അക്രമണം ഒറ്റയ്ക്കല്ല ; ന്യൂഓർലിയൻസ് ഭീകരാക്രമണത്തിലെ പ്രതിയ്ക്ക് ഐഎസ് ബന്ധം

Mail This Article
ന്യൂ ഓർലിയൻസ് ∙ ന്യൂഓർലിയൻസിൽ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചുകയറ്റിയ ടെക്സസ് സ്വദേശിയായ യുഎസ് പൗരൻ ഷംസുദ്ദീൻ ജബ്ബാർ (42) ഭീകരസംഘടനയായ ഐഎസിന്റെ ആശയങ്ങളിൽ ആകൃഷ്ടനായിരുന്നുവെന്നു പൊലീസ് വെളിപ്പെടുത്തി. വിമുക്തഭടനായ ഇയാൾ ആക്രമണത്തിനു മണിക്കൂറുകൾക്കുമുൻപ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ഐഎസ് ബന്ധം വ്യക്തമാക്കിയത്.
ഒറ്റയ്ക്കല്ല കൃത്യം നടത്തിയതെന്ന നിഗമനത്തിലാണ് എഫ്ബിഐ. ഐഎസ് പതാക വച്ച ട്രക്കിൽനിന്നു തോക്കുകൾക്കു പുറമേ 2 പൈപ്പ് ബോംബുകളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തിരുന്നു. റിമോട്ട് കൺട്രോൾ ഉപയോഗിച്ചു സ്ഫോടനം നടത്താവുന്ന നിലയിലായിരുന്നു ബോംബുകൾ.
പൊലീസുമായുണ്ടായ വെടിവയ്പിലാണു അക്രമി കൊല്ലപ്പെട്ടത്. 2007 ൽ യുഎസ് ആർമിയിൽ ചേർന്ന ജബ്ബാർ സൈന്യത്തിലെ ഐടി– ഹ്യുമൻ റിസോഴ്സസ് വിഭാഗത്തിലായിരുന്നു. 2009–10 ൽ അഫ്ഗാനിസ്ഥാനിൽ യുഎസ് സേനയിലുണ്ടായിരുന്നു. സ്റ്റാഫ് സർജന്റ് റാങ്കിൽ 2020 ൽ വിരമിച്ചു.