മിഷേലിന് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് താല്‍പ്പര്യമില്ല; സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കില്ല

Mail This Article
ഹൂസ്റ്റണ്‍∙ മുന്‍ യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമയും നിയുക്ത യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മില്‍ ഊഷമളമായി സംസാരിക്കുന്നതിന്‍റെ വിഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് പരസ്പരം വെല്ലുവിളിച്ച് നടന്നിരുന്ന ഇരുവരും സൗഹൃദം പങ്കുവയ്ക്കുന്നത് എക്‌സ് അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിലാണ് വൈറലായത്. എന്നാലിപ്പോള്‍ ട്രംപിന്‍റെ സ്ഥാനാരോണ ചടങ്ങില്‍ മിഷേല്‍ ഒബാമ പങ്കെടുക്കില്ലെന്ന വിവരമാണ് പുറത്തുവരുന്നത്.
ഡോണൾഡ് ട്രംപിന്‍റെ സ്ഥാനാരോഹണ ചടങ്ങില്‍ മിഷേല്‍ ഒബാമ പങ്കെടുക്കില്ലെന്ന് അവരുടെ ഓഫിസ് സ്ഥിരീകരിച്ചു. എന്നാല്‍ ഇതിനുള്ള കാരണം വ്യക്തമായിട്ടില്ല. അതേസമയം ഒബാമ പരിപാടിയില്‍ പങ്കെടുക്കുമെന്ന് അദ്ദേഹത്തിന്‍റെ ഓഫിസ് സ്ഥിരീകരിച്ചിട്ടുണ്ട്.
രണ്ടാഴ്ചയ്ക്കിടെ മിഷേല്‍ ഒബാമയും ട്രംപും നേരിട്ട് കാണുന്നത് ഒഴിവാക്കുന്ന രണ്ടാമത്തെ പരിപാടിയാണിത്. ആദ്യത്തേത് മുന്‍ പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടറുടെ ശവസംസ്‌കാര ചടങ്ങായിപുന്നു. മിഷേല്‍ ഒബാമ പരിപാടിയില്‍ പങ്കെടുത്തിരുന്നെങ്കില്‍, അവര്‍ ഡോണൾഡ് ട്രംപിന്‍റെ അടുത്ത് ഇരിക്കേണ്ടി വരുമായിരുന്നു. അവരുടെ അഭാവത്തില്‍, ഒബാമ ഡോണൾഡ് ട്രംപിന്‍റെ അരികില്‍ ഇരുന്നു.
അന്ന് ഇരുവരും സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെട്ടതാണ് വൈറലായത്. അവര്‍ എന്താണ് ചര്‍ച്ച ചെയ്തതെന്ന് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ജിമ്മി കാര്‍ട്ടറുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാതിരുന്നതിന് കാരണമായി മിഷേല്‍ ഒബാമ പറഞ്ഞത് താൻ ഹവായിയില്‍ ആയിരുന്നെന്നാണ്.
മുന്‍ യുഎസ് പ്രസിഡന്‍റ് ബില്‍ ക്ലിന്‍റണും ഭാര്യ ഹിലരി ക്ലിന്‍റണും മുന്‍ യുഎസ് പ്രസിഡന്‍റ് ജോര്‍ജ് ഡബ്ല്യു. ബുഷും ഭാര്യ ലോറ ബുഷും പങ്കെടുക്കും. 2017 ജനുവരിയില്‍ ട്രംപിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഒബാമ ദമ്പതികള്‍, സ്ഥാനമൊഴിയുന്ന വൈസ് പ്രസിഡന്‍റ് ജോ ബൈഡന്‍, ഭാര്യ ഡോ. ജില്‍ ബൈഡന്‍, ഹിലരി ക്ലിന്‍റണ്‍, മുന്‍ പ്രസിഡന്‍റ് ബില്‍ ക്ലിന്‍റണ്‍, മുന്‍ പ്രസിഡന്‍റ് ജോര്‍ജ്ജ് ഡബ്ല്യു. ബുഷ്, മുന്‍ പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.
2017 ലെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഭാര്യ മെലാനിയ ട്രംപ്, ഇവാൻക ട്രംപ്, ഭര്‍ത്താവ് ജാരെഡ് കുഷ്നര്‍, ഡോണൾഡ് ട്രംപ് ജൂനിയര്‍, വനേസ ട്രംപ്, എറിക് ട്രംപ്, ടിഫാനി ട്രംപ്, ബാരണ്‍ ട്രംപ് എന്നിവരുള്‍പ്പെടെ ട്രംപിന്‍റെ കുടുംബത്തിലെയും അടുത്ത വൃത്തങ്ങളിലെയും നിരവധി പ്രധാന അംഗങ്ങളും പങ്കെടുത്തു. അതേസമയം ട്രംപ് ജോ ബൈഡന്‍റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല.