ട്രംപ് കൈക്കൂലി നൽകിയ രതിചിത്ര നടി; മാധ്യമപ്രവർത്തകയാകാൻ ആഗ്രഹിച്ച് നഗ്നനർത്തകിയായ സ്റ്റോമി

Mail This Article
ഡാലസ് ∙ യുഎസ് പ്രസിഡന്റായി അധികാരമേറ്റെടുക്കുന്നതിന് ദിവസങ്ങൾക്കു മുൻപാണ് ട്രംപിനെതിരെ കോടതി ഒരു വ്യത്യസ്തമായ വിധി പുറപ്പെടുവിച്ചത്. രതിചിത്രനടിക്കു കൈക്കൂലി നൽകിയെന്ന കേസിൽ ട്രംപ് കുറ്റക്കാരൻ തന്നെയെന്ന് ആവർത്തിച്ച കോടതി എന്നാൽ അദ്ദേഹത്തെ ശിക്ഷയൽ നിന്നൊഴിവാക്കി.
ട്രംപ് കുറ്റക്കാരനെന്ന വിധി പ്രസ്താവം നിലനിൽക്കപ്പെടും എന്നതാണ് ഈ കേസിലെ കൺക്ലൂഷൻ. രതിചിത്ര നടി സ്റ്റോമി ഡാനിയേൽസിനു പണം കൊടുത്തതു മൂടിവയ്ക്കാൻ ബിസിനസ് രേഖകളിൽ കൃത്രിമം നടത്തിയെന്ന കേസ് യുഎസിൽ വലിയ തരംഗവും വിവാദവുമാണു സൃഷ്ടിച്ചത്. ഹഷ് മണി കേസ് എന്ന പേരിൽ ഇതു കുപ്രസിദ്ധമായി.
2016ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുൻപായിരുന്നു പണം കൈമാറൽ. സ്റ്റെഫനി ക്ലിഫോർഡ് എന്നാണ് സ്റ്റോമി ഡാനിയേൽസിന്റെ യഥാർഥ പേര്. 45 വയസ്സുകാരിയായ ഇവർ യുഎസിലെ ലൂസിയാനയിൽ നിന്നുള്ള വനിതയാണ്. രതിചിത്രങ്ങൾക്കു പുറമേ ഫോർട്ടി ഇയർ ഓൾഡ് വെർജിൻ, നോക്ക്ഡ് അപ് തുടങ്ങിയ ഹിറ്റ് ഹോളിവുഡ് ചിത്രങ്ങളിലും ചെറിയ റോളുകളിൽ ഇവർ പ്രത്യക്ഷപ്പെട്ടിരുന്നു.

യുഎസ് പ്രസിഡന്റുമാരുമായി ബന്ധപ്പെട്ട് ലൈംഗിക, പ്രണയ വിവാദങ്ങളൊക്കെ നേരത്തെ തന്നെയുണ്ട്. ജോൺ എഫ്. കെന്നഡി മെർലിൻ മൺറോയുമായി വിവാഹേതര ബന്ധം പുലർത്തിയിരുന്നെന്നത് അക്കാലത്തെ വലിയ ഗോസിപ്പുകളിലൊന്നായിരുന്നു. പിൽക്കാലത്ത് ലോകത്തെ തന്നെ ഞെട്ടിച്ച ലൈംഗിക വിവാദമായിരുന്നു ബിൽ ക്ലിന്റനും മോണിക്ക ലെവിൻസ്കിയുമായുള്ളത്. വൈറ്റ്ഹൗസിലെ ഒരു ഉദ്യോഗസ്ഥയായിരുന്ന ലെവിൻസ്കി ലോകപ്രശസ്തയായി ഇതോടെ മാറി.

