ഓവൽ ഓഫിസിലെ മേശയിൽ യുഎസ് പ്രസിഡന്റുമാർ ഒളിപ്പിച്ച ‘കൗതുകം’; വൈറ്റ് ഹൗസിൽ ഇത് മാറ്റങ്ങളുടെ പുതുവർഷം

Mail This Article
2025 നെ ഇന്ന് ലോകം വരവേൽക്കുകയാണ്. ഈ വർഷം യുഎസിന്‍റെ ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്ത് വീണ്ടുമൊരിക്കൽ കൂടി യുഎസ് പ്രസിഡന്‍റായി ഡോണൾഡ് ട്രംപ് അധികാരമേൽക്കും. ജനുവരി 20നാണ് ട്രംപ് ചുമതലയേൽക്കുക. ഏറെ പ്രിയപ്പെട്ടതായി വൈറ്റ് ഹൗസിനെ കണ്ട ജോ ബൈഡൻ അതോടെ ഔദ്യോഗിക വസതി ഒഴിയും.
പ്രസിഡന്‍റായി അധികാരമേറ്റതോടെ വൈറ്റ് ഹൗസ് മോടി പിടിപ്പിക്കാനായി ബൈഡൻ പ്രത്യേകം ശ്രദ്ധ വച്ചിരുന്നു. ഓവൽ ഓഫിസിലെ പരവതാനിയും ഫർണിച്ചറുകളും ക്രമീകരിക്കാൻ ബൈഡൻ നിയോഗിച്ചത് സഹോദരനെയായിരുന്നു. നീല പരവതാനി വേണമെന്ന് ബൈഡന് നിർബന്ധമുണ്ടായിരുന്നു. അമേരിക്കൻ പ്രസിഡന്‍റുമാരുടെ ചരിത്രത്തിൽ പാണ്ഡിത്യമുള്ള ജോൺ മെച്ച്ഹാം ഇക്കാര്യത്തിൽ ബൈഡന്‍റെ സഹോദരനെ സഹായിച്ചു.

ഓവൽ ഓഫിസിലെ മേശയിൽ ചെറിയ കൗതുകം ഒരുക്കാനും ബൈഡൻ ശ്രദ്ധവച്ചു. മേശയുടെ ചെറുവാതിലുണ്ട്. ഇതിലൂടെ താഴെ പേരക്കുട്ടിക്ക് പ്രവേശിക്കാനും ഒളിച്ചുകളിക്കാനുമെല്ലാം സൗകര്യമൊരുക്കുന്നതിനാണ് ബൈഡൻ ശ്രമിച്ചത്. ജോൺ എഫ് കെന്നഡി അമേരിക്കയുടെ പ്രസിഡന്‍റായിരുന്ന കാലത്ത് മകൻ കെന്നഡി ജൂനിയർ മേശയുടെ താഴെ ഒളിച്ചിരിക്കുന്ന പ്രശസ്തമായ ചിത്രമാണ് ഇതിന് ബൈഡനെ പ്രേരിപ്പിച്ചത്. ഈ ചിത്രത്തിന് സമാനമായ ചിത്രം ബൈഡനും പേരക്കുട്ടിയുടെകൂടെ സ്വന്തമാക്കി. ഇതും ഓവൽ ഓഫിസിൽ ബൈഡന് ഒപ്പമുണ്ട്.
മാർട്ടിൻ ലൂഥർ കിങ്, റോബര്‍ട്ട് എഫ് കെന്നഡി എന്നിവരുടെ മുഖം ആലേഖനം ചെയ്ത ശിൽപവും ബൈഡൻ വൈറ്റ് ഹൗസിൽ സൂക്ഷിക്കുന്നുണ്ട്. രാഷ്ട്രീക്കാർ മാത്രമല്ല ബൈഡൻ വൈറ്റ് ഹൗസിൽ സൂക്ഷിച്ച സവിശേഷ ശിൽപങ്ങളിലെ താരങ്ങൾ. റോസ പാർക്സ് എന്ന കറുത്ത വർഗക്കാരിയായ പോരാട്ട വനിതയാണ് ബൈഡനെ പ്രചോദിപ്പിച്ച മറ്റൊരു ഹീറോ. ഈ മഹതിക്ക് പുറമെ കർഷകരുടെ അവകാശങ്ങൾക്കായി പോരാടിയ സീസർ ഷാവേസിന്റെയും മുഖം ആലേഖനം ചെയ്ത ശിൽപവും വൈറ്റ് ഹൗസിലുണ്ട്.
മകൾ ആഷ്ലിയുടെ വിവാഹ ദിനത്തിൽ മകളുടെ കൂടെ നൃത്തം ചെയ്യുന്ന സ്വന്തം ചിത്രവും ബൈഡൻ വൈറ്റ് ഹൗസിലെ സ്വീകരണമുറിയിൽ സൂക്ഷിച്ചിരിക്കുന്നു. യുഎസ് വൈസ് പ്രസിഡന്‍റായി പ്രഖ്യാപിച്ച ദിനത്തിൽ അമ്മ കാതറിൻ യൂജീനിയ ജീൻ ബൈഡനും അന്നത്തെ യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമയുടെയും കൂടെയുള്ള ചിത്രം, റഗ്ബി ബോൾ, സത്യപ്രതിജ്ഞയ്ക്ക് ഉപയോഗിച്ച ബൈബിൾ എന്നിവയും സ്വീകരണ മുറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

സ്വകാര്യ ഡൈനിങ് റൂമിൽ കുടുംബ ചിത്രങ്ങളാണ് ബൈഡൻ അധികവും സൂക്ഷിച്ചിരുന്നത്. അതേസമയം വൈറ്റ് ഹൗസിലെ കാബിനിറ്റ് റൂമിലെ ഒരു കസേരയ്ക്ക് മറ്റുള്ളവയെ അപേക്ഷിച്ച് രണ്ട് ഇഞ്ച് കൂടുതൽ ഉയരമുണ്ട്. കാരണം അത് പ്രസിഡൻഷ്യൽ കസേരയാണ്. അത് ട്രംപിന്‍റെ കാലത്തും മാറ്റമില്ലാതെ തുടരും. ഈ കസേരകളുടെ പിൻവശത്ത് ഏത് വകുപ്പിനെയാണ് അതിൽ ഇരിക്കുന്നയാൾ പ്രതിനിധീകരിക്കുന്നതെന്ന് ആലേഖനം ചെയ്തിട്ടുണ്ട്.