ലൊസാഞ്ചലസിലെ തീപിടിത്തം: മരണ സംഖ്യ പത്തായി; പ്രതികരണവുമായി സിദ്ധാർഥ് മല്യയും പാരിസ് ഹിൽട്ടണും
Mail This Article
ലൊസാഞ്ചലസ്∙ ഹോളിവുഡ് താരങ്ങളുടെ ആഡംബര മാളികകൾക്ക് പേരുകേട്ട ലൊസാഞ്ചലസിലുണ്ടായ വിനാശകരമായ തീപിടിത്തത്തിൽ താൻ സുരക്ഷിതനാണെന്ന് വിവാദ വ്യവസായി വിജയ് മല്യയുടെ മകൻ സിദ്ധാർഥ് മല്യ അറിയിച്ചു. സിദ്ധാർഥ് മല്യയും ഭാര്യ ജാസ്മിനും ലൊസാഞ്ചലസിൽ സുരക്ഷിതരാണെന്ന് ഇരുവരും അറിയിച്ചു.
"എത്തിച്ചേർന്ന എല്ലാവർക്കും നന്ദി. ജാസ്മിനും ഞാനും മൃഗങ്ങളും സുരക്ഷിതരാണ്. ലൊസാഞ്ചലസിൽ ആർക്കെങ്കിലും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ, ദയവായി ഞങ്ങളെ ബന്ധപ്പെടുക."– ലൊസാഞ്ചലസിൽ നിന്നുള്ള ഒരു ചിത്രം പങ്കിട്ടുകൊണ്ട് സിദ്ധാർഥ് മല്യ സമൂഹ മാധ്യമത്തിൽ എഴുതി.
അതേസമയം, ചൊവ്വാഴ്ച മുതൽ ഉണ്ടായ കാട്ടുതീയിൽ 10 പേരെങ്കിലും മരിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. സമീപപ്രദേശങ്ങൾ മുഴുവൻ കത്തിനശിക്കുകയും ആയിരക്കണക്കിന് താമസക്കാരെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.
അഭിനേതാക്കളായ പാരിസ് ഹിൽട്ടൺ, ആന്‍റണി ഹോപ്കിൻസ് എന്നിവരുൾപ്പെടെ നിരവധി സിനിമാ താരങ്ങൾക്കും ടെലിവിഷൻ രംഗത്തെ പ്രമുഖർക്കും തീപിടിത്തത്തിൽ വീടുകൾ നഷ്ടപ്പെട്ടു. "ഇനിയും അപകടത്തിൽപ്പെട്ടവരോ വലിയ നഷ്ടങ്ങളിൽ വിലപിക്കുന്നവരോ ഓർത്ത് എന്‍റെ ഹൃദയം വേദനിക്കുന്നു. വിനാശം സങ്കൽപ്പിക്കാൻ പോലും കഴിയാത്തതാണ്" പാരിസ് ഹിൽട്ടൺ ഇൻസ്റ്റഗ്രാമിൽ പറഞ്ഞു.
തീപിടിത്തത്തെ നേരിടാൻ കലിഫോർണിയയിലെ നാഷനൽ ഗാർഡ് സൈനികരെ നിയോഗിച്ചു. ആകാശത്ത് നിന്ന് 24 മണിക്കൂറും ഹെലികോപ്റ്ററുകളിൽ വെള്ളം തളിക്കുന്നുണ്ട്. പ്രതിസന്ധിയെ നേരിടാൻ അധിക ഫണ്ട് നൽകുമെന്ന് വാഗ്ദാനം ചെയ്ത പ്രസിഡന്‍റ് ജോ ബൈഡൻ, ആറ് മാസത്തേക്ക് സതേൺ കലിഫോർണിയയിലെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനുള്ള നടപടികളുടെ ചെലവ് ഫെഡറൽ സർക്കാർ വഹിക്കുമെന്നും പ്രഖ്യാപിച്ചു.