'നിങ്ങളെല്ലാം കൊല്ലപ്പെടാൻ പോവുകയാണ്': സ്‌കൂൾ വെടിവയ്പിൽ കൂട്ടുകാരെ രക്ഷിക്കാൻ ശ്രമിച്ച അമേരി ഗാർസയുടെ പേരിൽ ടോയ്ഡ്രൈവ്

Mail This Article
മരിക്കാൻ പോകുമ്പോഴും എല്ലാവരെയും രക്ഷിക്കാൻ നോക്കിയ പെൺകുട്ടി.. മനസ്സിൽ കരുണയും ധൈര്യവുമുള്ള അമേരി ഗാർസയുടെ പേരിൽ ടോയ്ഡ്രൈവ് എന്ന പരിപാടി നടത്തിയിരിക്കുകയാണ് അവളുടെ കുടുംബം. കുട്ടികൾക്കായുള്ള കളിപ്പാട്ടശേഖരണ പരിപാടിയാണ് ടോയ്ഡ്രൈവ്. സന്നദ്ധമനസ്കർ നൽകുന്ന കളിപ്പാട്ടം കുട്ടികൾക്കായി നൽകും. യുഎസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്‌കൂൾ വെടിവയ്പ് ആക്രമണമായ സാൻഡി ഹുക് സംഭവത്തിന്‍റെ പത്താം വാർഷികത്തിലാണ് വീണ്ടും ആ അരുംകൂട്ടക്കൊല നടന്നത്.
2022ലെ 27-ാമത്തെ സ്‌കൂൾ വെടിവയ്പാണു യുഎസിൽ അന്നു സംഭവിച്ചത്. യുഎസിലെ തെക്കൻ സംസ്ഥാനമായ ടെക്‌സസിൽ സാൻ അന്‌റോണിയോ നഗരത്തിന് 100 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന യുവാൽഡി എന്ന പട്ടണത്തിലെ റോബ് എലമെന്‌ററി സ്‌കൂളിലേക്ക് തോക്കുകളുമായി ഇരച്ചുകയറിയ അതിക്രമി നടത്തിയ കൂട്ടക്കുരുതിയിൽ 19 കുരുന്നുകളാണ് മരിച്ചത്. 2 അധ്യാപകരും അക്രമത്തിന് ഇരയായി.
ആ 19 പേരിൽ ഒരാളായിരുന്നു അമേരി ജോ ഗാർസ. രക്തം വിറങ്ങലിച്ചു പോകുന്ന ഭീകരതയ്ക്കു നടുവിലും മനോസ്ഥൈര്യം നിലനിർത്തി സ്വന്തം കൂട്ടുകാരെ രക്ഷിക്കാൻ അമേരി ജോ ഗാർസ ശ്രമിച്ചു. അമേരിക്കയിൽ സ്പാനിഷ് വംശപാരമ്പര്യമുള്ള ഹിസ്പാനിക് വംശജർ പാർക്കുന്ന പട്ടണമാണ് യുവാൽഡി. താരതമ്യേന വരുമാനം കുറഞ്ഞ മേഖലയിലെ മധ്യവർഗ തൊഴിലാളികളുടെ മക്കളാണ് റോബ് എലമെന്‌ററി സ്‌കൂളിൽ പ്രധാനമായും പഠിച്ചിരുന്നത്. അമേരിയും അങ്ങനെ തന്നെ.
18 വയസ്സുകാരനായ സാൽവദോർ റാമോസ് എന്നയാളാണ് തോക്കുകളുമായി സ്‌കൂളിൽ കടന്നുകയറി ആക്രമണം നടത്തിയത്. സ്വന്തം മുത്തശ്ശിയെ വെടിവച്ചു പരുക്കേൽപിച്ച ശേഷമായിരുന്നു തന്റെ വീട്ടിൽ നിന്നു അൽപം ദൂരെമാറി സ്ഥിതി ചെയ്യുന്ന സ്‌കൂളിലേക്ക് മരണദൂതുമായി റാമോസ് പാഞ്ഞെത്തിയത്. ദീർഘകാലമായി മാനസികമായ പിരിമുറുക്കങ്ങളും അരക്ഷിതാവസ്ഥയും റാമോസിനുണ്ടായിരുന്നു.
പതിനെട്ടാം ജന്മദിനത്തിന് റാമോസ് തോക്കുകൾ വാങ്ങി. യുഎസിൽ പതിനെട്ട് തികഞ്ഞ ആർക്കും തോക്കുകൾ വാങ്ങാം എന്ന നിയമാനുകൂല്യം മുതലെടുത്തായിരുന്നു ഇത്. റോബ് എലമെന്‌ററി സ്‌കൂളിലേക്ക് കാറിലെത്തിയ റാമോസ് അമേരി പഠിക്കുന്ന ക്ലാസിലേക്ക് കടന്നുവന്നു. ബുള്ളറ്റ്പ്രൂഫ് ജാക്കറ്റും കൈയിൽ കൈത്തോക്കും റൈഫിളുമായായിരുന്നു ആ വരവ്. നിങ്ങളെല്ലാം കൊല്ലപ്പെടാൻ പോവുകയാണെന്ന് റാമോസ് ക്ലാസിൽ വിളിച്ചുപറഞ്ഞു. പേടിച്ചരണ്ട കുട്ടികൾ നിലവിളിക്കാൻ തുടങ്ങി.
എന്നാലും അപ്പോഴും മനോധൈര്യം പുലർത്തിയ അമേരി തന്റെ കൈയിലുള്ള ഫോണിൽ നിന്നു പൊലീസിനെ വിളിക്കാൻ തുടങ്ങി. അമേരിയുടെ ഈ ശ്രമം കൊലപാതകിയായ റാമോസിന്റെ ശ്രദ്ധയിൽപെട്ടു. തന്റെ കൈയിലുള്ള തോക്കുയർത്തി അമേരിയുടെ നേർക്ക് അയാൾ വെടിവയ്ക്കുകയായിരുന്നു. തൊട്ടടുത്തിരുന്ന പ്രിയ കൂട്ടുകാരിയുടെ ദേഹത്തേക്ക് അമേരിയുടെ ചേതനയറ്റ ശരീരം വീണു. മറ്റുള്ളവരെയും കൂട്ടുകാരെയും സഹായിക്കാൻ ഏറെ സന്നദ്ധതയുണ്ടായിരുന്ന അമേരി അധ്യാപകരുടെ അരുമയായിരുന്നു.