ഉപദേശം പിടിച്ചില്ല; 'കത്തീഡ്രലിലെ ശുശ്രൂഷ വളരെ മോശം': പുരോഹിത വെറുപ്പിച്ചുകളഞ്ഞെന്ന് ട്രംപ്

Mail This Article
വാഷിങ്ടൻ ∙ കുടിയേറ്റക്കാരോടും ട്രാൻസ്ജെൻഡറുകളോടും കരുണ കാണിക്കണമെന്ന് രാവിലെ പള്ളിയിലെ പ്രഭാഷണത്തിൽ ഉപദേശിച്ച പുരോഹിതയ്ക്ക് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിമർശനം.
ചൊവ്വാഴ്ച രാവിലെ വാഷിങ്ടൻ നാഷനൽ കത്തീഡ്രലിൽ പ്രാർഥനാ ശുശ്രൂഷയിൽ വൈസ് പ്രസിഡന്റ് വാൻസിനും കുടുംബാംഗങ്ങൾക്കുമൊപ്പം പങ്കെടുത്ത ട്രംപിനോട് നയം പുനരാലോചിക്കാൻ ആഹ്വാനം ചെയ്ത എപ്പിസ്കോപ്പൽ ബിഷപ് മരിയൻ എഡ്ഗർ ബഡിക്കാണ് പിന്നീട് അദ്ദേഹത്തിന്റെ വിമർശനം കേൾക്കേണ്ടിവന്നത്. അനധികൃത കുടിയേറ്റം നിയന്ത്രിക്കാനും ട്രാൻസ്ജെൻഡർ വിഭാഗത്തെ നിരാകരിക്കാനും ഒന്നാം ദിവസം തന്നെ ട്രംപ് നടപടിയെടുത്ത സാഹചര്യത്തിലായിരുന്നു പുരോഹിതയുടെ അഭ്യർഥന.
മരിയൻ പ്രസംഗിക്കുമ്പോൾ ട്രംപും വാൻസും അനിഷ്ടത്തോടെ മുഖം ചുളിക്കുന്നുണ്ടായിരുന്നു. ട്രംപിന്റെ ദേഷ്യം മുഖത്തുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാവം എന്തെന്നറിയാൻ ആകാംക്ഷയോടെ നോക്കുന്ന വാൻസിനെയും വിഡിയോകളിൽ കാണാം.
ശുശ്രൂഷ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ട്രംപിനോട് മാധ്യമസംഘത്തിൽനിന്നു ചോദ്യമെത്തി: ശുശ്രൂഷയെപ്പറ്റി എന്തു പറയുന്നു. ‘നന്നായെന്നു തോന്നിയില്ല, മെച്ചപ്പെടുത്താമായിരുന്നു’ എന്നു മറുപടി നൽകി ട്രംപ് നടന്നുനീങ്ങി. വെറുപ്പിച്ചു കളഞ്ഞെന്നും ശുശ്രൂഷ മുഷിപ്പിക്കുന്നതായിരുന്നെന്നും പിന്നീടും വിമർശിച്ച ട്രംപ് സ്വന്തം സമൂഹമാധ്യമ പ്ലാറ്റ്ഫോമിൽ ദേഷ്യം വ്യക്തമാക്കി: ‘ബിഷപ്പെന്നു പറയപ്പെടുന്ന’ അവർ ‘തീവ്ര ഇടത് അനുഭാവിയായ ട്രംപ് വിരോധിയാണ്’.