ലൊസാഞ്ചലസിലെ തീപിടിത്തത്തിൽ ഭിന്നശേഷിക്കാരനായ ഓസ്ട്രേലിയൻ യുവാവ് മരിച്ചു

Mail This Article
ലൊസാഞ്ചലസ്∙ ലൊസാഞ്ചലസിലെ തീപിടിത്തത്തിൽ ഭിന്നശേഷിക്കാരനായ ഓസ്ട്രേലിയൻ യുവാവ് മരിച്ചു. റോറി കാലം സൈക്സ് (32) ആണ് മരിച്ചത്. മാലിബുവിലെ അമ്മയുടെ എസ്റ്റേറ്റിലുള്ള കോട്ടേജിലായിരുന്നു റോറി ഉണ്ടായിരുന്നത്. അന്ധനായിരുന്ന റോറിക്ക് സെറിബ്രൽ പാൾസിയുമുണ്ടായിരുന്നു. അതിനാൽ തന്നെ നടക്കാൻ പ്രയാസപ്പെട്ടിരുന്നു. മോട്ടിവേഷനൽ സ്പീക്കറായി ശ്രദ്ധ നേടിയ വ്യക്തിയാണ് റോറി.
പൂർണമായും ഹൃദയം തകർന്ന അവസ്ഥയിലാണ് താനെന്ന് റോറിയുടെ അമ്മ ഷെല്ലി സൈക്സ് സമൂഹമാധ്യമത്തിൽ കുറിച്ചു. നിരന്തരമായ ചികിത്സയിലൂടെയാണ് മകന് നടക്കാൻ സാധിച്ചിരുന്നത്. വേദനകൾ മറികടന്ന് തന്നോടൊപ്പം ലോകം കാണാൻ മകൻ ആഗ്രഹിച്ചിരുന്നു.
സഹായം തേടി അടിയന്തര സേവനത്തിനുള്ള നമ്പറിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും ഷെല്ലിയുടെ കോൾ കണക്ട് ആയില്ല. 400 മീറ്ററോളം അകലെയുള്ള ഫയർ സ്റ്റേഷനിൽ വിവരം അറിയിക്കാൻ ഷെല്ലിക്ക് തനിച്ച് പോകേണ്ടി വന്നു. വീട്ടിൽ വെള്ളം ഇല്ലായിരുന്നു. ഇക്കാര്യവും ഷെല്ലി ഫയർ സ്റ്റേഷനിൽ അറിയിച്ചു. പക്ഷേ അവർ വന്നപ്പോഴേക്കും വീട് കത്തിനശിച്ചിരുന്നു.