നടിക്ക് കൈക്കൂലി; സത്യപ്രതിജ്ഞയ്ക്ക് 10 ദിവസം മാത്രം ബാക്കി നിൽക്കെ ട്രംപിനെ നിരുപാധികം വിട്ടയച്ച് കോടതി

Mail This Article
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യാൻ 10 ദിവസം മാത്രം ബാക്കി നിൽക്കെ, രതിചിത്രനടിക്കു കൈക്കൂലി നൽകിയെന്ന കേസിൽ ഡോണൾഡ് ട്രംപിനെ ശിക്ഷയിൽ നിന്ന് ഒഴിവാക്കി കോടതിവിധി. തടവും പിഴയുമാണ് ഒഴിവാക്കിയത്. എന്നാൽ, ട്രംപ് കുറ്റക്കാരനെന്ന വിധി പ്രസ്താവം കോടതി രേഖയിൽ നിലനിർത്തും. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ട്രംപിന്റെ അഭിഭാഷകർ അറിയിച്ചു.
പഴയ പരിചയം രഹസ്യമായി സൂക്ഷിക്കുന്നതിനു പകരം നടി സ്റ്റോമി ഡാനിയൽസിനു പണം നൽകാനായി ബിസിനസ് രേഖയിൽ കൃത്രിമം കാട്ടിയെന്ന കേസിൽ കുറ്റക്കാരനായ ട്രംപിനെ നിരുപാധികം വിട്ടയച്ചാണ് മൻഹാറ്റനിലെ ജഡ്ജി ഹ്വാൻ മെർച്ചൻ ഇന്നലെ വിധി പ്രസ്താവിച്ചത്.

ഈ കേസിൽ ശിക്ഷാ വിധി റദ്ദാക്കണമെന്ന ആവശ്യം വ്യാഴാഴ്ച സുപ്രീം കോടതി നിരാകരിച്ചിരുന്നു. കോടതിയിൽ വെർച്വലായി ഹാജരായ ട്രംപ് കേസുകൾ രാഷ്ട്രീയ വേട്ടയാടലെന്ന ആരോപണം ആവർത്തിച്ചു. ‘മാനം കെടുത്താനും അങ്ങനെ ഞാൻ തിരഞ്ഞെടുപ്പിൽ തോൽക്കാനുമായി കൊണ്ടുവന്ന കേസാണിത്. അതൊന്നും ഫലം കണ്ടില്ല’– നിരപരാധിയെന്നു പ്രഖ്യാപിച്ച് ട്രംപ് ചൂണ്ടിക്കാട്ടി.