അപ്രതീക്ഷിത ഭാഗ്യം; പുതുവത്സര നറുക്കെടുപ്പിൽ 8 കോടി ബംപർ നേടി വീട്ടമ്മ

Mail This Article
വെർജീനിയ ∙ അപ്രതീക്ഷിത 'ഭാഗ്യം' വെർജീനിയൻ സ്വദേശിനിയായ ജാക്വിലിൻ മാൻഗസിന് നേടി കൊടുത്തത് 10 ലക്ഷം ഡോളർ. (8,66,08,500 ഇന്ത്യൻ രൂപ). വെർജീനിയ ലോട്ടറിയുടെ പുതുവത്സര മില്യണയർ നറുക്കെടുപ്പിലൂടെയാണ് ജാക്വിലിൻ ലക്ഷാധിപതിയായത്.
ടെലിവിഷനിൽ വാർത്ത കാണുന്നതിനിടെ ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് ഫലം കണ്ടപ്പോഴാണ് താനെടുത്ത ടിക്കറ്റിന്റെ കാര്യം ജാക്വിലിൻ ഓർക്കുന്നത് തന്നെ. ടിക്കറ്റ് വെച്ച സ്ഥലം തിരഞ്ഞ് വീട്ടിനുള്ളിൽ ഓടി നടന്ന ജാക്വിലിൻ ബൈബിളിനുള്ളിൽ ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന ടിക്കറ്റ് കണ്ടെത്തി. അപ്പോഴും താനാണ് ലക്ഷാധിപതിയെന്ന് ജാക്വിലിന് മനസിലായിരുന്നില്ല. വെർജീനിയിലെ മൊനേറ്റയിലെ ലേക്ക് മാർട്ട് ആൻഡ് ഡെലിയിൽ നിന്നാണ് ജാക്വിലൻ ടിക്കറ്റ് വാങ്ങിയത്.
ടിക്കറ്റിന്റെ നമ്പർ നറുക്കെടുപ്പ് ഫലത്തിൽ പരിശോധിച്ചപ്പോഴാണ് 10 ലക്ഷം ഡോളർ ലോട്ടറി അടിച്ചത് തനിക്കാണെന്ന് ജാക്വിലിന് മനസിലായത്. അപ്രതീക്ഷിതമായി ലഭിച്ച ഭാഗ്യം വിശ്വസിക്കാനാകായില്ലെന്ന് ജാക്വിലിൻ പ്രതികരിച്ചു. 10 ലക്ഷം ഡോളർ എന്തു ചെയ്യുന്നുവെന്നു ചോദിച്ചാൽ തൽക്കാലം പുറത്ത് പറയാൻ താൽപര്യമില്ലെന്നാണ് ജാക്വിലിന്റെ മറുപടി. എന്തായാലും അപ്രതീക്ഷിത ഭാഗ്യത്തിൽ അങ്ങേയറ്റം സന്തോഷവതിയാണ് ജാക്വിലിൻ.