ഇതൊക്കെ മനസ്സിലാക്കാൻ ‘കോമൺസെൻസ് ’ മതിയെന്ന് ട്രംപ്; മനസ്സുലച്ച ദുരന്തത്തിന് ഒബാമയ്ക്കും ബൈഡനും പഴി

Mail This Article
വാഷിങ്ടൻ ∙ എല്ലാവരുടെയും മനസ്സുലച്ച ദുരന്തമാണ് തലസ്ഥാനത്തു നടന്നതെന്നും അപകടം ഒഴിവാക്കാനാകുമായിരുന്നെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ഹെലികോപ്റ്ററിന് വിമാനത്തെ നന്നായി കാണാനാകുമായിരുന്നു, വളരെ ചെറിയ ആ സമയപരിധിയിൽ പൈലറ്റിന് തീരുമാനമെടുക്കാൻ കഴിയണമായിരുന്നു’ – ട്രംപ് പറഞ്ഞു.
മുൻ പ്രസിഡന്റുമാരായ ബറാക് ഒബാമയെയും ജോ ബൈഡനെയും ട്രംപ് അപകട പശ്ചാത്തലത്തിൽ വിമർശിച്ചു. ‘ഇവർ സൈന്യത്തിൽ മികവ് ഉറപ്പാക്കുന്നതിനു പകരം രാഷ്ട്രീയത്തിനു മുൻതൂക്കം നൽകി നയങ്ങൾ അത്തരത്തിലാക്കി’ – ട്രംപ് പറഞ്ഞു. സൈന്യത്തിലുൾപ്പെടെ വംശീയ വൈവിധ്യം ഉൾപ്പെടുത്തുന്നതിനായി വാദിക്കുന്ന ഡിഇഐ നയത്തെയും ട്രംപ് വിമർശിച്ചു. അപകടത്തിനു കാരണം ഈ ‘വൈവിധ്യനയം’ ആണെന്നു പറയാൻ എന്താണടിസ്ഥാനമെന്നു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, ‘ കോമൺസെൻസ് ’ എന്നായിരുന്നു ട്രംപിന്റെ മറുപടി.
‘ഹെലികോപ്റ്ററും വിമാനവും വിപരീത ദിശയിൽ, ഒരേ ഉയരത്തിലായിരുന്നു. ആ ഉയരത്തിൽനിന്ന് ഹെലികോപ്റ്ററിനെ മാറ്റാൻ നടപടി വേണ്ടിയിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ ഉചിതമായ തീരുമാനം അതിവേഗം കൈക്കൊള്ളാൻ മാനസികമായി ശേഷിയുള്ളവർ തലപ്പത്തുണ്ടാകണം. എയർ ട്രാഫിക് കൺട്രോളിൽ ഇരിക്കുന്നവർ ജീനിയസുകൾ ആയിരിക്കണം. ഹെലികോപ്റ്റർ ആ സമയം നൈറ്റ് വിഷൻ മോഡാണോ ഉപയോഗിച്ചിരുന്നത് എന്നതടക്കമുള്ള വിവരങ്ങൾ അന്വേഷണത്തിൽ പുറത്തുവരും. റഷ്യൻ യാത്രക്കാരുടെ ഭൗതികാവശിഷ്ടങ്ങൾ അവരുടെ നാട്ടിലെത്തിക്കുന്നതിനു വേണ്ട പിന്തുണ നൽകും. റഷ്യയുമായി ബന്ധപ്പെട്ടിട്ടുണ്ട്. അപകടത്തിൽ മരിച്ച മറ്റു രാജ്യക്കാരുടെ കാര്യം ആ രാജ്യങ്ങളെ അറിയിച്ചു. മരിച്ച എല്ലാവരുടെയും പേരുകൾ വെളിപ്പെടുത്തും’ – ട്രംപ് പറഞ്ഞു.