യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും ‘സ്റ്റൈലിഷ് ’പ്രഥമവനിത മെലനിയ ട്രംപ് അല്ല, പിന്നെയോ?

Mail This Article
നൂറ്റാണ്ടുകൾ നീളുന്ന ദീർഘ ചരിത്രമുള്ള പദവിയാണ് യുഎസ് പ്രസിഡന്റിന്റേത്. ജോർജ് വാഷിങ്ടൻ, തോമസ് ജെഫേഴ്സൻ, ഏബ്രഹാം ലിങ്കൻ തുടങ്ങി അനേകം പ്രതിഭാധനൻമാരും ധിക്ഷണാശാലികളുമായ പ്രസിഡന്റുമാർ ഈ പദവി അലങ്കരിച്ചിട്ടുണ്ട്. എന്നാൽ യുഎസ് പ്രസിഡന്റിനോളം തന്നെ പ്രശസ്തി നേടും അദ്ദേഹത്തിന്റെ ഭാര്യയും. യുഎസ് പ്രഥമവനിത എന്ന സ്ഥാനമാണ് ഇവർക്ക്.
കൃത്യമായ നിർവചനമുള്ള ഒരു ഔദ്യോഗിക പോസ്റ്റോ ശമ്പളം കിട്ടുന്ന തസ്തികയോ അല്ല പ്രഥമവനിതയുടേത്. എങ്കിലും വലിയ സാംസ്കാരിക സ്വാധീനം അമേരിക്കൻ സമൂഹത്തിൽ പ്രഥമവനിത പുലർത്തുന്നുണ്ട്. അവരുടെ ഇടപെടൽ മുതൽ വസ്ത്രധാരണം വരെ യുഎസിൽ വലിയ ചർച്ചയാകാറുമുണ്ട്. കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഡോണൾഡ് ട്രംപ് വീണ്ടും സത്യപ്രതിജ്ഞ ചെയ്തതോടെ മെലനിയ ട്രംപ് ഒരിക്കൽകൂടി പ്രഥമവനിതയായി. സ്ലാവിക് വംശജയും മുൻകാല മോഡലുമായ മെലനിയ സ്റ്റൈലിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാത്തയാളാണ്. എന്നാൽ യുഎസ് ഫാഷൻ പണ്ഡിതരുടെ അഭിപ്രായത്തിൽ മെലനിയയല്ല ഏറ്റവും സ്റ്റൈലിഷായ യുഎസ് പ്രഥമവനിത. ലിസ്റ്റിൽ പത്താം സ്ഥാനത്താണു മെലനിയ.
1933 മുതൽ 1945 വരെ യുഎസ് ഭരിച്ച പ്രസിഡന്റ് റൂസ്‌വെൽറ്റിന്റെ ഭാര്യ എലനോറാണ് ലിസ്റ്റിൽ ഒൻപതാം സ്ഥാനത്ത്. ഇന്നത്തെ കാലത്തെ പോലെ വലിയ ഫാഷൻ സെൻസൊന്നും ഇല്ലാത്ത കാലമായിരുന്നു അത്. ലോകയുദ്ധങ്ങളും രാഷ്ട്രീയ സംഘർഷങ്ങളുമൊക്കെ നിറഞ്ഞ ഒരു കാലം. ലാളിത്യത്തിലൂന്നിയുള്ള ഫാഷനായിരുന്നു എലനോറിന്റേതെന്ന് വിദഗ്ധർ പറയുന്നു. എങ്കിലും ക്ലാസായിരുന്നു അവരുടെ ഫാഷൻ. ഫാഷൻ മാത്രമല്ല, സാമൂഹ്യപ്രവർത്തനത്തിലും അവർ മുന്നിലായിരുന്നു. മനുഷ്യാവകാശ വിളംബരം തയാറാക്കുന്നിതലൊക്കെ അവരുടെ സംഭാവനകളുണ്ടായിരുന്നു. ഇന്നും യുഎസ് സമൂഹത്തിൽ വളരെ ബഹുമാനിക്കപ്പെടുന്ന പ്രഥമവനിതയാണ് എലനോർ.

