ഡീക്കൻ ജെസ്റ്റിൻ കൈമലയിൽ പൗരോഹിത്യം സ്വീകരിച്ചു; അനുമോദനവുമായി ഫിലഡൽഫിയ ഇടവക

Mail This Article
ഫിലഡൽഫിയ ∙ ഡീക്കൻ ജെസ്റ്റിൻ കൈമലയിൽ പൗരോഹിത്യം സ്വീകരിച്ചു. മെൽബൺ സിറോ മലബാർ രൂപതാ ബിഷപ് മാർ ജോൺ പനംതോട്ടത്തിൽ നിന്നാണ് വാഴക്കുളം കർമ്മൽ ആശ്രമ ദേവാലയത്തിൽ വച്ചാണ് തിരുപ്പട്ടം നൽകിയത്.
വാഴക്കുളം കൈമലയിൽ ജോസഫ് തോമസ്, മഞ്ഞപ്ര കൊള്ളാട്ടുകുടി ഷില്ലി ജോസഫ് ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ഫാ. ജെസ്റ്റിൻ. 1991 മേയ് 29നു ജനിച്ച അദ്ദേഹം ആനിക്കാട് സെന്‍റ് ആന്‍റണീസ്, സെന്‍റ് സെബാസ്റ്റ്യൻ സ്കൂളുകളിൽ നിന്നായി പ്രാഥമിക വിദ്യാഭ്യാസവും ഫിലഡൽഫിയ നോർത്ത് ഈസ്റ്റിലുള്ള സാമുവൽ ഫെൽസ് ഹൈസ്കൂളിൽ നിന്നും ഹയർ സെക്കൻഡറി പഠനവും പൂർത്തിയാക്കി. ഫിലഡൽഫിയ സെന്‍റ് തോമസ് സിറോ മലബാർ പള്ളിയിലെ മതബോധന സ്കൂളിൽ നിന്നും വിശ്വാസ പരിശീലനവും നേടി.
2004ൽ കുടുംബത്തോടൊപ്പം യുഎസിൽ എത്തിയ ജെസ്റ്റിൻ ഫിലഡൽഫിയ കമ്മ്യൂണിറ്റി കോളജിൽ ഉപരിപഠനം നടത്തിക്കൊണ്ടിരിക്കെയാണ് പൗരോഹിത്യത്തിലേക്ക് ആകൃഷ്ടനായത്. 2012 ൽ സിഎംഐ. സഭയുടെ കർമ്മൽ പ്രോവിൻസിലെ സെന്‍റ് ജോസഫ് മൈനർ സെമിനാരിയിൽ ചേർന്നു. ഫാ. ജോർജ് കൊച്ചുപറമ്പിൽ, ഫാ. മാർട്ടിൻ കൂട്ടപ്ലാക്കിൽ എന്നിവരുടെ നേതൃത്വത്തിൽ വൈദിക പഠനത്തിനും സന്യാസ ജീവിതത്തിനും തുടക്കം കുറിച്ചു. 2014 ഡിസംബർ 8നു സഭാവസ്ത്രം സ്വീകരിച്ചു. ബെംഗളൂരു ധർമ്മാരാം കോളജിൽ നിന്നു തത്വശാസ്ത്ര പഠനവും ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നു ഡിഗ്രിയും കരസ്ഥമാക്കി. 2022 മേയ് 28ന് നിത്യവൃത സമർപ്പണം നടത്തി. 2024 മാർച്ച് 21നു മാർ അലക്സ് താരാമംഗലത്തിൽ നിന്നും ഡീക്കൻ പട്ടം സ്വീകരിച്ചു. കോതമംഗലം രൂപതയിലെ ഞാറക്കാട് സെന്‍റ് ജോസഫ് ആശ്രമ ദേവാലയത്തിൽ ഫാ. ആന്‍റണി ഓവേലിലിനെ അജപാലന ശുശ്രൂഷയിൽ ആറുമാസം സഹായിച്ചു.
"ഞാൻ എന്തായിരിക്കുന്നുവോ അതു ദൈവകൃപയാൽ" (1 കോറി 15:10) എന്ന പൗലോസ് ശ്ലീഹായുടെ വചനം ആപ്തവാക്യമാക്കിയാണ് പുരോഹിത ദൗത്യം ഏറ്റെടുക്കുന്നത്. ഫിലഡൽഫിയ ഇടവകയിലെ ഫാ. ജോർജ് ദാനവേലിൽ , യൂത്ത് ട്രസ്റ്റി ജെറി പെരിങ്ങാട് എന്നിവരുടെ നേതൃത്വത്തിൽ ഇടവക ജനം നവവൈദികനെ അനുമോദിച്ചു.