ഗായകനെ കെട്ടിപ്പിടിച്ച് ആരാധികയുടെ ദീർഘചുംബനം; വില്ലനായി വിഡിയോ, വിവാഹ മോചനം തേടി ഭർത്താവ്

Mail This Article
ന്യൂയോർക്ക് ∙ അമേരിക്കയിലെ പ്രശസ്ത ഗായകനായ റോമിയോ സാന്റോസിന്റെ പരിപാടിക്കെത്തിയ അദ്ദേഹത്തിന്റെ ആരാധിക മിറിയം ക്രൂസിന് തന്റെ ഇഷ്ടതാരത്തെ കണ്ടപ്പോൾ ആവേശം അടക്കാനായില്ല. സംഗീതപരിപാടിയുടെ ആവേശവും കൂടിയായതോടെ മിറിയം സ്റ്റേജിലേക്ക് ഓടിച്ചെല്ലുകയും റോമിയോയെ കെട്ടിപ്പിടിച്ച് ചുണ്ടിൽ ദീർഘചുംബനം നൽകുകയും ചെയ്തു.
ഇതിന്റെ വിഡിയോ താമസിയാതെ സമൂഹമാധ്യമത്തിൽ താമസിയാതെ പ്രചരിച്ചു. എന്നാൽ തന്റെ ദാമ്പത്യജീവിതത്തിൽ ഇതൊരു പ്രശ്നം സൃഷ്ടിക്കാൻ പോകുകയാണെന്ന് മിറിയം അറിയാൻ പോകുന്നതേയുണ്ടായിരുന്നുള്ളൂ. ധാരാളം ആരാധകരുള്ള ഒരു ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറാണു മിറിയം. ഡെയ്ഷ ഒഫീഷ്യൽ എന്ന സ്ക്രീൻ നാമത്തിലാണ് ഇവർ ഇൻസ്റ്റഗ്രാമിലുള്ളത്. ഒന്നേകാൽ ലക്ഷത്തോളം ഫോളോവേഴ്സ് അവർക്ക് സമൂഹമാധ്യമത്തിലുണ്ട്. വിഡിയോ പലവഴിയിൽ പ്രചരിച്ച് ഒടുവിൽ മിറിയത്തിന്റെ ഭർത്താവിന്റെ പക്കലുമെത്തി.
വിഡിയോ കണ്ട് ക്ഷുഭിതനായ ഭർത്താവ് മിറിയത്തിനെതിരെ വിവാഹ മോചന ഹർജി നൽകിയിരിക്കുകയാണെന്നാണ് പ്രചരിക്കുന്ന വിവരം. പത്തുവർഷത്തോളമായ വിവാഹത്തിൽ കുട്ടികളുമുണ്ട്. പിന്നീട് ഭർത്താവിനോട് ക്ഷമാപണം നടത്തി മിറിയം ഒരു വിഡിയോ പുറത്തിറക്കി. തന്റെ പത്തുവർഷമായ വിവാഹത്തിന്റെ വിലയുണ്ടായിരുന്നു ആ ചുംബനത്തിനെന്ന് അവർ വിഡിയോയിൽ പറഞ്ഞു.
എന്നാൽ ചുംബനം നൽകിയതിൽ തനിക്കു വിഷമമോ പശ്ചാത്താപമോ ഇല്ലെന്നും റോമിയോ സാന്റോസിനെ താൻ അത്രയ്ക്ക് ആരാധിക്കുന്നുണ്ടെന്നും മിറിയം പറഞ്ഞു. എന്നാൽ ഭർത്താവിനെ വിഷമിപ്പിച്ചതിൽ താൻ ക്ഷമ പറയുന്നെന്നും വിവാഹ മോചന തീരുമാനത്തിൽനിന്നു ഭർത്താവ് പിന്മാറുമെന്നാണു പ്രതീക്ഷയെന്നും അവർ ആ വിഡിയോയിൽ പറഞ്ഞു. മിറിയത്തിന്റെ ആരാധകരും വിഷയത്തിൽ രണ്ടു തട്ടിലായി.
മിറിയം ചെയ്തത് വിവാഹബന്ധത്തിന് എതിരായ കാര്യമാണെന്നായിരുന്നു പലരുടെയും അഭിപ്രായം. എന്നാൽ ഭർത്താവിനും വിമർശനം വന്നു. ഭർത്താവിന്റെ അരക്ഷിതത്വ ബോധമാണ് ഈ നീക്കത്തിലേക്കു നയിച്ചതെന്നായിരുന്നു ആ വിമർശനം. എന്നാൽ പത്തുവർഷമായി ഒരുമിച്ചു കഴിഞ്ഞതല്ലേ, ഈയൊരു സംഭവം പറഞ്ഞുതീർക്കണമെന്നും വിവാഹ മോചന തീരുമാനം മാറ്റണമെന്നുമാണ് ന്യൂട്രൽ രീതിയിൽ ചിലർ അഭിപ്രായം പറഞ്ഞത്. ന്യൂയോർക്കിലെ ബ്രോങ്ക്സിൽ രൂപപ്പെട്ട ഡൊമിനിക്കൻ സംഗീത ബാൻഡായ അവഞ്ചുറയിലെ അംഗമായിരുന്നു റോമിയോ. ഇന്ന് ഈ ബാൻഡ് ഇല്ല. എന്നാൽ ബാൻഡ് അംഗങ്ങൾ കുറച്ചുകാലത്തേക്ക് പുനസംഘടിച്ച് നടത്തിയ റിയൂണിയൻ ടൂറിലാണു വിവാദ ചുംബനം ഉണ്ടായത്.