വിടവാങ്ങാൻ ബൈഡൻ; ജനുവരി 15ന് രാജ്യത്തെ അഭിസംബോധന ചെയ്യും

Mail This Article
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ ജനുവരി 15ന് ന്യൂയോർക്ക് സമയം രാത്രി 8 മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് വിടവാങ്ങൽ പ്രസംഗം നടത്തും. ജനുവരി 20നാണ് ഡോണൾഡ് ട്രംപ് പുതിയ പ്രസിഡന്‍റായി സ്ഥാനമേൽക്കുന്നത്.
രാജ്യത്തിന്‍റെ ഭാവിയെ കുറിച്ചുള്ള സന്ദേശമാകും ബൈഡന്‍റെ വിടവാങ്ങൽ പ്രസംഗമെന്നാണ് സൂചന. ഒപ്പം ഭരണകാലയളവിലെ അഭിമാനകരമായ നേട്ടങ്ങളും പരാമർശിക്കും. 4 വർഷം മുൻപ് വിടവാങ്ങൽ പ്രസംഗം നടത്തിയ ഡോണൾഡ് ട്രംപ് ബൈഡൻ ഭരണകൂടത്തിന് ആശംസകൾ നേർന്നിരുന്നു. നേരത്തെ റെക്കോർഡ് ചെയ്ത പ്രസംഗമായിരുന്നു ഇത്.
ഓവൽ ഓഫിസിൽ നിന്ന് ഇതിന് മുൻപ് ബൈഡൻ അവസാനമായി സംസാരിച്ചത്, മത്സരത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തെക്കുറിച്ച് രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴാണ്. ഡെമോക്രാറ്റുകൾക്ക് സെനറ്റ് നിയന്ത്രണം നഷ്ടപ്പെടുകയും ഹൗസ് തിരിച്ചുപിടിക്കാൻ കഴിയാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ പാർട്ടിയുടെ ഭാവി നേതൃത്വത്തെയും മുന്നോട്ടുള്ള പാതയെയും കുറിച്ചുള്ള ചോദ്യങ്ങളും ഉയരുന്നണ്ട്.