വൈസ്‌മെൻ ക്ലബ് നോർത്ത് അറ്റ്ലാന്‍റിക് റീജൻ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു

Mail This Article
ന്യൂയോർക്ക്∙ "ഞാൻ സഹോദരന്‍റെ കാവൽക്കാരനോ?" എന്ന പ്രസിദ്ധമായ ബൈബിൾ ചോദ്യത്തിന് "അതേ" എന്നു ഉത്തരം നൽകുന്ന സാമൂഹിക കൂട്ടായ്മ്മയായാണ് വൈസ്‌മെൻ ക്ലബിന്‍റെ പ്രവർത്തനങ്ങളെ ഞാൻ മനസ്സിലാക്കുന്നത് എന്ന് പ്രസിദ്ധ ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഫാ. ജോസഫ് പാലക്കൽ പറഞ്ഞു. വൈസ്‌മെൻ ഇന്‍റർനാഷനൽ ക്ലബിന്‍റെ നോർത്ത് അറ്റ്ലാന്‍റിക് റീജനൽ ക്രിസ്മസ് പരിപാടികൾക്ക് മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ന്യൂയോർക്കിലെ ഫ്ലോറൽ പാർക്കിൽ ടൈസൺ സെന്‍ററിൽ വച്ചു നടത്തപ്പെട്ട സമ്മേളനത്തിനു നോർത്ത് അറ്റ്ലാന്‍റിക് റീജനിൽനിന്നുള്ള നിരവധി ക്ലബുകൾ പങ്കെടുത്തു. റീജനൽ ഡയറക്ടർ കോരസൺ വർഗീസിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ ഏരിയ പ്രസിഡന്‍റ് ഷാജു സാം, ഏരിയ പ്രസിഡന്‍റ് ഇലക്ട് ജോസഫ് കാഞ്ഞമല, റീജനൽ ഡയറക്ടർ ഇലക്ട് ജോർജ്ജ് കെ. ജോൺ, ക്ലബ്ബ് പ്രസിഡന്‍റുമാരായ തോമസ് സാമുവേൽ, ചാർളി ജോൺ, ജോസഫ് മാത്യൂസ്, വർഗീസ് പോത്താനിക്കാട്, ഫിലിപ്പ് മഠത്തിൽ, ആൻ എബ്രഹാം, സൂസമ്മ ലൂക്കോസ് എന്നിവർ നേതൃത്വം നൽകി.
കാലത്തികവിങ്കൽ ദൈവപുത്രൻ ജനിച്ചു എന്ന് പറയപ്പെടുന്നു. എല്ലാ സംഭവങ്ങൾക്കും കാലത്തിന്‍റെ ഒരു ഭാഷ്യമുണ്ടെന്നും, ഖലീൽ ജിബ്രാന്‍റെ ഭയം എന്ന കവിതയിൽ സമുദ്രത്തിലേക്ക് പതിച്ചു ഇല്ലാതാകുന്ന നദിയുടെ ഭയം, അത് സമുദ്രമായി മാറ്റപ്പെടുകയാണ് എന്ന തിരിച്ചറിവിലൂടെ ഇല്ലാതാകുന്ന തിരിച്ചറിവാണ് ഈ സംഘടനയിലൂടെ നേടുന്നതെന്നു അധ്യക്ഷൻ കോരസൺ പറഞ്ഞു.
റീജനൽ സെക്രട്ടറി ജിം ജോർജ് മാസ്റ്റർ ഓഫ് സെറിമണി ആയിരുന്നു. റീജനൽ ട്രഷറർ ഷാജി സക്കറിയ നന്ദി പറഞ്ഞു. എഡിറ്റർ സിബി ഡേവിഡ് തയ്യാറാക്കിയ സ്മരണിക പ്രകാശനം ചെയ്തു. ജേക്കബ് വർഗീസ്, അലൻ അജിത്ത് എന്നിവർ നിയന്ത്രിച്ച വിവിധ കലാപരിപാടികൾ മിഴിവേകി. ഡയനാമിസ് എന്‍റർടെയ്ൻമെന്‍റ് ബാൻഡ് സംഗീത പരിപാടി അവതരിപ്പിച്ചു.