മൂന്നു വിവാഹങ്ങളും ‘ഹൈ പ്രൊഫൈൽ’ പ്രണയങ്ങളും; പ്രതിസന്ധി കാലത്ത് ട്രംപിനെ പിന്തുണച്ച മുൻ കാമുകി

Mail This Article
വാഷിങ്‌ടൻ∙ മൂന്നു തവണ വിവാഹം കഴിച്ചിട്ടുണ്ട് ഡോണൾഡ് ട്രംപ്. എന്നാൽ വിവാഹങ്ങൾക്കപ്പുറം ചില ഹൈ പ്രൊഫൈൽ പ്രണയങ്ങളും യുഎസ് പ്രസിഡന്റിന്‍റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ഇക്കൂട്ടത്തിൽ പ്രശസ്തമാണ് അലിസൻ ജിയാനിനിയുടേത്. രണ്ടാം ഭാര്യയായ മാർല മേപ്പിൾസുമായി വേർപിരിഞ്ഞ ശേഷമാണ് ട്രംപ് അലിസനുമായി പ്രണയത്തിലായത്. 1997ൽ ആയിരുന്നു ഇത്.
അന്ന് അലിസന് 27 വയസ്സ്, ട്രംപിന് 50. അക്കാലത്തൊരിക്കൽ ഇരുവരും ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയിരുന്നു. അന്ന് ബിൽതുകയുടെ രണ്ടരയിരട്ടി തുക ട്രംപ് വെയ്റ്റർക്ക് ടിപ് നൽകിയെന്നും അലിസൻ ഓർമിച്ചിരുന്നു. ട്രംപിനെതിരെ പല ആരോപണങ്ങളും പിൽക്കാലത്ത് ഉയർന്നിട്ടുണ്ടെങ്കിലും ആളൊരു മാന്യനായിരുന്നു എന്നാണ് അലിസന്‍റെ അഭിപ്രായം. എന്നാൽ ഹ്രസ്വകാലത്തെ പ്രണയത്തിനു ശേഷം ഇരുവരും വേർപിരിഞ്ഞു.
എന്നാൽ ട്രംപുമായുള്ള പ്രണയകാലം തന്‍റെ ജീവിതത്തെ മാറ്റിമറിച്ചെന്ന് അലിസൻ പറഞ്ഞിട്ടുണ്ട്. അലിസൻ ശ്രദ്ധേയയായിക്കൊണ്ടിരുന്ന കാലമാണ് അത്. കാശൊന്നും ചുമ്മാതെ കളയരുതെന്നും കലിഫോർണിയയിലെ റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കണമെന്നും ട്രംപ് അലിസനോട് പറഞ്ഞു. കലിഫോർണിയയിലെ ഭൂമിവില എന്നും കൂടിക്കൊണ്ടിരിക്കുമെന്നായിരുന്നു ട്രംപിന്‍റെ ദീർഘദർശനം. അലിസൻ ഇതനുസരിച്ചു. തനിക്കിന്ന് ധാരാളം സ്വത്തുണ്ടെന്നും റിയൽ എസ്റ്റേറ്റ് ഏജന്‍റെന്ന നിലയിലും തന്‍റെ ജീവിതം വിജയകരമായെന്നും അതെല്ലാം ട്രംപിന്‍റെ ഉപദേശം അനുസരിച്ചതുകൊണ്ടാണെന്നും അലിസൻ ഓർമിക്കുന്നു.

മറ്റൊരു മോഡലും ട്രംപിന്‍റെ കാമുകിയായിരുന്നു. ന്യൂസീലൻഡിൽ നിന്നുള്ള കൈലി ബാക്സാണ് അത്. തൊണ്ണൂറുകളിൽ കൈലി ലോകപ്രശസ്തയായിരുന്നു. പാരിസ്, ന്യൂയോർക്, ലണ്ടൻ ഫാഷൻ വീക്കുകളിലൊക്കെ അവർ പങ്കെടുത്തിട്ടുമുണ്ട്. ഇന്ന് 45 വയസ്സു പിന്നിട്ട കൈലി ക്രിസ്ത്യൻ ഡയർ, ഷനൽ, ഗുച്ചി, ക്രിസ്ത്യൻ ലക്രോക്സ് തുടങ്ങിയ പ്രശസ്ത ബ്രാൻഡുകളുമായും ബന്ധപ്പെട്ടിരുന്നു. എന്നാൽ പിൽക്കാലത്തു മോഡലിങ് ജീവിതം വിട്ട കൈലി കുതിരയോട്ടത്തിൽ തന്‍റെ മികവു തെളിയിച്ചു. ജന്മനാടായ ന്യൂസീലൻഡിൽ വലിയൊരു ഹോഴ്സ് റേസിങ് പ്രസ്ഥാനത്തിന്‍റെ ഉടമയാണ് കൈലിയിപ്പോൾ. ബ്യൂട്ടി ജനറേഷൻ എന്ന പ്രശസ്ത കുതിരയുടെ ഉടമയും കൈലി തന്നെ. തന്‍റെ യൗവ്വനകാലത്ത് മോഡലായി ഭാഗ്യം പരീക്ഷിക്കാൻ ന്യൂയോർക്കിലെത്തിയപ്പോഴാണ് കൈലി ട്രംപിനെ പരിചയപ്പെടുന്നത്.
ബന്ധം പിരിഞ്ഞെങ്കിലും കൈലിക്കും ട്രംപിനെപ്പറ്റി പറയാൻ നല്ല വാക്കുകളേയുള്ളൂ. 2016 തിരഞ്ഞെടുപ്പിൽ സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ പേരിൽ ട്രംപിനെതിരെ വിമർശനമുയർന്നപ്പോൾ കൈലി രംഗത്തുവരികയും ട്രംപിനെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ട്രംപ് വളരെ ഉദാരമതിയും കരുണയുള്ളയാളും മിടുക്കനുമായിരുന്നെന്നാണ് കൈലിയുടെ അഭിപ്രായം.