ട്രംപ് വീണ്ടും; പ്രതീക്ഷയോടെ ഇന്ത്യ

Mail This Article
അമേരിക്കയുടെ അടുത്ത പ്രസിഡന്റായി ഡോണൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതു മുതൽ ലോകരാഷ്ട്രങ്ങൾ രണ്ട് ചേരിയായി മാറി. ഈ മാസം 20 ന് അദ്ദേഹം അധികാരമേൽക്കുന്നതു മുതൽ പുറത്തെടുക്കാൻ ഇടയുള്ള ഇന്ദ്രജാലങ്ങൾ സാകൂതം വീക്ഷിക്കാൻ ഒരുങ്ങിയിരിക്കുയാണ് അവരിൽ ഒരുകൂട്ടർ. ട്രംപ് സത്യപ്രതിജ്ഞ ചെയ്യുംമുൻപ് മുൻനിശ്ചയപ്രകാരമുള്ള ദൗത്യങ്ങൾ പൂർത്തീകരിക്കാനുള്ള നെട്ടോട്ടത്തിലാണ് മറ്റൊരുകൂട്ടർ.
ഇന്ത്യ രണ്ടുപക്ഷത്തുമില്ല. ട്രംപിന്റെ ആദ്യ ഊഴത്തിൽ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നിലനിന്നിരുന്ന മികച്ച ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ–യുഎസ് സൗഹൃദം കൂടുതൽ ഊഷ്മളമാകുമെന്ന് നാം പ്രതീക്ഷിക്കുന്നു. നമ്മുടെ പ്രധാനമന്ത്രിയും യുഎസ് പ്രസിഡന്റുമായി മികച്ച ബന്ധം നിലനിൽക്കുന്നതുകൊണ്ട് എല്ലാം ഭദ്രമെന്നു കരുതേണ്ടതില്ല. ഉരസലുകളും പിണക്കങ്ങളും പ്രതീക്ഷിക്കാം. എങ്കിലും ജനാധിപത്യ സംവിധാനത്തിന്റെ ചട്ടക്കൂടിനെ മാനിച്ചുകൊണ്ട് ഇരുകൂട്ടരും മുന്നോട്ടുനീങ്ങുമെന്ന് പ്രതീക്ഷിക്കുന്നതിൽ തെറ്റില്ല. ട്രംപിന്റെ രണ്ടാം വരവിനെ ശുഭാപ്തിവിശ്വാസത്തോടെ കാണുന്ന ചുരുക്കം രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.
ആഗോള വ്യവസ്ഥിതിയിൽ ചൈന ഉയർത്തുന്ന ഭീഷണിയാണ് ഇന്ത്യയെയും യുഎസിനെയും ചേർത്തുനിർത്തുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നത്. ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയനെ നേരിടുന്നതിന് ചൈനയെ സഹായിച്ചതിന്റെ കുറ്റബോധം ഇപ്പോൾ റിപ്പബ്ലിക്കൻ പാർട്ടിയെ അലട്ടുന്നുണ്ടാവാം. ആ സഹായം സ്വീകരിച്ച ചൈന സാമ്പത്തികവും സൈനികവുമായി വെല്ലുവിളിക്കുന്ന നിലയിലേക്കു വളരുമെന്ന് അവർ സ്വപ്നത്തിൽപോലും കരുതിയിരിക്കില്ല. ചൈനയുടെ ഭീഷണി നേരിടുന്നതിന് അമേരിക്ക രൂപപ്പെടുത്തിയ ബഹുമുഖ പദ്ധതികളിലൊന്നാണ് ക്വാഡ് എന്ന ചതുർരാഷ്ട്രസഖ്യം. ചൈനയെ തീർത്തും ശത്രുപക്ഷത്താക്കാനുള്ള വൈമുഖ്യം മൂലം ഇന്ത്യ അൽപം മടിച്ചുനിൽക്കുന്നതിനാൽ ക്വാഡ് ഇതുവരെ പൂർണ സൈനിക സഖ്യമായി മാറിയിട്ടില്ല.

