യുഎസ് ചരിത്രത്തിലെ അഞ്ചാമത്തെ വലിയ ജാക്ക്പോട്ട്; 1.22 ബില്യൻ ഡോളറിന്റെ വിൽപനയിലെ ഭാഗ്യം 'ഇന്ത്യക്കാർക്ക്', സമ്മാനം?

Mail This Article
ലോസ് ഏഞ്ചൽസ് ∙ യുഎസ്സിലെ 1.22 ബില്യൺ ഡോളറിന്റെ മെഗാ മില്യൻ ടിക്കറ്റ് വിറ്റത് കലിഫോർണിയയിലെ ഇന്ത്യൻ–അമേരിക്കൻ ഉടമസ്ഥതയിലുള്ള കൺവീനിയൻസ് സ്റ്റോറിൽ നിന്ന്. യുഎസ് ചരിത്രത്തിലെ അഞ്ചാമത്തെ വലിയ ജാക്ക്‌പോട്ടാണിത്.
ശാസ്താ കൗണ്ടിയിലെ കോട്ടൺവുഡിലുള്ള സർക്കിൾ കെ കൺവീനിയൻസ് സ്റ്റോറാണ് ടിക്കറ്റ് വിറ്റത്. ഇന്ത്യൻ– അമേരിക്കൻ വംശജരായ ജസ്പാൽ സിങ്ങും മകൻ ഇഷാർ ഗില്ലുമാണ് സ്റ്റോറിന്റെ ഉടമസ്ഥർ. കഠിനാധ്വാനത്തിന് ലഭിച്ച ഭാഗ്യമായാണ് ഇരുവരും ഇതിനെ കാണുന്നത്. ഡിസംബർ 27നാണ് സ്റ്റോറിൽ നിന്ന് 1.22 ബില്യൻ ഡോളർ വിജയിച്ച മെഗാ മില്യൺസ് ടിക്കറ്റ് വിറ്റത്.
വിജയിച്ച ടിക്കറ്റിലൂടെ സ്റ്റോറിന്റെ വിഹിതം ഇതുവരെ നിശ്ചയിച്ചിട്ടില്ല, എന്നാൽ ഇത് ഒരു മില്യൺ ഡോളറായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് ഗിൽ അഭിപ്രായപ്പെട്ടു. അതേസമയം ജാക്ക്പോട്ട് ജേതാവിനെ കണ്ടെത്താത്തതിനാൽ ഐഡൻറിറ്റി ഇതുവരെ വെളിപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ടിക്കറ്റ് വാങ്ങുന്നതിന്റെ കൃത്യമായ സമയവും വ്യക്തമല്ല. സ്റ്റോറിന്റെ ഓപ്പറേഷൻസ് ഡയറക്ടർ ഗിൽ, ഈ വിജയത്തെ അവരുടെ കുടുംബത്തിനും നഗരത്തിനും ലഭിച്ച അനുഗ്രഹമായാണ് കാണുന്നത്. ലഭിക്കുന്ന പണം കോട്ടൺവുഡിലേക്ക് വീണ്ടും നിക്ഷേപിക്കാനാണ് ഇരുവരുടെയും തീരുമാനം.