‘ഓ പൊന്നേ, നീ ജീവിച്ചിരിപ്പുണ്ട്’; കാട്ടുതീയിൽ കാണാതായ നായയെ യുവാവിന് തിരിച്ചുകിട്ടി, വിഡിയോ

Mail This Article
ലൊസാഞ്ചലസ് ∙ കാട്ടുതീയിൽ കാണാതായ തന്‍റെ നായയെ തിരിച്ചുകിട്ടിയതിന്‍റെ സന്തോഷത്തിലാണ് കേസി കോൾവിൻ എന്ന യുവാവ്. പസഫിക് പാലിസേഡ്സ് പ്രദേശത്തെ കാട്ടുതീയിൽ ഓറിയോ എന്ന നായയെ കാണാതായിരുന്നു. ജനുവരി 12ന് ഒരു പ്രഫഷനൽ ഡോഗ് ട്രാക്കറിന്‍റെ സഹായത്തോടെയാണ് ഓറിയോയെ കണ്ടെത്തിയത്. അയൽവാസിയുടെ വീടിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ അഭയം തേടിയ നിലയിലായിരുന്നു ഓറിയോ.
കോൾവിൻ ഓറിയോയെ കണ്ടയുടനെ അവനെ അടുത്തേക്ക് വിളിച്ചു. ഓറിയോ ഓടിവന്ന് കോൾവിന്‍റെ കൈകളിലേക്ക് ചാടി. "ഓ എന്‍റെ ദൈവമേ! നീ ജീവിച്ചിരിപ്പുണ്ട്! ഓ, പൊന്നേ!" വികാരാധീനനായ കോൾവിൻ സന്തോഷം പ്രകടിപ്പിച്ചു. ഈ ഹൃദയസ്പർശിയായ കണ്ടുമുട്ടൽ വിഡിയോ സമൂഹ മാധ്യമത്തിൽ വൈറലായി.
ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ചപ്പോൾ കോൾവിൻ ജോലിയിലായിരുന്നു, വീട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകളോളം പോരാടി.ജനുവരി ഏഴിന് പസഫിക് പാലിസേഡിൽ ഒഴിപ്പിക്കൽ അലർട്ട് മുഴങ്ങിയപ്പോഴാണ് ഓറിയോയ്ക്കായുള്ള തിരച്ചിൽ ആരംഭിച്ചത്. കനത്ത ഗതാഗതക്കുരുക്കിൽ കുടുങ്ങിയ കോൾവിൻ അഞ്ച് മണിക്കൂർ നീണ്ട യാത്രയ്ക്ക് ശേഷമാണ് വീട്ടിലെത്തിയത്.