2020 ൽ ലഡാക്കിൽ ചൈനയുമായി സംഘർഷം മൂർഛിച്ചപ്പോൾ ട്രംപ് ഭരണകൂടം ഇന്ത്യയ്ക്കു പിന്തുണ നൽകി. ധാർമികമായി പിന്തുണയ്ക്കുക മാത്രമല്ല, പർവതമേഖലകളിൽ ഉപകാരപ്പെടുന്ന ചില യുദ്ധോപകരണങ്ങൾ നൽകുകയും ചെയ്തു. ഏറ്റുമുട്ടലിലേക്കു നീങ്ങിയാൽ ഇന്ത്യയെ പിന്തുണയ്ക്കുമെന്നും വ്യക്തമാക്കി. പിന്നീട് ജോ ബൈഡൻ ചുമതലയേറ്റ ശേഷവും ചതുർരാഷ്ട്ര സഖ്യത്തെ ശക്തിപ്പെടുത്താൻ യുഎസ് ശ്രമിച്ചിരുന്നു.

ചൈനയോടുള്ള നീരസമാണ് ഇന്ത്യയെയും യുഎസിനെയും ചേർത്തുനിർത്തുന്നതെങ്കിൽ, വാണിജ്യതാൽപര്യങ്ങളും തീരുവകളുമാണ് ഇവർക്കിടയിൽ വിയോജിപ്പിന്റെ അപസ്വരങ്ങൾ ഉയർത്തുന്നത്. കഴിഞ്ഞ തവണ അധികാരത്തിലിരുന്നപ്പോൾ ഇന്ത്യയെ ഇറക്കുമതിത്തീരുവയുടെ രാജാവെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ചൈനയെ അദ്ദേഹം വാണിജ്യയുദ്ധം തന്നെ വേണ്ടിവന്നേക്കാവുന്ന തീരുവകളുടെ സാമ്രാജ്യമെന്നു വിളിച്ചു. വീണ്ടും അധികാരത്തിന്റെ ചെങ്കോലേന്തുമ്പോൾ ഇറക്കുമതി തീരുവ വിനാശകാരിയായ ആയുധങ്ങളിൽ ഒന്നായി ഉപയോഗിക്കാൻ റിപ്പബ്ലിക്കൻ പാർട്ടിയുടെ സർവാധികാരി ശ്രമിക്കുമെന്നാണ് ഇതുവരെ ലഭിച്ച സൂചനകളിൽ വ്യക്തമാകുന്നത്.

ഇതിന്റെ ആഘാതം ഇന്ത്യൻ സമ്പദ് വ്യവസ്ഥ നേരിടേണ്ടി വന്നേക്കാം. ഇന്ത്യ ഇതുവരെ ഏഷ്യ–പസിഫിക് സാമ്പത്തിക സഹകരണ (എപിഇസി) കൂട്ടായ്മയിൽ അംഗമായിട്ടില്ല. ആയിരുന്നെങ്കിൽ ചില്ലറ ആശ്വാസമെങ്കിലും ലഭിക്കുമായിരുന്നു. റഷ്യയ്ക്കും ഇറാനുമെതിരായ ഉപരോധം ഉഭയകക്ഷി ബന്ധത്തിൽ സംഘർഷം സൃഷ്ടിച്ചേക്കാവുന്ന മറ്റൊരു മേഖലയാണ്. തിരഞ്ഞെടുപ്പിനു മുൻപ് വാഗ്ദാനം ചെയ്തിരുന്നതുപോലെ എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കാൻ ട്രംപ് മുന്നിട്ടിറങ്ങിയാൽ സ്ഥിതി മെച്ചപ്പെടും. സംഘർഷം വീണ്ടും മൂർച്ഛിച്ചാൽ, ഇന്ത്യയുടെ സഹായം അദ്ദേഹം ആവശ്യപ്പെട്ടുകൂടെന്നില്ല.

