ബ്രസോറിയ കൗണ്ടി ഡപ്യൂട്ടിയെ വെടിവെച്ചുകൊന്ന പ്രതിയെ പൊലീസ് വധിച്ചു

Mail This Article
ഹൂസ്റ്റൺ∙ ബ്രസോറിയ കൗണ്ടി ഡപ്യൂട്ടി ജീസസ് ജെസി വർഗാസിനെ വെടിവെച്ചുകൊന്ന പ്രതിയെ പൊലീസ് വധിച്ചു. റോബർട്ട് ലീ ഡേവിസ് എന്ന പ്രതിയെ ബുധനാഴ്ച വൈകുന്നേരം 5.15 ഓടെ ഡോളർ ട്രീ സ്റ്റോറിന് പിന്നിൽ വച്ചാണ് പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്.
സ്റ്റെല്ല ലിങ്ക് റോഡിലെ 9300 ബ്ലോക്കിൽ വച്ചാണ് വർഗാസിന് വെടിയേറ്റത്. യുഎസ് മാർഷൽസ് ഗൾഫ് കോസ്റ്റ് വയലന്‍റ് ഒഫെൻഡേഴ്‌സ് ടാസ്‌ക് ഫോഴ്‌സിൽ അംഗമായിരുന്ന വർഗാസ് 17 വർഷമായി ബ്രസോറിയ കൗണ്ടി ഷെരീഫ് ഓഫിസിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
റോബർട്ട് ലീ ഡേവിസ് എന്ന പേരിലും അറിയപ്പെടുന്ന ഷോൺ ക്രിസ്റ്റഫർ ഡേവിസ് എന്ന 56കാരനാണ് പ്രതിയെന്ന് ഹൂസ്റ്റൺ പൊലീസ് ഡിപ്പാർട്ട്‌മെന്‍റ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചിരുന്നു. നീല നൈക്ക് ഹൂഡിയും നീല ജീൻസും ധരിച്ച അഞ്ചടി പത്ത് ഇഞ്ച് ഉയരവും 200 പൗണ്ട് ഭാരവുമുള്ളയാളാണ് ഡേവിസ്.
പ്രതിക്കായി വാറണ്ട് നൽകുന്നതിനിടെയാണ് വർഗാസിന് വെടിയേറ്റതെന്ന് പൊലീസ് പറഞ്ഞു. വെടിവയ്പ്പിനെ തുടർന്ന് പ്രതി ഒളിവിൽ പോയി. തുടർന്ന് പ്രതിയെ കണ്ടെത്തിയ പൊലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് വെടിവയ്പ്പ് ഉണ്ടായതും പ്രതി കൊല്ലപ്പെട്ടതും.