ്പാൽ കുടിയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ളതാണ്.
തിളപ്പിക്കാത്ത പാൽ കുടിച്ചതിനെ തുടർന്ന് പനിയും ഛർദ്ദിയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയ്ക്ക് ഇൻഫ്ളുവൻസ എ സ്ഥിരീകരിച്ചിട്ടുണ്ട്. പകർച്ചപനി മുതൽ പക്ഷിപനി വരെയുള്ള വൈറസുകളുടെ സൂചനയാണിതെന്നും അധികൃതർ വിശദമാക്കി. അതേസമയം കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.
തിളപ്പിക്കാത്ത പാൽ വിപണിയിൽ നിന്ന് പിൻവലിക്കാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്. അതിനിടെ തിളപ്പിക്കാത്ത പാൽ കുടിച്ചതിനെ തുടർന്ന് പത്ത് പേർക്ക് വിവിധ തരം രോഗമുള്ളതായി സംസ്ഥാന, പ്രാദേശിക പൊതുജനാരോഗ്യ വിദഗ്ധർക്ക് റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. പ്രാരംഭ കൗണ്ടി, സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലബോറട്ടറി നടത്തിയ പരിശോധനയിൽ ഇവരിൽ പക്ഷിപ്പനി ഇല്ലെന്ന് കണ്ടെത്തി. 10 രോഗികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വകുപ്പ് ഉടൻ നൽകിയിട്ടില്ല.
പക്ഷിപ്പനിയുടെ വ്യാപനം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. പാൽ വിതരണ മേഖലയിൽ പരിശോധനയും ആരംഭിച്ചിട്ടുണ്ട് .
തിളപ്പിക്കാത്ത പാലും സംസ്കരിക്കാത്ത ചീസും പലതരം അണുക്കളുടെ ഉറവിടമാണ്. തിളപ്പിക്കാത്ത പാൽ പക്ഷി പനി വൈറസിന് കാരണമാകുമെന്നും ലാബ് പരിശോധനകൾ ചൂണ്ടിക്കാട്ടുന്നു.
ഫ്രെസ്‌നോ ആസ്ഥാനമായുള്ള റോ ഫാമിൽ നിന്നുള്ള പച്ചപ്പാലും ക്രീം ഉൽപന്നങ്ങളും വിപണിയിൽ നിന്ന് പിൻവലിച്ചിട്ടുണ്ട്. പരിശോധനാ സാമ്പിളുകളിൽ പക്ഷിപ്പനി വൈറസ് കണ്ടെത്തിയ സാഹചര്യത്തിലാണിത്. റോ ഫാമിൽ നിന്ന് പച്ച പാൽ കുടിച്ച പൂച്ചകളിലും പക്ഷിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടതായി ലോസ് ഏഞ്ചൽസ് കൗണ്ടി പൊതുജനാരോഗ്യ വകുപ്പ് അറിയിച്ചു.
വൈറസ് വ്യാപനത്തിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള ഡയറി സിലോസിൽ സംഭരിച്ചിരിക്കുന്ന പച്ചപ്പാൽ പരിശോധിക്കുമെന്ന് യുഎസ് കാർഷിക വകുപ്പ് വ്യക്തമാക്കി.