പ്രൊബേഷൻ അവസാനിച്ചത് ആഘോഷമാക്കി യുവതിയുടെ നൃത്തം; ഫ്ലൈറ്റ് അറ്റൻഡന്റിനെ പിരിച്ചുവിട്ട് എയർലൈൻസ്

Mail This Article
അലാസ്ക ∙ യൂണിഫോമിൽ ടിക് ടോക്ക് വിഡിയോ പോസ്റ്റ് ചെയതതിന് ഫ്ലൈറ്റ് അറ്റൻഡന്റിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. അലാസ്ക എയർലൈൻസിലെ ഫ്ലൈറ്റ് അറ്റൻഡന്റായ നെല്ലെ ഡയലയാണ്, പ്രൊബേഷൻ കാലയളവ് അവസാനിച്ചതിന്റെ സന്തോഷത്തിൽ യൂണിഫോമിൽ നൃത്തം ചെയ്തത്. തുടർന്ന് ഇത് സമൂഹ മാധ്യമമായ ടിക് ടോക്കിൽ പങ്കുവച്ചു.
കമ്പനിയുടെ സോഷ്യൽ മീഡിയ മാർഗ്ഗനിർദേശങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് എയർലൈൻ യുവതിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. അതേസമയം താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് ഡയല പറയുന്നത്. ഫ്ലൈറ്റിൽ ക്യാപ്റ്റൻ വരുന്നതിന് രണ്ട് മണിക്കൂർ മുൻപാണ് താൻ വിഡിയോ ചിത്രീകരിച്ചതെന്നും ആ സമയം മറ്റ് ജീവനക്കാരോ യാത്രക്കാരോ വിമാനത്തിൽ ഉണ്ടായിരുന്നില്ലെന്നും ഡയല വ്യക്തമാക്കി.
“ഒരു നിമിഷം പോലും എനിക്ക് എല്ലാം നഷ്ടമാകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല,” ഡയല പറഞ്ഞു. വിഡിയോയിൽ എവിടെയും തന്റെ തൊഴിലുടമയുടെ പേര് പരാമർശിച്ചിട്ടില്ലെന്നും യുവതി കൂട്ടിച്ചേർത്തു.