എന്നാൽ സ്റ്റോമി ഡാനിയേൽസുമായി ബന്ധപ്പെട്ടുള്ള വിവാദം വ്യത്യസ്തമാണ്. രതിചിത്രനടിയും നഗ്ന നർത്തകിയുമായ വനിതയുമായി യുഎസ് പ്രസിഡന്റിന്റെ പേര് ഉയർന്നു കേട്ടതാണ് അതിനു വലിയ മാധ്യമശ്രദ്ധ ഉറപ്പിച്ചു കൊടുത്തത്. വിവാദമുയർന്ന ശേഷം ധാരാളം അഭിമുഖങ്ങളും ടിവി പരിപാടികളുമെല്ലാം സ്റ്റോമിയുടേതായി പുറത്തിറങ്ങി.
1997ൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇവർ ഒരു മാധ്യമപ്രവർത്തകയാകാനാണ് അക്കാലത്ത് ആഗ്രഹിച്ചിരുന്നത്. എന്നാൽ വളരെ പരിമിതമായ സാഹചര്യങ്ങളുള്ള ഒരു വീട്ടിൽ നിന്നു വന്നതിനാൽ അതിനുള്ള ചെലവു കണ്ടെത്താൻ തനിക്കു കഴിയില്ലായിരുന്നെന്ന് സ്റ്റോമി പറഞ്ഞിട്ടുണ്ട്.

സ്റ്റോമിയുടെ മാതാപിതാക്കൾ അവർക്ക് 3 വയസ്സുള്ളപ്പോൾ വേർപിരിഞ്ഞിരുന്നു. പിന്നീട് ഒരു ക്ലബിൽ നഗ്നനർത്തകിയായി. 2004 കാലഘട്ടത്തിലാണ് രതിചിത്രങ്ങളിൽ സ്റ്റോമി അഭിനയിക്കാൻ തുടങ്ങിയത്. 2006ൽ ആണ് കേസിനാസ്പദമായുള്ള സംഭവം നടന്നതെന്ന് സ്റ്റോമി പറഞ്ഞിട്ടുണ്ട്. എന്നാൽ 10 വർഷങ്ങൾക്കുശേഷം പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ നേരിടാൻ തുനിയവേ ഇക്കാര്യം പൊന്തിവരാതിരിക്കാനായി ട്രംപിന്റെ അഭിഭാഷകനായ മൈക്കൽ കോഹൻ 1.3 ലക്ഷം യുഎസ് ഡോളർ (ഏകദേശം 1 കോടി രൂപയോളം ) കൈമാറുകയായിരുന്നു.

പിന്നീട് താൻ ട്രംപിനെതിരെ പറയാൻ ശ്രമിച്ചപ്പോൾ ആക്രമണഭീഷണിയുണ്ടായെന്നും സ്റ്റോമി പിന്നീട് വെളിപ്പെടുത്തിയിരുന്നു. മൈക്കൽ കോഹൻ പിന്നീട് ജയിലിലായിരുന്നു. രാഷ്ട്രീയത്തിലും സ്റ്റോമി തന്റെ ഭാഗ്യം പരീക്ഷിച്ചിരുന്നു. 2010ൽ സെനറ്റംഗം ഡേവിഡ് വിറ്ററിനെതിരെ ലൂസിയാനയിൽ അവർ റിപ്പബ്ലിക്കാൻ സ്ഥാനാർഥിയാകാൻ ശ്രമിച്ചു. ഇതിനായി വിവിധ ക്യാംപെയ്നുകൾ സ്റ്റോമി നടത്തിയെങ്കിലും പിന്നീട് മത്സരരംഗത്തുനിന്ന് പിന്മാറി.

ലൂസിയാനയാണു ജന്മദേശമെങ്കിലും ടെക്സസിലെ ഫോർണി പട്ടണത്തിലാണു സ്റ്റോമിയുടെ താമസം. കുതിരയോട്ടത്തിൽ കമ്പക്കാരിയായ ഇവർ കുറേ കുതിരകളുടെ ഉടമയുമാണ്. 2018ൽ സ്റ്റോമിയെ ഒഹായോയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിയമങ്ങൾക്കു വിരുദ്ധമായി ഡാൻസ് ബാറിൽ പ്രവർത്തിക്കുന്നു എന്നതായിരുന്നു കേസ്. എന്നാൽ 2019ൽ ഒരു അന്വേഷണകമ്മിറ്റി ഈ അറസ്റ്റ് നിയമപ്രകാരമല്ലായിരുന്നെന്ന് കണ്ടെത്തി.