ഗ്രേസ് ബേ റോഡിൽ വെടിവയ്പ്പ്; കുക്ക് കൗണ്ടി ഡപ്യൂട്ടി ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു, ഒരാൾക്ക് പരുക്ക്

Mail This Article
ഷിക്കാഗോ ∙ ശനിയാഴ്ച രാത്രി ടർക്‌സ് ആൻഡ് കെയ്‌കോസ് ദ്വീപുകളിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ കുക്ക് കൗണ്ടി ഡപ്യൂട്ടി വെടിയേറ്റ് കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ഗ്രേസ് ബേ റോഡിലെ റസ്റ്ററന്റിന് സമീപം രാത്രി 10നായിരുന്നു സംഭവം.
സംഭവത്തിൽ മൂന്ന് പേർക്ക് വെടിയേറ്റു. രണ്ട് പേർ കൊല്ലപ്പെട്ടതായി റോയൽ ടർക്‌സ് ആൻഡ് കെയ്‌കോസ് ഐലൻഡ്‌സ് പൊലീസ് ഫോഴ്‌സ് അറിയിച്ചു. വെടിവയ്പ്പ് ശബ്ദം കേട്ടെന്ന റിപ്പോർട്ടിനെത്തുടർന്ന് പൊലീസ് മെഡിക്കൽ ഉദ്യോഗസ്ഥരോടൊപ്പം അവിടെ എത്തിച്ചേർന്നു. വെടിയേറ്റ നിലയിൽ മൂന്ന് പേരെ കണ്ടെത്തി, അതിൽ ഒരാൾ സംഭവസ്ഥലത്തും മറ്റൊരാൾ ആശുപത്രിയിലുമാണ് മരിച്ചത്.
കുക്ക് കൗണ്ടി ഡിപാർട്ട്‌മെന്റ് ഓഫ് കറക്ഷൻസിൽ 20 വർഷത്തെ പരിചയസമ്പന്നയായ ഷാമോൺ ഡങ്കൻ (50), ടർക്‌സ് ആൻഡ് കെയ്‌കോസ് നിവാസിയായ ഡാരിയോ സ്റ്റബ്‌സ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്. 29 വയസ്സുള്ള മൂന്നാമത്തെ ആൾ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.