എട്ടാം സ്ഥാനത്ത് ഇപ്പോൾ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ജോ ബൈഡന്റെ ഭാര്യ ജിൽ ആണ്. ഡോക്ടറേറ്റുള്ള ഇവർ സാമൂഹ്യ, വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ എന്നും മുന്നിലുണ്ടായിരുന്നു. എന്നാൽ നിറപ്പകിട്ടോടുകൂടിയ വസ്ത്രങ്ങളണിയുന്ന ജില്ലിന്റെ ഫാഷൻ സെൻസ് പലപ്പോഴും ചർച്ചയായിട്ടുണ്ട്. ബ്രൻഡൻ മാക്സ്വെൽ, ഗബ്രിയേല ഹേർസ്റ്റ് തുടങ്ങിയ ഡിസൈനർമാരുടെ സൃഷ്ടികളോടാണ് ജില്ലിനു പ്രിയം. ഫുൾ സ്ലീവുള്ള ജാക്കറ്റുകളും മിഡി സ്കർട്ടുകളുമാണ് അവർ പലപ്പോഴും തിരഞ്ഞെടുക്കുന്ന വേഷം.

ഏഴാം സ്ഥാനത്ത് എത്തിയത് 1993 മുതൽ 2001 വരെ പ്രസിഡന്റായിരുന്നു ബിൽ ക്ലിന്റന്റെ ഭാര്യ ഹിലറി ക്ലിന്റനാണ്. ഒരു പ്രഥമവനിതയ്ക്കപ്പുറം മികവുറ്റ രാഷ്ട്രീയ പ്രവർത്തക കൂടിയായ ഹിലറി ആഭ്യന്തര സെക്രട്ടറി ഉൾപ്പെടെ പോസ്റ്റുകൾ വഹിച്ചിരുന്നു. മാറി മറിയുന്ന സ്റ്റൈലുകളാണ് ഹിലറിയുടെ ശൈലി. നിറപ്പകിട്ടേറിയ തിളങ്ങുന്ന വസ്ത്രങ്ങൾ മുതൽ ഡൾ കളറിലെ വസ്ത്രങ്ങൾ വരെ അവർക്കിഷ്ടമാണ്. മിഡികൾ, ട്രൗസറുകൾ, സ്യൂട്ടുകൾ, ഗൗണുകൾ തുടങ്ങി പലതരം വസ്ത്രങ്ങളും അവർ ധരിച്ചിരുന്നു. റാൽഫ് ലോറൻ, ജോർജിയോ അർമാനി, മൈക്കൽ കോർസ് തുടങ്ങിയവരുെടയൊക്കെ ഡിസൈനുകൾ അവർക്കിഷ്ടമാണ്.
1953 മുതൽ 1961 വരെ യുഎസ് ഭരിച്ച ഐസനോവറുടെ ഭാര്യ മാമി ഐസനോവറാണ് ആറാം സ്ഥാനത്ത്. പിങ്ക് ഡ്രസുകളും പേൾ മാലകളുമായിരുന്നു അവരുെട ഫാഷൻ ഐഡന്റിറ്റി. മാമി പിങ്ക് എന്നൊരു നിറം പോലും അവരുെട പേരിൽ അറിയപ്പെടുന്നു. വസ്ത്രത്തിനു യോജിക്കുന്ന ഹാറ്റുകളും കയ്യുറകളും അണിഞ്ഞ അവർ അൻപതുകളിലെ യുഎസ് വനിതകളുടെ ഫാഷൻ വഴികാട്ടിയുമായിരുന്നു.

യുഎസിന്റെ പ്രശസ്തനായ പ്രസിഡന്റ് റൊണാൾഡ് റീഗന്റെ ഭാര്യയും 1981 മുതൽ 89 വരെ പ്രഥമവനിതയുമായ നാൻസി റീഗൻ അഞ്ചാം സ്ഥാനത്താണ്. വ്യത്യസ്തമായ ആഭരണങ്ങളായിരുന്നു അവരുടെ മുഖമുദ്ര, വളരെ നിറപ്പകിട്ടും വ്യത്യസ്തതയുള്ളതുമായ വസ്ത്രങ്ങളും നാൻസിക്ക് ഇഷ്ടമായിരുന്നു.

