കലിഫോർണിയയിൽ ഭീതി പരത്തിയ ‘സീരിയൽ റേപിസ്റ്റ്’ ജയിൽ മോചിതനായി; വൻ വിമർശനം

Mail This Article
കലിഫോർണിയ∙ 1980കളിൽ സ്ത്രീകളെ ലൈംഗികമായി ആക്രമിച്ചിരുന്ന ‘സീരിയൽ റേപിസ്റ്റ്’ അൽവിൻ റേ ക്വാർലസ് (62) പുറത്തിറങ്ങി. മോട്ടൽ മുറികളിലേക്ക് കയറി സ്ത്രീകളെ കത്തിമുനയിൽ വച്ച് ലൈംഗികമായി ആക്രമിക്കുകയും അവരുടെ പങ്കാളിയെ പീഡനം കാണുന്നതിന് ഭീഷണിപ്പെടുത്തിയിരുന്ന ക്വാർലസ് 1987 മുതൽ 1988 വരെ ഒട്ടറെ അക്രമങ്ങൾ നടത്തി. 1989ൽ അദ്ദേഹം നാല് പീഡനകേസുകളിൽ കുറ്റവാളിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 50 വർഷത്തേക്ക് ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടു.
ഒന്നിലധികം മാനസിക പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ക്വാർലസിനെ കോലിംഗ സംസ്ഥാന ആശുപത്രിയിൽ ഏകദേശം ഒരു പതിറ്റാണ്ടോളം മാനസിക രോഗ ചികിത്സയ്ക്ക് വിധേയനാക്കി. 2024 ഡിസംബർ 24ന് സാൻഡിയേഗോ സുപ്പീരിയർ കോടതി ജഡ്ജി മരിയൻ ഗാസ്റ്റൺ ക്വാർലസിനെ താൽക്കാലികമായി പുറത്തിറക്കാൻ ഉത്തരവിട്ടു. ജനുവരി 21ന് അദ്ദേഹം താൽക്കാലികമായി പുറത്തിറങ്ങി, ഇപ്പോൾ 1138 ക്ലസ്റ്റർ റോഡിൽ താമസിക്കുന്നു. മുൻപ് നിയമനടപടികൾ നടക്കുന്ന സമയത്ത് ലൈംഗിക കുറ്റവാളികളെ പാർപ്പിച്ചിരുന്ന സ്ഥലമാണിത്.
അൽവിൻ റേ ക്വാർലസ് ലൈംഗിക കുറ്റവാളികളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ടെന്ന് സാൻഡിയേഗോ കൗണ്ടി ഷെരിഫ്സ് ഓഫിസ് അറിയിച്ചു. ജയിൽ മോചനത്തിന് ശേഷം ക്വാർലസ് ലിബർട്ടി ഹെൽത്ത് കെയറിന്റെ 24 മണി നിരീക്ഷണത്തിലാണ്.
'മെഗൻസ് ലോ' പ്രകാരം, ഉദ്യോഗസ്ഥർ ക്വാർലസ് താമസിക്കുന്ന സമൂഹത്തിൽ അദ്ദേഹത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകും. അതിലൂടെ അവർക്ക് സ്വയം സംരക്ഷിക്കാനും തങ്ങളുടെ കുടുംബത്തെ സംരക്ഷിക്കാനും കഴിയുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ക്വാർലസ് ഇപ്പോഴും പൊതുസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ജയിൽ മോചനം റദ്ദാക്കണമെന്ന് പലകോണുകളിൽ നിന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.