സുവർണ ജൂബിലി നിറവിൽ കെഎജിഡബ്ല്യു; ഒരു വർഷം നീളുന്ന ആഘോഷങ്ങൾക്ക് തുടക്കമായി

Mail This Article
വാഷിങ്ടൻ ഡിസി ∙ അമേരിക്കൻ മലയാളികളുടെ ആദ്യകാല സംഘടനയായ കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിങ്ടൻ (കെഎജിഡബ്ല്യു) അൻപതിന്റെ നിറവിൽ. ഒരു വർഷം നീളുന്ന സുവർണ ജൂബിലി ആഘോഷങ്ങൾക്ക് വർണാഭമായ തുടക്കം.

വാഷിങ്ടൻ ഡിസി മലയാളികളുടെ പ്രഥമ സംഘടന കൂടിയായ കെഎജിഡബ്ല്യു വിന്റെ സുവർണ ജൂബിലി വർഷത്തിലെ പ്രവർത്തന പരിപാടികളുടെ ഉദ്ഘാടനം ഡിസംബർ 15ന് ക്രിസ്മസ് നവവത്സര പരിപാടിയോടൊപ്പമാണ് തുടക്കമിട്ടത്.

ക്രിസ്‌മസിന്റെ വരവറിയിച്ച് കുട്ടികൾ നടത്തിയ തിരുപ്പിറവിയുടെ ദൃശ്യാവിഷ്കാരത്തോടെ തുടങ്ങിയ ആഘോഷങ്ങൾ സംഗീത നൃത്ത പരിപാടികളോടെ സമാപിച്ചു. സമാപന സമ്മേളനത്തിൽ 2025 ലെ പുതിയ കമ്മിറ്റിയെ പ്രസിഡന്റ് ജെൻസൺ ജോസ് സദസിന് പരിചയപ്പെടുത്തി. ജൂബിലി വർഷത്തിൽ നടത്തുന്ന പരിപാടികളുടെ രൂപരേഖ പ്രസിഡന്റ് തന്റെ സന്ദേശത്തിൽ വിവരിച്ചു.

1975 തുടങ്ങിയ സംഘടനയുടെ മുൻ പ്രസിഡൻറുമാരെയും നേതാക്കളെയും അനുസ്മരിച്ചുകൊണ്ട് രജത ജൂബിലി വർഷമായിരുന്ന 2001 ലെ പ്രസിഡന്റ് എബ്രഹാം സാമുവേലും 2025 ലെ പ്രസിഡന്റ് ജെൻസൺ ജോസും ചേർന്ന് ജൂബിലിയുടെ ലോഗോ പ്രകാശനം നടത്തി. ഒരു വർഷം നീളുന്ന പരിപാടികൾക്കാണ് വർണാഭമായ തുടക്കം കുറിച്ചത്.

തുടർന്ന് 2024 ലെ പ്രസിഡന്റ് സുഷമ പ്രവീണിനും എല്ലാ കമ്മിറ്റി അംഗങ്ങൾക്കും നന്ദി രേഖപ്പെടുത്തി ഉപഹാരം നൽകി. കലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്ന കെഎജിഡബ്ല്യു വർഷം തോറും നടത്തുന്ന ഓരോ പരിപാടികളും നടത്തിപ്പിന്റ സൂഷ്മത കൊണ്ടും കലാമേന്മകൊണ്ടും ഇതിനോടകം ഏവരുടെയും പ്രശംസ നേടിയിട്ടുണ്ട്.

കുട്ടികളുടെ സർഗവാസനകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന ടാലന്റ്റ് ടൈം കേരളത്തിലെ സ്കൂൾ കലോത്സവത്തിന്റെ നേർകാഴ്ച്ചയാണ്. പരിപാടികളിലെ പുതുമയാണ് കെഎജിഡബ്ല്യു എന്ന സംഘടനയെ വേറിട്ടു നിർത്തുന്നത്.
സാമൂഹിക സേവന പ്രവർത്തനങ്ങൾ, ധനസഹായം, തുടങ്ങി നിരവധി പരിപാടികളും ഇതോടൊപ്പം നടത്തി വരുന്നുണ്ട്. പുതിയ തലമുറയെ ഭാഷയും സംസ്കാരവും പരിചയപ്പെടുത്തി വളർത്താനും അതിന്റെ പവിത്രത കാത്തുസൂഷിക്കുന്നതിനുമായി നിരവധി കർമ പരിപാടികൾ തുടർച്ചയായി എല്ലാ വർഷവും നടത്തിവരുന്നു. യുവജനങ്ങളുടെ പരിപാടികൾ ഏകോപ്പിക്കാൻ സജീവമായ യൂത്ത് ക്ലബ്ബും ഉണ്ട്.