ADVERTISEMENT

ലൊസാഞ്ചലസ് ∙ ജീവൻ തിരിച്ചുകിട്ടിയതിന്റെ ആശ്വാസമുണ്ട്. പക്ഷേ, വീട് പകുതി കത്തിയമർന്നു. വിലപിടിപ്പുള്ള പലതും നഷ്ടപ്പെട്ടു. അവ എങ്ങനെ വീണ്ടെടുക്കുമെന്നറിയില്ല’– ലൊസാഞ്ചലസ് വിമാനത്താവളത്തിനു സമീപം സഹോദരി ഡോ. താരയുടെ വീട്ടിലിരുന്നാണ് ഹോളിവുഡ് സംവിധായികയും മലയാളിയുമായ മീര മേനോൻ സിനിമയെ വെല്ലുന്ന രക്ഷപ്പെടലിന്റെ കഥ പറ‍ഞ്ഞത്.

ലൊസാഞ്ചലസിന്റെ വടക്കുഭാഗത്തുള്ള ആൾട്ട ഡീനയിലാണു മീരയും കുടുംബവും താമസിക്കുന്നത്. ഹോളിവുഡ് സിനിമാപ്രവർത്തകരാണ് അയൽക്കാർ. സൻഡാൻസ് ഫെസ്റ്റിവലിലേക്കു തന്റെ ‘ഡിഡിന്റ് ഡൈ’ എന്ന ചിത്രം തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലായിരുന്നു ‍മീരയും ഭർത്താവ് പോൾ ഗ്ലീസനും. 22നു തുടങ്ങുന്ന മേളയിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലുമായിരുന്നു.

ഏഴാം തീയതി ഉച്ചയ്ക്കുശേഷം വീട്ടിലെത്തുമ്പോൾ വൈദ്യുതി ഇല്ലായിരുന്നു. സാധാരണ അങ്ങനെ സംഭവിക്കാറില്ല. സുഹൃത്തുക്കളോട് അന്വേഷിച്ചപ്പോഴാണു കാട്ടുതീയെപ്പറ്റി അറിഞ്ഞത്. കാട്ടുതീ ഇവിടെ സാധാരണ സംഭവമാണ്. ടൗണിനെ ബാധിക്കാറില്ല. വൈദ്യുതി ഇല്ലാത്തതിനാൽ ടിവി കാണാനോ ജോലി ചെയ്യാനോ പറ്റുമായിരുന്നില്ല. 3 വയസ്സുള്ള മകൾ ലക്ഷ്മിക്ക് ഉറക്കം വരുന്നുണ്ടായിരുന്നു. രാത്രി 7 മണിയോടെ ഭക്ഷണം കഴിച്ച് കിടന്നു. ചെറുതായി മയങ്ങിയപ്പോഴാണ് വാതിലിൽ ആരോ മുട്ടുന്നതുപോലെ തോന്നിയത്. അടുത്തുള്ള വീട്ടിലെ ജെയിൻ ആന്റിയാണ്. അവർ പലപ്രാവശ്യം ഫോണിൽ വിളിച്ചിരുന്നെങ്കിലും സ്വിച്ച്ഡ് ഓഫ് ആയിരുന്നു. കോളിങ് ബെൽ പ്രവർത്തിക്കുന്നുമില്ലായിരുന്നു. അതിനാലാണ് പടികയറിയെത്തി വാതിലിൽ മുട്ടിയത്.

കയ്യിൽ കിട്ടിയ സാധനങ്ങളും രേഖകളും എടുത്ത് ഞങ്ങൾ കാറിൽ കയറി. റോഡിലെത്തിയപ്പോഴാണു സംഭവത്തിന്റെ ഭീകരത മനസ്സിലായത്. ഇരുവശത്തുമുള്ള മലകളിൽ തീപടരുകയാണ്. 25 കിലോമീറ്റർ അകലെ ചേച്ചി താരയുടെ വീട്ടിലെത്തിയത് ഒരുമണിക്കൂറുകൊണ്ടാണ്. പിറ്റേന്ന് ഉണർന്നപ്പോഴാണ് ഞങ്ങളുടെ വീടിന്റെ പകുതിഭാഗം കത്തിനശിച്ച കാര്യം അറിഞ്ഞത്. ഞങ്ങൾ രക്ഷപ്പെട്ട് ഒരുമണിക്കൂർ കഴിഞ്ഞപ്പോഴേക്കും ടൗണും റോഡുകളുമെല്ലാം തീവിഴുങ്ങിയിരുന്നു.

മീരയുടെ ലൊസാഞ്ചലസ് ആൾട്ട ഡീനയിലെ വീട്. ഇതു ഭാഗികമായി കത്തിനശിച്ചു.
മീരയുടെ ലൊസാഞ്ചലസ് ആൾട്ട ഡീനയിലെ വീട്. ഇതു ഭാഗികമായി കത്തിനശിച്ചു.

വീടിനുള്ളിലെ മെഴുകുതിരിവെളിച്ചം കണ്ടാണു ജെയിൻ ആന്റി കയറിവന്നത്. അവർ വന്നില്ലായിരുന്നെങ്കിൽ കഥ എന്താകുമായിരുന്നുവെന്നു ചിന്തിക്കാനാകുന്നില്ല – മീര പറഞ്ഞു. ഹോളിവുഡിൽ അനിമേഷൻ ജോലി ചെയ്യുകയാണ് മീരയുടെ ഭർത്താവ് പോൾ. ഇരുവരും ചേർന്നാണ് ‘ഡിഡിന്റ് ഡൈ’യുടെ തിരക്കഥ എഴുതിയത്. യൂണിവേഴ്സിറ്റി ഓഫ് സതേൺ കലിഫോർണിയയിലെ സ്കൂൾ ഓഫ് സിനിമാറ്റിക് ആർട്സിൽനിന്നു സംവിധാനത്തിൽ ബിരുദാനന്തരബിരുദം നേടിയയാളാണു മീര. ‘മിസ് മാർവൽ’ എന്ന വെബ് സീരീസിലെ 2 എപ്പിസോഡ് സംവിധാനം ചെയ്തു. ഇക്വിറ്റി, ഫാറ ഗോസ് ബാങ് എന്നിവയാണു മറ്റു പ്രധാന ചിത്രങ്ങൾ. പാലക്കാട് സ്വദേശിയായ ചലച്ചിത്രനിർമാതാവ് താരാ ആർട്സ് വിജയൻ മേനോനാണ് അച്ഛൻ.

English Summary:

Meera Menon, a Malayalee and Hollywood film director, shares her harrowing experience of escaping the devastating wildfires in Los Angeles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com