യുഎസിലെ അനധികൃത കുടിയേറ്റം നിയന്ത്രിക്കാൻ നടപടി; ഗ്വാണ്ടനാമോ ബേയിൽ കുടിയേറ്റക്കാർക്കായി തടവറ

Mail This Article
വാഷിങ്ടൻ ∙ ക്യൂബയ്‌ക്കു സമീപം ഗ്വാണ്ടനാമോ ബേയിലുള്ള യുഎസ് നാവികസേനാ കേന്ദ്രത്തിൽ അനധികൃത കുടിയേറ്റക്കാരിലെ ക്രിമിനലുകളെ പാർപ്പിക്കാൻ പുതിയ തടവറ നിർമിക്കും. 30,000 പേരെ ഉൾക്കൊള്ളുന്ന ഇപ്പോഴത്തെ സംവിധാനത്തിന്റെ ശേഷി ഇരട്ടിയാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പിട്ടു. പ്രധാനമായും ക്രിമിനൽ പശ്ചാത്തലമുള്ള അനധികൃത കുടിയേറ്റക്കാരെയാണ് പുതിയ തടവറയിൽ അടയ്ക്കുന്നത്.
കൊടും ക്രിമിനലുകളെ തിരിച്ചയച്ചാലും മടങ്ങിയെത്താനുള്ള സാധ്യത നിലനിൽക്കുന്നതു കൊണ്ടാണ് ഇത്തരമൊരു സംവിധാനം കൊണ്ടുവരുന്നതെന്ന് ട്രംപ് വിശദീകരിച്ചു. അനധികൃത കുടിയേറ്റക്കാർക്കായി ഇപ്പോൾത്തന്നെ ഗ്വാണ്ടനാമോയിൽ കേന്ദ്രമുണ്ട്. ഇതിനെപ്പറ്റിയുള്ള ചോദ്യത്തിനു മറുപടിയായി, ഈ കേന്ദ്രം ജയിലല്ലെന്നാണ് ബൈഡൻ ഭരണകൂടം അറിയിച്ചിരുന്നത്.
കുടിയേറ്റക്കാരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ അംഗീകാരം നേടിയ ‘ലേക്കൻ റൈലി ആക്ട്’ ട്രംപ് ബുധനാഴ്ച ഒപ്പിട്ടു നിയമമാക്കി. കടയിൽനിന്നു സാധനങ്ങൾ മോഷ്ടിക്കുന്നതും ഭവനഭേദനവും ഉൾപ്പെടെ കുറ്റങ്ങൾ ആരോപിക്കപ്പെടുന്ന അനധികൃത കുടിയേറ്റക്കാരുടെ അറസ്റ്റ് വ്യവസ്ഥ ചെയ്യുന്നതാണിത്. ഭാവി ഭരണകൂടങ്ങൾ കുടിയേറ്റനിയമ ലംഘനങ്ങൾക്കു തുനിഞ്ഞാൽ സംസ്ഥാനങ്ങൾക്ക് നടപടി സ്വീകരിക്കാനാകുമെന്ന വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുള്ള കാര്യം ട്രംപ് എടുത്തു പറഞ്ഞു.
ഭീകരകുറ്റവാളികൾക്കായി 2002ൽ യുഎസ് സ്‌ഥാപിച്ച തടവറയുടെ പേരിലാണ് ഗ്വാണ്ടനാമോ കുപ്രസിദ്ധമായത്. 2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണങ്ങൾക്കുശേഷം യുഎസ് കസ്റ്റഡിയിലെടുത്തവരാണ് പ്രധാനമായും അന്തേവാസികൾ. ഗ്വാണ്ടനാമോയിലെ അതിക്രൂരമായ പീഡനങ്ങൾ വിമർശനത്തിന് ഇടയാക്കിയിരുന്നു.