ക്രൂരത വളർത്തു നായ്ക്കളോടും, ഉപേക്ഷിച്ചത് കനത്ത തണുപ്പിലേയ്ക്ക്; ടെക്സസിൽ സ്ത്രീ അറസ്റ്റിൽ

Mail This Article
ഡാലസ്∙ കനത്ത തണുപ്പിൽ വളർത്തു നായ്ക്കളെ ഉപേക്ഷിച്ച് ക്രൂരത കാട്ടിയ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. വാൻ സാൻഡ് കൗണ്ടിയിലെ കാത്ലീൻ മേരി കർട്ടിസ് എന്ന സ്ത്രീയെയാണ് വളർത്തു മൃഗങ്ങളോട് ക്രൂരത കാണിച്ചതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
മൃഗങ്ങളോട് ക്രൂരത കാട്ടിയതിനും മോശം കാലാവസ്ഥയിൽ വഴിയിൽ ഉപേക്ഷിച്ച കുറ്റത്തിനും 10,000 ഡോളർ വീതമാണ് പിഴചുമത്തിയത്. പുറത്ത് 23 ഡിഗ്രി തണുപ്പിൽ മരവിച്ച അവസ്ഥയിലാണ് 2 നായ്ക്കളെ പൊലീസ് കണ്ടെടുത്തത്. പ്രദേശത്തെ റോഡ് സൈഡിലെ ഇരിപ്പിടത്തിൽ ആണ് തണുത്ത് വിറച്ച് അവശ നിലയിലായ 2 നായ്ക്കളെ കണ്ടെത്തിയത്. പൊലീസ് ഉടൻ തന്നെ ഡാലസിലെ മൃഗാശുപത്രിയിലെത്തിച്ച് നായ്ക്കൾക്ക് മികച്ച ചികിത്സയും പരിചരണവും നൽകി.
ഉപേക്ഷിക്കപ്പെട്ട നായ്|ക്കളിൽ മുതിർന്ന റോട്ട്വീലറിന്റെ കണ്ണിൽ അണുബാധ രൂക്ഷമായിരുന്നു. ശരീരത്ത് ചെള്ളുകൾ നിറഞ്ഞതും ഗുരുതരമായ ദന്തരോഗവും ശരീരത്താകമാനം ചൊറിച്ചിലും തുടങ്ങി ആരോഗ്യാവസ്ഥ മോശമായ നിലയിലായിരുന്നു നായ്ക്കൾ. മികച്ച പരിചരണവും ചികിത്സയും നൽകിയ നായ്ക്കളുടെ ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.