മധ്യപൂർവദേശത്തെ ഇന്ത്യക്കാരിലൂടെ ഈ രാജ്യങ്ങളിൽ അഭിപ്രായരൂപീകരണം നടത്താനും ഭരണകൂടങ്ങളെ സ്വാധീനിക്കാനും യുഎസ് ഇന്ത്യയുടെ സഹായം പ്രതീക്ഷിക്കും. ഇന്ത്യയും ഇസ്രയേലുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുന്നതും യുഎസുമായുള്ള സൗഹാർദം ഉയർന്നതലത്തിൽ എത്താൻ സഹായിക്കും. വാണിജ്യത്തിൽ ഇന്ത്യയ്ക്കു നൽകിയിരുന്ന മുൻഗണനാ പദവി (ജിഎസ്പി) റദ്ദാക്കിയത് ട്രംപായിരുന്നു. ബൈഡൻ അത് പുനഃസ്ഥാപിച്ചില്ല. കച്ചവടത്തിൽ ഒരുതരം വിവേചനവും പരിഗണനകളും പാടില്ലെന്നു വാദിക്കുന്ന ട്രംപ് വീണ്ടും വരുമ്പോൾ നീക്കുപോക്ക് പ്രതീക്ഷിക്കേണ്ടതില്ല.

കഴിഞ്ഞതവണ വരുത്തിയ പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ട്രംപും സംഘവും ശ്രദ്ധാപൂർവമാണ് ആസൂത്രണം ചെയ്യുന്നത്. തുടക്കത്തിൽ 90 ദിവസത്തെ മുൻഗണനകൾ അവർ നിശ്ചയിച്ചുകഴിഞ്ഞു. ഇറക്കുമതി കുറച്ച്, ഉൽപാദനം കൂട്ടി നാട്ടിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് അദ്ദേഹം പദ്ധതിയിടുന്നത്. ഇറക്കുമതി കഴിയുന്നത്ര കുറയ്ക്കാൻ യുഎസ് കമ്പനികൾക്കു മേൽ സമ്മർദം വർധിക്കുമെന്നു വ്യക്തമായിക്കഴിഞ്ഞു.

യുക്രെയ്നിലെയും ഗാസയിലെയും യുദ്ധങ്ങൾ അവസാനിച്ചാൽ ഇന്ത്യയുടെ നിഷ്പക്ഷ നിലപാട് പ്രശ്നമാവില്ല. എങ്കിലും പ്രതിരോധ, ഊർജ മേഖലയിൽ ഇന്ത്യ റഷ്യയെ ആശ്രയിക്കുന്നത് അവസാനിപ്പിക്കണമെന്ന് ട്രംപും ആഗ്രഹിക്കുമെന്ന് ഉറപ്പാണ്. ആഗോളതലത്തിൽത്തന്നെ ആയുധവ്യാപാരം മെച്ചപ്പെടാനുള്ള അവസരങ്ങളൊന്നും പുതിയ സർക്കാർ ഇല്ലാതാക്കില്ല. റഷ്യയുടെ ആയുധ വ്യവസായം ദുർബലമാവുകയും ഇസ്രയേലിൽ നിന്നുള്ള വരവ് കുറയുകയും ചെയ്തതോടെ ഇന്ത്യ–യുഎസ് പ്രതിരോധ ഇടപാടുകൾ വർധിക്കും.

