യുഎസിലെ 51 –ാം സംസ്ഥാനമായി കാനഡയെ ചിത്രീകരിക്കുന്ന വിവാദ ഭൂപടം പങ്കുവച്ച് ട്രംപ്

Mail This Article
ഹൂസ്റ്റണ്‍∙ നിയുക്ത യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കാനഡയെ യുഎസിന്‍റെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടം സമൂഹ മാധ്യമത്തിൽ പങ്കുവച്ച സംഭവം വൻ വിവാദമായി. യുഎസിലെ 51 –ാം സംസ്ഥാനമായി കാനഡയെ മാറ്റുന്നതിനുള്ള മോഹം ട്രംപ് മുൻപ് പങ്കുവച്ചിരുന്നു.
കാനഡയെ യുഎസിന്‍റെ ഭാഗമാക്കുന്നതിന് സാമ്പത്തിക ശക്തി ഉപയോഗിക്കണമെന്ന് ട്രംപ് മുൻപ് നിര്‍ദ്ദേശിച്ചതും വലിയ വിവാദമായിരുന്നു. ട്രംപിന്‍റെ പ്രസ്താവനയെ സ്ഥാനമൊഴിഞ്ഞ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കടുത്ത രീതിയില്‍ അപലപിക്കുകയും ചെയ്തിരുന്നു.
ട്രംപ് കാനഡയെ യുഎസിലെ 51-ാമത്തെ സംസ്ഥാനമായി മാറ്റണമെന്ന തന്‍റെ ആഗ്രഹം പല തവണ ആവര്‍ത്തിച്ചിട്ടുണ്ട്. കാനഡയെ യുഎസിലേക്ക് കൂട്ടിചേർക്കുന്നതേോടെ ദേശീയ സുരക്ഷയുടെ കാര്യത്തില്‍ ഇരു രാജ്യങ്ങളെയും ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.
കാനഡയെ സംരക്ഷിക്കുന്നതില്‍ യുഎസ് വഹിക്കുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ചും ട്രംപ് പ്രസംഗിക്കുന്നുണ്ട്. കാനഡയെ യുഎസ് ഇനി സാമ്പത്തികമായി പിന്തുണയ്ക്കരുതെന്നാണ് അദ്ദേഹത്തിന്‍റെ വാദം. ‘‘എനിക്ക് കനേഡിയന്‍ ജനതയെ ഇഷ്ടമാണ്, അവര്‍ മികച്ചവരാണ്.പക്ഷേ, അത് സംരക്ഷിക്കാന്‍ ഞങ്ങള്‍ പ്രതിവര്‍ഷം കോടിക്കണക്കിന് രൂപ ചെലവഴിക്കുകയാണ് ’’ ട്രംപ് പറഞ്ഞു.
കാറുകളും തടിയും ഉള്‍പ്പെടെയുള്ള കാനഡയുടെ വ്യാപാരത്തെ യുഎസ് ഇനി ആശ്രയിക്കരുതെന്നും ട്രംപ് വാദിക്കുന്നു. ഇതിന് മറുപടിയായി കഴിഞ്ഞ ദിവസം ട്രൂഡോ ട്രംപിന്‍റെ നിര്‍ദ്ദേശങ്ങള്‍ നിരസിച്ചു രംഗത്തുവന്നിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല ഉഭയകക്ഷി ബന്ധത്തിന്‍റെ പ്രാധാന്യവും ട്രൂഡോ ഊന്നിപ്പറഞ്ഞു.
അതിനിടെ ട്രൂഡോ മന്ത്രിസഭയിലെ ധനമന്ത്രിയും ട്രംപിന്‍റെ പരാമര്‍ശത്തിനെതിരേ രംഗത്തുവന്നു. നിയുക്ത യുഎസ് പ്രസിഡന്‍റിന്‍റെ പരാമര്‍ശങ്ങള്‍ ഇനിയും തമാശയായി കാണാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. എന്തും പറയാമെന്ന ട്രംപിന്‍റെ ലൈസന്‍സിനെതിരേ കൂടിയാണ് കാനഡയില്‍ നിന്ന് ഇപ്പോള്‍ ഉയരുന്ന പ്രതിഷേധങ്ങള്‍. അത് എങ്ങനെ വികസിക്കും എന്ന് കാത്തിരുന്നു കാണുക തന്നെ ചെയ്യണം.