നാലാം സ്ഥാനത്ത് 2009 മുതൽ 2017 വരെ യുഎസ് ഭരിച്ച ബറാക് ഒബാമയുടെ ഭാര്യയും പ്രശസ്തയുമായ മിഷേൽ ഒബാമയാണ്. വളരെ ആകർഷകമായ വ്യക്തിത്വമുള്ള മിഷേൽ നല്ലൊരു എഴുത്തുകാരിയും പ്രാസംഗികയും കൂടിയാണ്. ജേണൺ വൂ എന്ന ഡിസൈനറിന്റെ ഡിസൈനുകളാണ് അവർ കൂടുതലും അണിഞ്ഞത്. സ്ലീവ്ലെസ് വസ്ത്രങ്ങളോടുള്ള അവരുടെ താൽപര്യവും വളരെ പ്രശസ്തമാണ്. 1963 മുതൽ 69 വരെ യുഎസ് പ്രസിഡന്റായിരുന്ന ലിൻഡൻ ബി ജോൺസന്റെ ഭാര്യ ലേഡി ബേഡ് ജോൺസൻ മൂന്നാം സ്ഥാനത്താണ്. മഞ്ഞനിറത്തിലെ വസ്ത്രങ്ങളായിരുന്നു ഇവർക്കേറെയിഷ്ടം. 1974 മുതൽ 1977 വരെ യുഎസ് പ്രസിഡന്റായിരുന്ന ജെറൾഡ് ഫോർഡിന്റെ ഭാര്യ ബെറ്റി ഫോർഡാണു രണ്ടാം സ്ഥാനത്തുള്ള പ്രഥമവനിത. യുഎസിൽ പല സാമൂഹ്യക്ഷേമപദ്ധതികളും നടപ്പിലാക്കുന്നതിൽ വലിയ പങ്കുവഹിച്ച ബെറ്റി ഫാഷന്റെ കാര്യത്തിലും പിന്നാക്കമല്ലായിരുന്നു. സ്യൂട്ടുകൾ, ലോങ് ലൈൻ വസ്ത്രങ്ങൾ തുടങ്ങിയവയ്ക്കായിരുന്നു അവർക്ക് താൽപര്യം.
അപ്പോൾ ഏറ്റവും സ്റ്റൈലിഷായ പ്രഥമവനിത? അത് സാക്ഷാൽ ജാക്വിലിൻ കെന്നഡി തന്നെയാണ്. 1961 മുതൽ 63 വരെ രണ്ടുവർഷമേ പ്രഥമവനിതയായുള്ളുവെങ്കിലും ജാക്വിലിൻ നേടിയ പ്രശസ്തി മറ്റെല്ലാവർക്കും അപ്പുറമാണ്. യുഎസ് സാംസ്കാരിക മേഖലയിൽ തന്നെ വലിയൊരു സ്ഥാനം ജോൺ എഫ്. കെന്നഡിയുടെ ഭാര്യയ്ക്കുണ്ട്. സ്യൂട്ടുകൾ, വ്യത്യസ്ത ഹാറ്റുകൾ എല്ലാത്തിനുമുപരി സൺഗ്ലാസുകൾ എന്നിവയായിരുന്നു ജാക്വിലിന്റെ മുഖമുദ്ര. വൈറ്റ്ഹൗസിൽ ഒരു വിപ്ലവം തന്നെ ഇവർ കൊണ്ടുവന്നു. ജോൺ എഫ്. കെന്നഡിയുടെ അകാല മരണത്തിനു ശേഷം അവർ പിന്നീട് ഗ്രീക്ക് ബിസിനസ് ഭീമനായ അരിസ്റ്റോട്ടിൽ ഒനാസിസിനെ വിവാഹം കഴിച്ചു. ഒനാസിസിന്റെ മരണശേഷം ബെൽജിയൻ വംശജനായ മോറിസ് ടെംപിൾസ്മാനായിരുന്നു ജാക്വിലിന്റെ ജീവിത പങ്കാളി. 1994ലാണ് ജാക്വിലിൻ അന്തരിച്ചത്.