കുടിയേറ്റം നിയന്ത്രിക്കാനുള്ള നടപടികളായിരിക്കും ട്രംപ് ഭരണകൂടം ഊന്നൽ നൽകുന്ന മറ്റൊരു മേഖല. അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് അദ്ദേഹം മുൻപേ പ്രഖ്യാപിച്ചിട്ടുള്ളതാണ്. വിദഗ്ധ തൊഴിലാളികളെയും പ്രഫഷനലുകളെയും സ്വാഗതം ചെയ്യുമെന്നും പറഞ്ഞു. ഇന്ത്യയിൽ നിന്നു യുഎസിൽ എത്തിയവരിൽ കൂടുതൽ പേരും നിയമവിധേയമായിത്തന്നെ അതിർത്തികടന്നവരാണ്. അങ്ങനെയല്ലാത്തവർക്കു പ്രതിസന്ധി നേരിടേണ്ടിവരും. ട്രംപും അദ്ദേഹത്തിന്റെ വലംകയ്യായി മാറിയ പ്രമുഖ വ്യവസായി ഇലോൺ മസ്ക്കും എച്ച് 1 ബി വീസ സമ്പ്രദായത്തിനു വേണ്ടി വാദിക്കുന്നവരാണ്. പ്രഗത്ഭരായ ചെറുപ്പക്കാരെ വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യാൻ അമേരിക്കൻ കമ്പനികൾക്ക് അനുമതി നൽകുന്ന ഈ വീസ തുടക്കം മുതൽ ഇന്ത്യക്കാർക്ക് അനുഗ്രഹമായിരുന്നു.

വിദേശത്തു നിന്ന് വിദ്യാഭ്യാസത്തിനായി എത്തുന്നവർ അതിനുശേഷവും യുഎസിൽ തുടരുന്ന കാര്യത്തിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽത്തന്നെ ഭിന്നതയുണ്ട്. സമർഥരായ ഇന്ത്യൻ യുവാക്കളുടെ വരവ് തടസ്സപ്പെടാത്തവിധം ഇതെങ്ങനെ പരിഹരിക്കുമെന്ന് വ്യക്തമാവാനിരിക്കുന്നതേയുള്ളൂ. വിജയം കൈവരിച്ച ബിസിനസുകാരൻ എന്ന നിലയിൽ ഇന്ത്യയുമായുള്ള വ്യാപാര–വാണിജ്യ ബന്ധം കൂടുതൽ പുഷ്ടിപ്പെടാൻ ട്രംപ് ആഗ്രഹിക്കുന്നത് ശുഭസൂചനയാണ്. എന്നാൽ, അദ്ദേഹത്തിന്റെ പ്രവചനാതീതമായ നിലപാടുകൾ രാജ്യാന്തര തലത്തിൽ ആശങ്ക സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

ഗ്രീൻലാൻഡ് വിലയ്ക്കു വാങ്ങാൻ തയാറാണെന്നും പാനമ കനാൽ വിട്ടുകിട്ടണമെന്നും കാനഡ യുഎസിന്റെ അമ്പത്തിയൊന്നാമത്തെ സംസ്ഥാനമാകണമെന്നുമുള്ള പ്രസ്താവനകൾ മൊത്തത്തിൽ അലോസരം സൃഷ്ടിച്ചിട്ടുണ്ട്. അദ്ദേഹം ഉദ്ദേശിക്കുന്ന മറ്റു ചില കാര്യങ്ങൾ നടപ്പാക്കുന്നതിനുള്ള മറയായി ഇതിനെ കാണുന്നവരുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങിന് ഏതാനും ലോകനേതാക്കളെ ക്ഷണിച്ചതുതന്നെ പലതരം അഭ്യുഹങ്ങൾക്കു വഴിമരുന്നിട്ടു.

അടുത്ത സുഹൃത്ത് എന്നു കരുതുന്ന ഇന്ത്യയുടെ പ്രധാനമന്ത്രിയെ ക്ഷണിക്കാതെ ചൈനയുടെ പ്രസിഡന്റ് ഷി ചിൻ പിങ്ങിനു ക്ഷണംപോയതു തന്നെ പ്രവചനാതീതമായ മനോനില വ്യക്തമാക്കുന്നു. അമേരിക്കയുടെ ഇംഗിതത്തെപ്പറ്റി ലോകം ഊഹിക്കേണ്ടിവരുന്നത് നല്ല സൂചനയല്ല. ലോകസമാധാനത്തിനും സുസ്ഥിരതയ്ക്കും അത് ഭീഷണി സൃഷ്ടിക്കും. പക്ഷേ, ട്രപ് 2.O യുടെ മുഖമുദ്ര അതായിരിക്കും.